|    Jan 20 Fri, 2017 9:36 pm
FLASH NEWS

ഇതു കലര്‍പ്പില്ലാത്ത വംശീയത തന്നെ

Published : 17th July 2016 | Posted By: SMR

slug-avkshngl-nishdnglബാബുരാജ് ബി എസ്

ഈ ദിവസങ്ങളില്‍ പ്രേമനെയാണ് ഞാനോര്‍ത്തത്. ചുരുളന്‍മുടിയും കൊലുന്നനെ ശരീരവുമുള്ള പ്രേമന്‍. ഒരു നര്‍ത്തകനെപ്പോലെ ലോലമായാണ് അവന്‍ കൈ വിടര്‍ത്തിയിരുന്നത്. താമസം തൊട്ടടുത്ത ലക്ഷംവീട് കോളനിയില്‍. ‘അവനാ’യിരുന്നെങ്കിലും എല്ലാവരും അവനെ ‘പെണ്ണുപ്രേമ’നെന്നാണു വിളിച്ചിരുന്നത്. വലപ്പാട് ചിത്രാ മൂവിസില്‍ കണ്ണപ്പനുണ്ണിയും തുമ്പോലാര്‍ച്ചയും കാണാന്‍ പോവുമ്പോള്‍ ഒരു രൂപ അഞ്ചു പൈസയുടെ ടിക്കറ്റ് പെണ്ണുങ്ങളെക്കൊണ്ട് എടുപ്പിക്കുന്നത് പ്രേമനാണ്. പെണ്ണുങ്ങളോട് ഇടപഴകാന്‍ വല്ലാത്ത കഴിവായിരുന്നു അവന്. പ്രേമന്‍ ഒരു ലൈംഗികന്യൂനപക്ഷത്തിന്റെ പ്രതിനിധിയാണെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല. അതും പറഞ്ഞ് ആരും അവനെ ഉപദ്രവിച്ചിരുന്നതും ഓര്‍ക്കുന്നില്ല.
പക്ഷേ, പുതിയ കാലത്ത് കാര്യങ്ങളൊക്കെ മാറിയെന്നാണു തോന്നുന്നത്. രണ്ടാഴ്ച മുമ്പാണ് പോലിസുകാര്‍ തല്ലിച്ചതച്ച ഭിന്നലിംഗക്കാരുടെ ചിത്രം കണ്ടത്. സംഭവം ഇങ്ങനെ: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് 11 ഭിന്നലിംഗക്കാര്‍ ആക്രമിക്കപ്പെട്ടു. ഭിന്നലിംഗക്കാരെന്ന് അവകാശപ്പെടുന്ന ചിലര്‍ തന്നെയാണ് ആക്രമണത്തിനു പിന്നില്‍. തങ്ങള്‍ക്കെതിരേ പോലിസില്‍ പരാതി കൊടുത്തതിന്റെ വൈരാഗ്യം തീര്‍ക്കുകയായിരുന്നത്രെ അക്രമികള്‍. പരിക്കേറ്റവര്‍ എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ പരാതി കൊടുക്കാനെത്തി. പ്രതീക്ഷിച്ചതുപോലെയായിരുന്നില്ല സംഭവിച്ചത്. തല്ലുകിട്ടിയവരെയും തല്ലിയവരെയും പോലിസ് പൊക്കി. രണ്ടുകൂട്ടര്‍ക്കുമെതിരേ എസ്‌ഐ സനല്‍ കുമാര്‍ കേസെടുത്തു. പൊതുസ്ഥലത്ത് സംഘര്‍ഷമുണ്ടാക്കിയെന്ന് ആരോപിച്ചാണ് സെക്ഷന്‍ 394, 395 അടക്കം ഗൗരവമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
അതേദിവസം, തെരുവിലിറങ്ങി കണ്ണില്‍ കണ്ട എല്ലാ ഭിന്നലിംഗക്കാരെയും വേട്ടമൃഗത്തെപ്പോലെ വേട്ടയാടി. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിറങ്ങുകയായിരുന്ന രണ്ടുപേരെ മര്‍ദ്ദിക്കുമ്പോള്‍ നിന്നെയൊക്കെ തല്ലാന്‍ അനുമതിയുണ്ടെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ആക്രോശിച്ചിരുന്നുവെന്ന് ആക്റ്റിവിസ്റ്റായ ശ്രീ പറയുന്നു.
ബംഗളൂരുവില്‍നിന്ന് ബസ്സില്‍ വരുകയായിരുന്ന അമ്മയെ കാത്ത് വളഞ്ഞമ്പലത്ത് നിന്നിരുന്ന പൂര്‍ണയാണ് മര്‍ദ്ദനമേറ്റ മറ്റൊരാള്‍. വിവരമറിഞ്ഞെത്തിയ സുഹൃത്ത് ഐഷയ്ക്കും കിട്ടി മര്‍ദ്ദനം. ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞതാണെന്നു പറഞ്ഞപ്പോള്‍ തുണിയുരിയുകയും സ്വകാര്യഭാഗങ്ങളില്‍ ലാത്തികൊണ്ട് കുത്തുകയും ചെയ്തു.
ഒരു ജനത എന്ന നിലയില്‍ നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളിലേക്കാണ് ഇതൊക്കെ വിരല്‍ ചൂണ്ടുന്നത്. പ്രേമനെപ്പോലുള്ളവരെ കുറേയൊക്കെ നമുക്ക് ‘സഹിക്കാന്‍’ കഴിഞ്ഞിരുന്നു. പക്ഷേ, ഇപ്പോള്‍ നമ്മില്‍നിന്ന് വ്യത്യസ്തമായ എന്തും അപകടമാണെന്ന് നാം കരുതാന്‍ തുടങ്ങിയിരിക്കുന്നു. സ്റ്റേഷനില്‍, അക്രമം നടത്തിയവരെയും ഇരയായവരെയും കേള്‍ക്കാന്‍ പോലിസ് തയ്യാറായിരുന്നില്ലെന്ന് ശീതള്‍ ശ്യാം പറയുന്നു. രണ്ടുകൂട്ടരും ഒരുപോലെ പോലിസ് മര്‍ദ്ദനത്തിന് വിധേയരാവുകയായിരുന്നു. വാദിയും പ്രതിയും എന്ന സങ്കല്‍പം തന്നെ റദ്ദാവുകയാണ് ഇവിടെ. ഭിന്നലിംഗക്കാര്‍ മൊത്തത്തില്‍ അപകടകാരികളും സാമൂഹികവിപത്താണെന്നുമാണ് പോലിസിന്റെ സിദ്ധാന്തം. വിചാരണ ചെയ്യപ്പെടണമെങ്കിലും വേണമല്ലോ ഒരു സ്റ്റാറ്റസൊക്കെ!
ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാര്‍ക്ക് അനുകൂലമായ നിയമങ്ങളും മെട്രോയില്‍ ജോലിയും 60 കഴിഞ്ഞവര്‍ക്ക് പെന്‍ഷനും വാഗ്ദാനം ചെയ്യുന്ന ഒരു സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ഇതു സംഭവിച്ചിരിക്കുന്നത്. അവരെ തല്ലിച്ചതച്ച പോലിസിനെതിരേയാവട്ടെ ഇതുവരെ ഒരു നിയമനടപടിയും എടുത്തിട്ടുമില്ല. മറയില്ലാത്ത വംശീയതയാണ് ഇതെന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്തരം മനോഭാവത്തിന്റെ ഇര ഭിന്നലിംഗക്കാര്‍ മാത്രമല്ല, ഏതെങ്കിലും നിലയില്‍ വിമതത്വം പേറുന്ന ഇതരസംസ്ഥാനക്കാരും ന്യൂനപക്ഷങ്ങളും ഒക്കെ ഇത് അനുഭവിക്കുന്നുണ്ട്. സൗമ്യ കൊലചെയ്യപ്പെട്ടപ്പോള്‍ കുറ്റവാളി വികലാംഗനാണെന്നതിന്റെ പേരില്‍ മാത്രം അക്കാലത്ത് തീവണ്ടികളില്‍ നിരവധി വികലാംഗര്‍ ആക്രമിക്കപ്പെട്ടിരുന്നു. സൗമ്യ വധത്തിനുശേഷം കുറച്ചുകാലം അവര്‍ തീവണ്ടിയാത്ര തന്നെ ഉപേക്ഷിച്ചു. ജിഷ വധവും സമാന പ്രതികരണമുണ്ടാക്കിയല്ലോ.
വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം പ്രേമനെ കുറിച്ച് അന്വേഷിച്ചു. വര്‍ഷങ്ങളുടെ വിടവ് ഞങ്ങള്‍ക്കിടയിലുള്ള എല്ലാ ബന്ധങ്ങളും മുറിച്ചുമാറ്റിയിരുന്നു. കുറച്ചു വര്‍ഷം മുമ്പ് ഒരു സാരിത്തലപ്പില്‍ പ്രേമന്‍ തന്റെ ജീവിതം അവസാനിപ്പിച്ചെന്ന് ആരോ പറഞ്ഞു. ഇപ്പോള്‍ മാത്രമല്ല, എന്നും എപ്പോഴും നമ്മുടെ മനോഭാവം ഇതുതന്നെയാണെന്നാണോ ഇതു സൂചിപ്പിക്കുന്നത്?

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 268 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക