|    Apr 24 Tue, 2018 1:12 am
FLASH NEWS
Home   >  Editpage  >  Editorial  >  

ഇതൊക്കെയാണോ പുരോഗമനചിന്ത?

Published : 30th April 2016 | Posted By: SMR

പട്ടാമ്പി നിയോജകമണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ സമാദരണീയനായ ഒരു ഇസ്‌ലാമിക പണ്ഡിതന്റെ പേരക്കുട്ടിയാണ്. ഈ പ്രതിച്ഛായ സ്ഥാനാര്‍ഥിക്ക് മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുന്നതു സ്വാഭാവികം തന്നെ. എന്നാല്‍, ഇന്ന ആളുടെ പൗത്രന് വോട്ട് ചെയ്യുകയെന്ന് ഫഌക്‌സ് ബോര്‍ഡ് എഴുതിവച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് അത്ര നിഷ്‌കളങ്കമായ പരിപാടിയാണെന്നു പറയുകവയ്യ. ജാതി-മത-സമുദായ ചിന്തകള്‍ക്കതീതമായി വര്‍ഗരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. രാഷ്ട്രീയത്തെ മതപൗരോഹിത്യത്തിന്റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടുന്നതിനെതിരേ അവര്‍ സദാ ശബ്ദമുയര്‍ത്തുന്നു. പാണക്കാട്ട് തങ്ങന്‍മാരുടെ ജനസമ്മതിയെ വോട്ടാക്കി മാറ്റുന്നതിന്റെ പേരില്‍ മുസ്‌ലിംലീഗ് അവരില്‍നിന്നു കേള്‍ക്കുന്ന ശകാരത്തിനു കണക്കില്ല. എന്നിട്ടിപ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ ചെയ്യുന്നതോ? പ്രായോഗിക രാഷ്ട്രീയത്തിന്റെ ആനുകൂല്യം നല്‍കി അവര്‍ക്ക് മാപ്പുകൊടുക്കാമോ?
ഇതിനേക്കാള്‍ ആക്ഷേപാര്‍ഹമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ ആസ്ഥാനത്ത് ഇടതുസ്ഥാനാര്‍ഥികള്‍ സംഘടിതമായി പിന്തുണ അഭ്യര്‍ഥിക്കാനെത്തിയത്. സ്ഥാനാര്‍ഥിയെന്ന നിലയില്‍ ആര്‍ക്കും എവിടെയും കയറിച്ചെന്ന് വോട്ട് ചോദിക്കാം. രാഷ്ട്രീയനേതാക്കള്‍ക്ക് ആരോടും പിന്തുണ ആവശ്യപ്പെടാം. പക്ഷേ, ഇവിടെ സംഭവിച്ചത് അതൊന്നുമല്ല. മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച നയപരിപാടിയുടെ ഭാഗമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ കാന്തപുരം വിഭാഗത്തിന്റെ വോട്ടുകള്‍ മൊത്തമായി തങ്ങള്‍ക്ക് പതിച്ചുതരണമെന്ന അഭ്യര്‍ഥനയുമായി അദ്ദേഹത്തിന്റെ ആസ്ഥാനത്തെത്തുകയായിരുന്നു. ടിവിയില്‍ കണ്ട ഇരുകൂട്ടരുടെയും ശരീരഭാഷയും സാമാന്യമായി പ്രസ്തുത സമാഗമവേളയില്‍ ഉല്‍പാദിപ്പിക്കപ്പെട്ട അന്തരീക്ഷവും പത്രവാര്‍ത്തകളുമൊക്കെ മുഖവിലയ്‌ക്കെടുക്കാമെങ്കില്‍ ഒരു ‘ഡീല്‍’ ഉരുത്തിരിഞ്ഞുവരുന്നു എന്നു കരുതാവുന്നതാണ്. ഇടതു സ്ഥാനാര്‍ഥികള്‍ ഏതാണ്ട് അങ്ങനെ പറയുകയും ചെയ്തിട്ടുണ്ട്. ഇവിടെയും ഇടതുപക്ഷത്തിന് പ്രഖ്യാപിത നയങ്ങളാണോ അതോ വോട്ടോ പ്രധാനം എന്ന ചോദ്യമുയരുന്നു.
ഇടതുപക്ഷം നാഴികയ്ക്ക് നാല്‍പതുവട്ടം നടത്തിക്കൊണ്ടിരിക്കുന്ന പ്രഖ്യാപനങ്ങള്‍ വച്ചുനോക്കിയാല്‍ കാന്തപുരം വിഭാഗം വളരെയധികം പ്രതിലോമപരമായ സമീപനങ്ങളാണു പുലര്‍ത്തുന്നത് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. സ്ത്രീകള്‍ക്ക് അടുക്കളയില്‍ മാത്രമാണ് ലോകമെന്നും പ്രസവിക്കുകയും കുട്ടികളെ വളര്‍ത്തുകയുമാണ് അവരുടെ നിയോഗമെന്നും ഇടയ്ക്കിടെ പറയാറുള്ളവരാണ് അവര്‍. തങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കലും അംഗീകരിക്കാനാവാത്തത്ര യാഥാസ്ഥിതികരായ കൂട്ടരുടെ വീട്ടുപടിക്കലാണ് പുരോഗമനവാദത്തിന്റെ ആള്‍രൂപങ്ങള്‍, അനുഗ്രഹം തേടി കാത്തുകെട്ടിക്കിടക്കുന്നത്. എന്നുമാത്രമല്ല, കേന്ദ്രം ഭരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ തിരുമുമ്പില്‍ തൊഴുതുനില്‍ക്കുന്ന മതപണ്ഡിതര്‍ എന്ന അപഖ്യാതിയും അവര്‍ക്കുണ്ട്. ഇത്തരക്കാരുടെ പിന്തുണയ്ക്ക് പിന്നാലെ പായുന്നതില്‍ എന്തു കമ്മ്യൂണിസം, എന്തു പുരോഗമനചിന്ത, എന്ത് ഇടതു മൂല്യബോധം?

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss