|    Apr 20 Fri, 2018 2:36 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ഇതുതന്നെയോ ജീവിതോപാധി?

Published : 26th June 2016 | Posted By: SMR

slug-natureസാമ്പത്തികവികസനവും ആധുനികതയും നമ്മുടെ ജീവിതായോധനമാര്‍ഗങ്ങളെ മരണോപാധികളായി മാറ്റിത്തീര്‍ത്തിരിക്കുകയാണ്. സഹസ്രാബ്ദങ്ങളായി സമൂഹത്തെ നിലനിര്‍ത്തിയ ജീവിതായോധനരീതികളെ അത് അട്ടിമറിച്ചുകളഞ്ഞിരിക്കുന്നു; പലതിനെയും അപ്രസക്തമാക്കി മാറ്റിയിരിക്കുന്നു. ഈ പഴയ രീതികളില്‍ പലതും തൊഴിലും വിശ്രമവും ഇടകലര്‍ന്ന സവിശേഷ ജൈവ സാമൂഹികരീതികളായിരുന്നു. പകരം പക്ഷേ, ആധുനികത നമുക്കു നല്‍കിയത് സമയംകൊല്ലി പണികളാണ്. ഓരോ ദിവസവും ക്ലോക്ക് നോക്കിയാണ് നാം കഴിഞ്ഞുകൂടുന്നത്; വാരാന്ത്യത്തിലെ ഒഴിവുദിനങ്ങളെയാണ് നാം സ്വപ്‌നംകാണുന്നത്.
സാമ്പത്തികവളര്‍ച്ച എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രാഥമികമേഖലയിലെ തൊഴിലുകളില്‍നിന്ന് നിര്‍മാണമേഖലയിലേക്കും സര്‍വീസ്‌മേഖലയിലേക്കുമുള്ള തൊഴില്‍മാറ്റമാണ് പ്രധാനമായും. അങ്ങനെയാണ് യഥാര്‍ഥത്തില്‍ നമ്മെ നിലനിര്‍ത്തിവരുന്ന കൃഷി, മൃഗസംരക്ഷണം, മല്‍സ്യബന്ധനം, വനസംരക്ഷണം തുടങ്ങിയ മേഖലകള്‍ വെറും പിന്നാക്കവും അപരിഷ്‌കൃതവുമായി അവഗണിക്കപ്പെട്ടുപോയത്. എന്നാല്‍, മനുഷ്യസമൂഹത്തിന്റെ നിലനില്‍പ്പിന് ഈ തൊഴില്‍മേഖലകള്‍ അനിവാര്യമാണുതാനും.
ഇങ്ങനെ പ്രാഥമികമേഖല അവഗണിക്കപ്പെട്ടതോടെ ഇന്ത്യയില്‍ അരികുകളിലേക്ക് തള്ളിമാറ്റപ്പെട്ടത് 70-80 കോടി ജനങ്ങളാണ്; അതായത് ഇന്ത്യന്‍ ജനതയുടെ മൂന്നില്‍ രണ്ടു വരുന്ന വിഭാഗം. ഫലമോ? കഴിഞ്ഞ ഒരുപതിറ്റാണ്ടില്‍ മാത്രം ആയിരക്കണക്കിനു കര്‍ഷകരാണ് ആത്മഹത്യയില്‍ അഭയംകണ്ടെത്തിയത്. അതേപോലെ വികസനപദ്ധതികളുടെ പേരില്‍ ആറുകോടിയോളം ജനങ്ങളാണ് തങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും നഷ്ടമായി അഗതികളായി മാറിയത്.
ഇതൊക്കെ വികസനമുന്നേറ്റത്തില്‍ അനിവാര്യമാണെന്നു വാദിക്കുന്ന കൂട്ടരുണ്ട്. പലരും ചോദിക്കാറുണ്ട്, ആര്‍ക്കുവേണം കൃഷിപ്പണിയും മല്‍സ്യബന്ധനവും? അതില്‍ ഏര്‍പ്പെടുന്നവര്‍പോലും കുട്ടികളെ നഗരജോലികളിലേക്ക് അയക്കാനാണു താല്‍പര്യപ്പെടുന്നത്. എന്നാല്‍, എന്താണ് അവിടെ അവരെ കാത്തിരിക്കുന്നത്?
പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഒന്നുകില്‍ തൊഴിലില്ലായ്മയാണ് അവരെ കാത്തിരിക്കുന്നത്. അല്ലെങ്കില്‍ നിര്‍മാണമേഖലയിലോ ഖനികളിലോ വ്യവസായങ്ങളിലോ തെരുവോര ധാബകളിലോ ഒക്കെ എന്തെങ്കിലുമൊരു പണി. അത് മിക്കവാറും കഠിനാധ്വാനം നിറഞ്ഞതും സുരക്ഷിതമല്ലാത്തതും ആയിരിക്കും. എത്രനാള്‍ പണിയുണ്ടാവുമെന്നും പറയാനാവില്ല. ഇതു നാട്ടിന്‍പുറങ്ങളിലെ തൊഴിലുകളില്‍നിന്ന് എങ്ങനെയാണ് വ്യത്യസ്തമായിരിക്കുന്നത്?
ഇനി മധ്യവര്‍ഗത്തിലും ധനികവര്‍ഗത്തിലും പെട്ടവരുടെ അവസ്ഥയോ? തൊഴില്‍ അവര്‍ക്ക് ആത്മസംതൃപ്തി നല്‍കുന്നുണ്ടോ! പ്രതിഫലത്തിന്റെ കാര്യം മാത്രം നോക്കുകയാണെങ്കില്‍ അവരുടെ സ്ഥിതി മെച്ചമാണെന്നു പറയാം. ഈയിടെ ഒരു സര്‍വേ കണ്ടെത്തിയത് രാജ്യത്തെ മൊത്തം സ്വകാര്യസമ്പത്തിന്റെ പകുതിയും വെറും ഒരുശതമാനം മാത്രം വരുന്ന സമ്പന്നവിഭാഗമാണ് കൈയടക്കിവച്ചിരിക്കുന്നതെന്നാണ്. അവര്‍ തങ്ങളുടെ സമ്പത്ത് വര്‍ധിപ്പിക്കുന്നത് തൊഴിലാളികളുടെ മേല്‍ ചൂഷണം അടിച്ചേല്‍പിച്ചുകൊണ്ടാണ് എന്നത് വേറെ കാര്യം. എന്നാല്‍, എന്താണ് അവരുടെ തൊഴിലിന്റെ ഗുണനിലവാരം? അത് എത്രമാത്രം ആഹ്ലാദം അവര്‍ക്കു നല്‍കുന്നുണ്ട്?
ആധുനിക തൊഴില്‍സേനയിലെ മഹാഭൂരിപക്ഷവും ഇന്ന് ഐടി രംഗത്ത് പണിയെടുക്കുന്നവരാണ്. ലോകമാകമാനം പടര്‍ന്നുകിടക്കുന്ന ഒരു വന്‍ വ്യവസായശൃംഖലയിലെ വെറും കണ്ണികള്‍ മാത്രമായാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. ഒരു കംപ്യൂട്ടറിന്റെ മുന്നില്‍ കുനിഞ്ഞിരുന്ന് അവര്‍ പകലന്തിയോളം പണിയെടുക്കുകയാണ്. അല്ലെങ്കില്‍ കോള്‍സെന്ററുകളില്‍ യാന്ത്രികമായ മട്ടില്‍ കാര്യങ്ങള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുമല്ലെങ്കില്‍ 24 ത 7 വാര്‍ത്താചാനലുകളില്‍ നിരന്തരം ബ്രേക്കിങ് വാര്‍ത്തകള്‍ പടച്ചുവിടാനായി പരക്കംപായുകയാണ്. അതുമല്ലെങ്കില്‍ ഓഹരിവിപണിയിലെ കയറ്റിറക്കങ്ങള്‍ നോക്കി കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരിക്കുകയാണ്. ഇത്തരം തൊഴിലുകളെ ജീവിതോപാധി എന്ന് എങ്ങനെ വിശേഷിപ്പിക്കാനാവും! അവ പലപ്പോഴും ജീവിതത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. സ്വാതന്ത്ര്യത്തെയും ക്രിയാത്മകതയെയും കവര്‍ന്നെടുക്കുന്നതാണ്.
അതല്ല വാസ്തവമെങ്കില്‍ എന്തുകൊണ്ടാണ് ഓരോ തൊഴില്‍ദിനവും അവസാനിക്കുന്ന സമയത്തെക്കുറിച്ച് നമ്മള്‍ അക്ഷമരാവുന്നത്? എന്തുകൊണ്ടാണ് വാരാന്ത്യങ്ങളെക്കുറിച്ചു സ്വപ്‌നം കാണുന്നത്? എന്തുകൊണ്ടാണ് ഷോപ്പിങ് ഒരു രക്ഷോപാധിയായി നാം നിത്യജീവിതത്തില്‍ മാറ്റിയിരിക്കുന്നത്?
വികസനവിഷയങ്ങളെപ്പറ്റി പല ബദല്‍ പഠനകേന്ദ്രങ്ങളിലും കുറേ വര്‍ഷങ്ങളായി ഞാന്‍ ക്ലാസെടുക്കാറുണ്ട്. ഉദാഹരണത്തില്‍ ബംഗളൂരുവിലെ ഭൂമി കോളജും പലാപൂരിലെ സംഭാവനയും ഒക്കെ. അവിടങ്ങളില്‍ പഠിക്കാനായെത്തുന്നത് ഐടി മേഖലയില്‍നിന്നും മറ്റും മനംമടുത്തു വരുന്ന യുവാക്കളാണ്. ‘കുറേക്കൂടി അര്‍ഥപൂര്‍ണമായ’ എന്തെങ്കിലും ജീവിതത്തില്‍ ചെയ്യാനുള്ള വഴി തേടിയാണ് അവര്‍ അത്തരം സ്ഥാപനങ്ങളില്‍ എത്തിച്ചേരുന്നത്. ഞാന്‍ എന്റെ തൊഴില്‍ ഇഷ്ടപ്പെടുന്നു എന്നു പറയുമ്പോള്‍ അതില്‍ അസൂയ പ്രദര്‍ശിപ്പിക്കുന്നവരെ പലപ്പോഴും ഞാന്‍ കാണാറുണ്ട്. തങ്ങള്‍ ഒരുപാട് പണം സമ്പാദിക്കുന്നുണ്ടെങ്കിലും ജീവിതത്തില്‍ അര്‍ഥപൂര്‍ണമായ പ്രവര്‍ത്തനങ്ങളല്ല ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.
എന്നുവച്ച് എല്ലാ ആധുനിക തൊഴിലുകളും അസംബന്ധമാണെന്നു ഞാന്‍ വാദിക്കുകയല്ല. അതേപോലെ എല്ലാ പരമ്പരാഗത തൊഴിലുകളും ഗംഭീരമാണെന്ന വാദവും എനിക്കില്ല. പരമ്പരാഗത തൊഴിലുകളിലും ചൂഷണവും അനീതിയും മനംമടുപ്പും ഉണ്ടെന്ന് എനിക്കു നന്നായറിയാം. എന്നാല്‍, അതു വേണ്ടവിധം പരിഷ്‌കരിക്കുകയാണു വേണ്ടത്. അല്ലാതെ പരമ്പരാഗത ജീവിതമാര്‍ഗങ്ങളെ അപ്പാടെ ഉപേക്ഷിക്കുകയല്ല.
അതിന് ഉദാഹരണമാണ് ഡെക്കാന്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയും ഇംപാക്ട് കലക്ടീവും ഒക്കെ. അവര്‍ പാവപ്പെട്ട കര്‍ഷകരെയും തൊഴിലാളികളെയും തങ്ങളുടെ തൊഴിലിടങ്ങളിലെ അവസ്ഥ മെച്ചപ്പെടുത്താനും ശാക്തീകരിക്കാനും സഹായിക്കുകയാണ്. ഉദാഹരണത്തിന് ദലിത് കര്‍ഷകത്തൊഴിലാളികള്‍ അവിടെ ഇന്ന് സിനിമാനിര്‍മാതാക്കളും റേഡിയോസ്‌റ്റേഷന്‍ മാനേജര്‍മാരുമായിക്കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. അല്ലെങ്കില്‍ ആഗ്രയിലും ജാര്‍ഖണ്ഡിലും പ്രവര്‍ത്തിക്കുന്ന ദസ്തകര്‍ എന്ന സംഘടനയുടെ പ്രവര്‍ത്തനം നോക്കുക. പരമ്പരാഗത കൈത്തൊഴിലുകളെ ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.
ഇത്തരം പുതിയ ബദല്‍ പ്രവണതകള്‍ ശക്തിപ്പെടുന്നതിനു നമ്മുടെ വിദ്യാഭ്യാസരീതികളില്‍ തന്നെ മാറ്റംവരുത്തേണ്ടത് അനിവാര്യമാണ്. ബുദ്ധിപരമായ തൊഴിലുകള്‍ ശാരീരികമായ തൊഴിലുകളേക്കാള്‍ മെച്ചമാണെന്ന ബോധമാണ് കുട്ടികളില്‍ അടിച്ചേല്‍പിക്കപ്പെടുന്നത്. നമ്മുടെ കരങ്ങളും ശരീരവും ഹൃദയവും ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അവമതിക്കപ്പെടുകയാണ്. നമ്മുടെ മാതൃകയായി സമൂഹം പ്രതിഷ്ഠിക്കുന്നത് പ്രകൃതിയെ കീഴടക്കിയവരെയും ഉയരാനായി ഏണികള്‍ കയറി അത് മറ്റുള്ളവരുടെ മേല്‍ മറിച്ചിടുന്നവരെയുമാണ്.
അങ്ങനെയാണ് ഉല്‍പാദകരെ അവഗണിച്ചുകൊണ്ടു നമ്മള്‍ മുന്നേറാന്‍ തുടങ്ങിയത്. ഇത്തരം സാമൂഹികമായ പ്രക്രിയയുടെ ഫലമായാണ് കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടാതെ കര്‍ഷകര്‍ വിഷമിക്കേണ്ടിവരുന്നത്. നമുക്ക് ഭക്ഷണം തരുന്നയാള്‍ക്ക് പ്രതിഫലം കൊടുക്കാന്‍ നമുക്ക് മടിയാണ്. അരിവിലയെക്കുറിച്ചു പരാതി പറയുന്നയാള്‍ ബ്രാന്റഡ് ഷൂവിനും സെല്‍ഫോണിനും എത്ര വേണമെങ്കിലും മുടക്കും. അപ്പോഴും അതുണ്ടാക്കാന്‍ പണിയെടുക്കുന്നയാള്‍ക്ക് എന്തു കിട്ടുന്നു എന്ന് നമ്മള്‍ ചിന്തിക്കുകയുമില്ല.
അതിനുവേണ്ടത് സാമൂഹികഘടനയെ ആകെ മാറ്റിമറിക്കലാണ്. പ്രകൃതിവിഭവങ്ങളുടെ മേലും ഭൂമിയുടെ മേലും സമൂഹത്തിനുള്ള അവകാശം ഉറപ്പിച്ചെടുക്കണം. ഉല്‍പാദനോപകരണങ്ങള്‍ക്കുമേല്‍ തൊഴിലാളികളുടെ നിയന്ത്രണം കൊണ്ടുവരണം. കമ്പോളങ്ങളുടെ മേല്‍ സമൂഹത്തിനു നിയന്ത്രണം വേണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടുകളും തൊഴില്‍മേഖലകള്‍ കൈയേറാന്‍ ഇനി അധികം സമയം വേണ്ടിവരുമെന്ന് തോന്നുന്നില്ല. ചുരുക്കത്തില്‍ മനുഷ്യാധ്വാനം തന്നെ അപ്രസക്തമാവുന്ന ഒരു യുഗത്തിലേക്കാണ് ലോകം മുന്നേറിക്കൊണ്ടിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss