|    Jan 21 Sat, 2017 2:15 pm
FLASH NEWS

ഇതു കേരളാ പോലിസ് സ്‌റ്റൈല്‍

Published : 14th August 2016 | Posted By: SMR

slug-politicsകരിനിയമങ്ങളുടെ നീരാളിപ്പിടിത്തം ഏതുതരത്തിലാണ് പൗരന്‍മാരെ വരിയുകയെന്നത് പ്രവചനാതീതമായിരിക്കുന്നു. അത് എങ്ങനെവേണമെങ്കിലുമാവാം. പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിച്ചുകളയുന്ന ഈ നിയമങ്ങളിലെ വകുപ്പുകള്‍ ചുമത്താന്‍ തെളിവുകള്‍ പോയിട്ട് കച്ചിത്തുരുമ്പുപോലും വേണ്ട. ഭരണകൂടം ആരെയാണോ ലക്ഷ്യംവയ്ക്കുന്നത് അയാള്‍ക്കെതിരേ എന്തെങ്കിലും ഊഹിക്കുക. ആ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ കരിനിയമം ചുമത്തുക. നിയമത്തെക്കുറിച്ച് ലവലേശം വിവരമില്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏതെങ്കിലും കുഗ്രാമത്തിലല്ല, അത്യാവശ്യം മനുഷ്യാവകാശങ്ങളെക്കുറിച്ചു സംസാരിക്കുന്ന ജനങ്ങളുള്ള ഇങ്ങു കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്. പറഞ്ഞുവരുന്നത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ നമ്മുടെ മലയാളികളെക്കുറിച്ചാണ്. അല്ല അവര്‍ക്കെതിരേ യുഎപിഎ ചുമത്താന്‍ പോലിസ് കണ്ട വഴിയുടെ അപകടത്തെക്കുറിച്ചും അതിനു പിന്നിലുള്ള മുസ്‌ലിംവിരുദ്ധതയെക്കുറിച്ചുമാണ്.
മലയാളികളെ കാണാതായ കേസില്‍ യുഎപിഎ ചുമത്തിയതിന് ഇങ്ങനെ ബേജാറാവുന്നത് എന്തിനാണെന്നു കരുതുന്നവരുണ്ടാവും. ഒരു വേവലാതിയും തോന്നാത്തതരത്തില്‍ മലയാളികളുടെ മനസ്സിനെ മീഡിയയും പോലിസും ചേര്‍ന്ന് പരുവപ്പെടുത്തിയെടുത്തുകഴിഞ്ഞു എന്നതാണു യാഥാര്‍ഥ്യം. ഈ കേസില്‍ യുഎപിഎ ചുമത്തിയിരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലോ പരാതിയുടെ അടിസ്ഥാനത്തിലോ അല്ല. ഒരു പരാതിക്കാരന്റെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന, അല്ലെങ്കില്‍ പോലിസ് എഴുതിച്ചേര്‍ത്തിരിക്കുന്ന ഊഹാപോഹങ്ങളുടെ പിന്‍ബലത്തിലാണെന്നതാണ് അപകടകരമായ വസ്തുത.
കാണാതായ യഹിയയുടെ ഭാര്യ തമ്മനം സ്വദേശി മെറിന്‍ എന്ന മറിയത്തിന്റെ സഹോദരന്‍ എബിന്‍ ജേക്കബിന്റെ മൊഴിയാണ് യുഎപിഎ ചുമത്താനുള്ള കാരണം. മെറിനെ വിശുദ്ധയുദ്ധത്തിനായി കൊണ്ടുപോയെന്നത് എബിന്റെ അനുമാനമാണെന്ന് മൊഴിയില്‍ തന്നെയുണ്ട്. കാണാതായവരുടെ പ്രവര്‍ത്തനങ്ങള്‍ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതും നാടിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്നും ടിയാന്‍ മനസ്സിലാക്കുന്നതായും മൊഴിയില്‍ പറയുന്നു. കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നിട്ടുണ്ടെന്ന വിലയിരുത്തലും എബിന്‍ നടത്തുന്നുണ്ട്.
ആരുടെയെങ്കിലും ഒരു പരാതി. ആ പരാതിയില്‍ തന്നെ വ്യക്തതയില്ലാത്ത കുറേ അനുമാനങ്ങള്‍. ഇത്രയുമൊക്കെ മതിയാവും പോലിസിന് യുഎപിഎ ചുമത്താന്‍. ഈ ഊഹാപോഹ യുഎപിഎയ്‌ക്കെതിരേ കാര്യമായ പ്രതിഷേധം എവിടെയും കണ്ടില്ലെന്നത് അതിലേറെ അപകടകരമാണ്. കാരണം, ഈ കേസ് പോലിസിന് ഒരു കീഴ്‌വഴക്കമാവും. ഹിതകരമല്ലാത്ത കീഴ്‌വഴക്കങ്ങള്‍ മുളയിലേ നുള്ളിയില്ലെങ്കില്‍ ഭാവിയില്‍ അതു വിതയ്ക്കുന്ന വിപത്ത് തടയാന്‍ പ്രതിഷേധ സമ്മേളനങ്ങള്‍ മതിയാവില്ല. ഇപ്പോള്‍ തന്നെ കേരള പോലിസിന്റെ പാത പിന്തുടര്‍ന്ന് മുംബൈ പോലിസും സമാനമായ രീതിയില്‍ യുഎപിഎ ചാര്‍ത്തി കേസെടുത്തിട്ടുണ്ട്.
ഇനി ഊഹാപോഹ യുഎപിഎയ്ക്കു പിന്നിലെ ഗൂഢാലോചനയെയും അതിലെ മുസ്‌ലിംവിരുദ്ധതയെയും കുറിച്ചു പറയാം. കഴിഞ്ഞ മാസം ഒന്നിന് ധക്കയിലുണ്ടായ സ്‌ഫോടനത്തോടെയാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം. സ്‌ഫോടനം നടത്തിയവരില്‍ ഒരുവന്‍ ഇന്ത്യയിലെ മതപ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളില്‍നിന്ന് ഊര്‍ജം ആവാഹിച്ചിരുന്നുവെന്ന് ഒരു പത്രം റിപോര്‍ട്ട് ചെയ്തുവത്രേ.  ഇതോടെ സാക്കിര്‍ നായിക്ക് എന്ന സൗമ്യനും മൃദുഭാഷിയുമായ ഇസ്‌ലാമിക പണ്ഡിതന്‍ വളരെ പെട്ടെന്ന് കൊടും തീവ്രവാദിയായി മാറി. അല്ലെങ്കില്‍ അങ്ങനെയൊക്കെ ആക്കി മാറ്റി. സാക്കിര്‍ നായിക്ക് നടത്തുന്ന ഇസ്‌ലാമിക പ്രഭാഷണങ്ങളിലൂടെ നിരവധിപേര്‍ ഇസ്‌ലാം സ്വീകരിക്കുന്നുവെന്നത് മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് എങ്ങനെ കണ്ണുമടച്ച് നോക്കിയിരിക്കാനാവും. വളരെ നേരത്തേ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ സംഘപരിവാരം നടത്തിയിട്ടുണ്ട്. 2003ല്‍ വാജ്‌പേയി ഭരിക്കുന്ന സമയത്ത് മുംബൈയിലെ മുളുന്ദ് ട്രെയിന്‍ സ്‌ഫോടനക്കേസിലും ഐആര്‍എഫിനെ വലിച്ചിഴയ്ക്കാന്‍ നീക്കമുണ്ടായെങ്കിലും ഫലം കണ്ടില്ല. ധക്ക സ്‌ഫോടനം വിദഗ്ധമായി സാക്കിര്‍ നായിക്കിനെതിരേ ഉപയോഗപ്പെടുത്തുന്ന രംഗങ്ങളാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ആകമാനം പരതിയിട്ടും മതവിദ്വേഷം കണ്ടെത്താനാവാതെ മുംബൈ പോലിസ് വലഞ്ഞു. സാക്കിര്‍ നായിക്കോ അദ്ദേഹം നേതൃത്വം നല്‍കുന്ന ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനോ ആരെയും നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ പ്രലോഭിപ്പിച്ചോ മതംമാറ്റിയതായി കണ്ടെത്താനും അന്വേഷണ ഏജന്‍സികള്‍ക്കായില്ല.
പിന്നീട് കേരളത്തില്‍ പെട്ടെന്ന് ഒരുകൂട്ടം ആളുകളെ കാണാതായെന്ന വാര്‍ത്തയാണ് എല്ലാവരും കേള്‍ക്കുന്നത്. അതുവരെയില്ലാത്ത പരാതിയുമായി കാണാതായവരുടെ ബന്ധുക്കള്‍ കൂട്ടത്തോടെ പോലിസിനെ സമീപിക്കുന്നു. ബന്ധുക്കള്‍ക്ക് കാണാതായവരൊക്കെ ഐഎസില്‍ ചേര്‍ന്നതായി ഒരുപോലെ സംശയം. എല്ലാവരും മാധ്യമങ്ങളോടു സന്ദേഹങ്ങള്‍ പങ്കുവയ്ക്കുന്നു. കേട്ടപാതി കേള്‍ക്കാത്തപാതി കാണാതായ എല്ലാവരെയും മാധ്യമങ്ങള്‍ ഐഎസില്‍ ചേര്‍ക്കുന്നു. ഐഎസ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ചാനലുകളിലും സോഷ്യല്‍മീഡിയയിലും ചര്‍ച്ചകള്‍ പൊടിപൊടിച്ചു. ദേശീയമാധ്യമങ്ങളും ഇതു വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.  ആരെയെങ്കിലും കാണാതായാലുടന്‍ ഐഎസില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്നതായി വാര്‍ത്തകള്‍ ചമയ്ക്കാന്‍ തുടങ്ങി.
ഇനിയാണ് സാക്കിര്‍ നായിക്ക് കഥയുടെ ക്ലൈമാക്‌സിന്റെ തുടക്കം. കാണാതായവരെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഇപ്പോഴത്തെ ഗതി കണ്ടാല്‍ ഇതുതന്നെയാണ് പോലിസ് ലക്ഷ്യമിട്ടതെന്ന് ശരിക്കും വ്യക്തമാവും. കേരളത്തില്‍ കാണാതായവരില്‍ ചിലര്‍ക്ക് സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതോടെ തന്നെ അന്വേഷണ ഏജന്‍സികള്‍ ഇതു മുതലാക്കാന്‍ ശ്രമിച്ചുവെന്ന് പോലിസ് നടപടി പരിശോധിച്ചാല്‍ ബോധ്യപ്പെടും. കാണാതായ യഹിയയും ഐആര്‍എഫ് പിആര്‍ഒ ഖുറേഷിയും ചേര്‍ന്ന് തന്റെ സഹോദരിയെ മതംമാറ്റിയെന്നും തന്നെ മതംമാറാന്‍ നിര്‍ബന്ധിച്ചുവെന്നുമുള്ള തമ്മനം സ്വദേശി എബിന്‍ ജേക്കബിന്റെ പരാതിയില്‍ അതിവേഗത്തിലാണ് പോലിസ് യുഎപിഎ ചുമത്തിയത്. പിന്നീട് കാര്യങ്ങളെല്ലാം വളരെ എളുപ്പമായി. ഉടനെ മുംബൈയിലെത്തി ഖുറേഷിയെയും ഇവരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന റിസ്‌വാന്‍ ഖാന്‍ എന്നയാളെയും അറസ്റ്റ് ചെയ്തു. മുംബൈയിലും കേരള സ്റ്റൈല്‍ പിന്തുടര്‍ന്ന് പോലിസ് ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഖുറേഷിക്കും റിസ്‌വാന്‍ ഖാനും മറ്റു രണ്ടുപേര്‍ക്കുമെതിരേ യുഎപിഎ ചുമത്തി കേസെടുത്തു.
പ്രത്യക്ഷത്തില്‍ ഒരു സാക്കിര്‍ നായിക്കോ ഐആര്‍എഫോ ആണ് ലക്ഷ്യംവയ്ക്കപ്പെടുന്നതെങ്കില്‍ അതിന്റെ മറപിടിച്ച് ഒരു സമുദായത്തിന്റെ സ്വതന്ത്ര മതപ്രചാരണത്തിന് ഭരണഘടന നല്‍കുന്ന അനുമതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ വളരെ സുതാര്യമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന, പുതുവിശ്വാസികള്‍ക്ക് മതാചാരവും കര്‍മങ്ങളും പഠിപ്പിക്കുന്ന, കൂടുതല്‍ പഠിക്കാന്‍ സൗകര്യമൊരുക്കുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍ പുതിയ ആളുകളെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നുണ്ട്. ഐആര്‍എഫ് നിരോധനം കൂടി വരുന്നതോടെ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ വേണ്ടരീതിയില്‍ നടക്കാതെ വന്നേക്കും. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന തന്ത്രം ഇവിടെ വിജയിക്കും.
യുഎപിഎ എന്ന കരിനിയമം അതിവിദഗ്ധമായി ദുരുപയോഗം ചെയ്യുമ്പോള്‍ സാക്കിര്‍ നായിക്കിനെതിരായ നീക്കത്തെ കൂട്ടായി പിന്തുണച്ച സമുദായനേതാക്കള്‍ക്കൊന്നും മിണ്ടാട്ടമില്ല. സാക്കിര്‍ നായിക്കിനെ അറസ്റ്റ് ചെയ്യുമ്പോള്‍ പ്രതികരിക്കാമെന്നാണോ ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. യുഎപിഎയുടെ വഴികള്‍ സാക്കിര്‍ നായിക്കിലേക്കും അതുവഴി സ്വതന്ത്ര മതപ്രചാരണത്തിനുള്ള അപ്രഖ്യാപിത വിലക്കിലേക്കും അടുക്കുന്നത് മനസ്സിലാക്കാത്തതോ അതോ കാണാത്തതായി ഭാവിക്കുന്നതോ?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 331 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക