|    Sep 24 Mon, 2018 11:45 pm
FLASH NEWS
Home   >  Editpage  >  Editorial  >  

ഇത്തരത്തില്‍ വേണോ യുവജനോല്‍സവം ?

Published : 18th January 2017 | Posted By: fsq

 

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവം ശ്രദ്ധേയമാവുന്നത് വിധിനിര്‍ണയത്തിലെ അവിഹിത ഇടപെടലുകള്‍ ഒഴിവാക്കുന്നതിന് വിദ്യാഭ്യാസവകുപ്പ് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ മൂലമാണ്. നിതാന്തജാഗ്രതയോടെയാണ് സംഘാടകരുടെ കരുനീക്കങ്ങള്‍. വിധികര്‍ത്താക്കള്‍ വിജിലന്‍സ് അധികൃതരുടെ കര്‍ക്കശ നിരീക്ഷണത്തിലാണ്. ഇടനിലക്കാരെ ഒഴിവാക്കി വിധിനിര്‍ണയം കുറ്റമറ്റതാക്കാന്‍ പാടുപെടുകയാണ് അധികൃതര്‍. ചുരുക്കത്തില്‍ യുവജനോല്‍സവത്തിലെ അഴിമതികള്‍ ഇല്ലാതാക്കുന്നതിന് രണ്ടും കല്‍പിച്ചിറങ്ങിയിരിക്കുകയാണ് എല്ലാവരും. അതിന്റെ ആവേശത്തിലാണ് സംഘാടകരും കലാസ്‌നേഹികളും മാധ്യമങ്ങളുമെല്ലാം. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നുവരേണ്ടതാണ്- ഇത്രയധികം പ്രയാസപ്പെട്ട് നടത്തേണ്ട ഒന്നാണോ കലോല്‍സവം? ഒരു യുവജനോല്‍സവം നടത്താന്‍ ഇങ്ങനെയൊരു മഹായുദ്ധം നടത്തേണ്ട ആവശ്യമുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കില്‍ സ്‌കൂള്‍ യുവജനോല്‍സവം നിറവേറ്റുന്ന ദൗത്യത്തെപ്പറ്റി നാം ഗൗരവപൂര്‍വം ആലോചിക്കേണ്ടിവരും. സ്‌കൂള്‍ യുവജനോല്‍സവം നടത്തുന്നത് വിദ്യാര്‍ഥികളിലെ കലാവാസനകള്‍ പരിപോഷിപ്പിക്കാനാണ്. പാട്ടുപാടാനും നൃത്തം ചെയ്യാനും ചിത്രം വരയ്ക്കാനുമുള്ള അവരുടെ കഴിവുകള്‍ വളര്‍ത്താനാണ്. പഴയകാലത്ത് യുവജനോല്‍സവങ്ങള്‍ ഈ നിയോഗം മാത്രമേ പൂര്‍ത്തീകരിച്ചിരുന്നുള്ളൂ. യുവജനോല്‍സവങ്ങളിലൂടെ യേശുദാസും ജയചന്ദ്രനും കെ എസ് ചിത്രയും വിനീതും മഞ്ജുവാര്യരുമടക്കമുള്ള നിരവധി കലാകാരന്മാരും കലാകാരികളും ഉയര്‍ന്നുവന്നിട്ടുണ്ട്. അക്കാലത്ത് വിദ്യാര്‍ഥികളിലും അവരുടെ രക്ഷിതാക്കളിലും സമ്മാനം ലഭിച്ചേ തീരൂ എന്ന വാശിയുണ്ടായിരുന്നില്ല. അതിന്റെ ആത്മസംഘര്‍ഷങ്ങളുണ്ടായിരുന്നില്ല. അതിനാല്‍ സമ്മാനങ്ങള്‍ ലഭിക്കാന്‍ അവര്‍ കരുനീക്കങ്ങള്‍ നടത്തിയിരുന്നില്ല. ഇടനിലക്കാര്‍ അരങ്ങുവാണിരുന്നില്ല. വിധികര്‍ത്താക്കള്‍ കൈക്കൂലി വാങ്ങിയിരുന്നില്ല. ഈ അവസ്ഥയില്‍നിന്ന് അഴിമതി മുച്ചൂടും കീഴടക്കിയ യുവജനോല്‍സവത്തിലേക്കു നാം നടന്നുനീങ്ങിയതെങ്ങനെ? വിജിലന്‍സിനെ ഉപയോഗിച്ച് വിധിനിര്‍ണയം കുറ്റമറ്റതാക്കാന്‍ മെനക്കെേടണ്ട ഗതികേടില്‍ നാം എത്തിയെങ്കില്‍, അതിന്റെ പേരില്‍ ലജ്ജിക്കുക തന്നെ വേണം. യുവജനോല്‍സവങ്ങള്‍ നിയമപാലകരുടെ കര്‍ശനമായ മേല്‍നോട്ടവും പരിശോധനയും ശിക്ഷാനടപടികളും ആവശ്യപ്പെടുന്ന നിലയിലേക്ക് തരംതാെണങ്കില്‍ അതിന്റെ വേദികളില്‍ മുഴങ്ങിക്കേള്‍ക്കുന്നത് കലയുടെ കാല്‍ച്ചിലമ്പൊലികളല്ലെന്നു തീര്‍ച്ച. കല കലയ്ക്കു വേണ്ടിയോ സമൂഹത്തിനു വേണ്ടിയോ ആവാം. പക്ഷേ, പോലിസ് മേല്‍നോട്ടത്തില്‍ നടത്തേണ്ടതല്ല കലാമല്‍സരങ്ങള്‍ എന്നു തീര്‍ച്ച.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss