|    Dec 16 Sun, 2018 2:09 am
FLASH NEWS
Home   >  Sports  >  Football  >  

ഇത്തവണത്തെ ലോക കപ്പ് വിജയിയെ അച്ചിലെസ് പ്രവചിക്കും

Published : 10th June 2018 | Posted By: mtp rafeek


മോസ്‌കോ: 2018ലെ റഷ്യന്‍ ലോക കപ്പ് ആര് നേടും? വാദപ്രതിവാദങ്ങളും വാതുവയ്പ്പുകളും കൊഴുക്കുകയാണ്. കൂട്ടിയും കിഴിച്ചും നോക്കിയിട്ടും മുന്‍കാല റെക്കോഡുകള്‍ പരിശോധിച്ചിട്ടും ഉത്തരം കിട്ടാത്തവര്‍ക്ക് അച്ചിലെസിനെ സമീപിക്കാം. ആരാണ് അച്ചിലെസ് എന്നാലോചിച്ച് തലപുകയ്ക്കണ്ട. ആളൊരു പൂച്ചയാണ്, മാത്രമല്ല ഇഷ്ടന് കാതുംകേള്‍ക്കില്ല. റഷ്യന്‍ ലോക കപ്പിന്റെ ഔദ്യോഗിക ഭാവി പ്രവചകനായി അച്ചിലെസിനെ തിരഞ്ഞെടുത്തു കഴിഞ്ഞു. 2010ല്‍  ലോക കപ്പ് വിജയിയെ പ്രവചിച്ച് താരമായ പോള്‍ നീരാളിക്ക് പുതിയൊരു പിന്‍ഗാമി.

ഭക്ഷണം അടങ്ങിയ രണ്ട് പെട്ടികളിലൊന്ന് തിരഞ്ഞെടുത്താണ് പോള്‍ വിജയിയെ തീരുമാനിച്ചതെങ്കില്‍ വിവിധ  ടീമുകളുടെ പതാകകള്‍ അടങ്ങിയ പാത്രങ്ങള്‍ വഴിയാണ് അച്ചിലെസ് കപ്പടിക്കുന്ന ടീമിനെ കണ്ടെത്തുക.

സുന്ദരനായത് കൊണ്ടു മാത്രമല്ല അച്ചിലെസിനെ തിരഞ്ഞെടുത്തത്. കാതുകേള്‍ക്കില്ലെന്നതും അച്ചിലെസിനു നറുക്കുവീഴാന്‍ കാരണമായതായി സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഹെര്‍മിറ്റേജ് മ്യൂസിയത്തിലെ പൂച്ചകളുടെ മേല്‍നോട്ടക്കാരിയായ അന്ന കസാറ്റ്കിന പറഞ്ഞു. ചെവികേള്‍ക്കാത്തത് കൊണ്ട് തന്നെ ഹൃദയം കൊണ്ട് കാര്യങ്ങള്‍ ഗ്രഹിക്കുന്ന അച്ചിലെസിന് അന്തര്‍ജ്ഞാനം കൂടുതലാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ലോക പ്രശസ്ത മ്യൂസിയമായ ഹെര്‍മിറ്റേജിന്റെ താഴത്തെ നിലയില്‍ കൂട്ടുകാരോടൊപ്പം എലികളെ വേട്ടയാടിയിരുന്ന അച്ചിലെസിന് പുതിയ താവളമൊരുങ്ങും. തൊട്ടടുത്തുള്ള കാറ്റ്‌റിപബ്ലിക് എന്ന കഫേയിലായിരിക്കും ഇനി അച്ചിലെസിന്റെ വാസം. ടൂര്‍ണമെന്റിലുടനീളം അതിഥികളുമായി കാണാനും മറ്റും കൂടുതല്‍ ചലനസ്വാതന്ത്ര്യം ഇതിലൂടെ അച്ചിലെസിന് ലഭിക്കും.

പോള്‍ നീരാളിയുടെ ആദ്യ പിന്‍ഗാമിയല്ല അച്ചിലെസ്. 2014ല്‍ സ്വിസ് ഗിനിപ്പന്നി മാഡം ശിവയും ബ്രിട്ടീഷ് പിരാന പെലെയും പ്രവചനം നടത്തിയിരുന്നു. എന്നാല്‍, പോളിനെപ്പോലെ പ്രവചനം അച്ചട്ടാക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല. 2010ല്‍ സ്‌പെയ്‌നിന്റെ വിജയം പറഞ്ഞ പോളിനെപ്പോലെ അച്ചിലെസും താരമാവുമോ എന്ന് കാത്തിരുന്ന കാണാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss