|    Mar 25 Sun, 2018 5:03 am
FLASH NEWS
Home   >  Kerala   >  

ഇതിന്റെ പേരില്‍ തന്നെ കമ്മ്യൂണിസ്റ്റാക്കിയാല്‍ സഹിക്കും: മാത്യു കുഴല്‍ക്കാടന്‍

Published : 13th August 2017 | Posted By: shadina sdna

കോഴിക്കോട്: തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴല്‍ക്കാടന്‍ രംഗത്ത്. സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ കേരള സര്‍ക്കാര്‍ ഒന്നാമത് എന്ന പരസ്യം പ്രെഫൈല്‍ ചിത്രമാക്കിയതിന് മാത്യു കുഴല്‍ക്കാടനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇതിന്റെ പേരില്‍ കമ്മ്യൂണിസ്റ്റാക്കിയാല്‍ കുഴപ്പമില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കഴിഞ്ഞ ദിവസം കേരള നംമ്പര്‍ വണ്‍ എന്ന ബാഡ്ജ് ചേര്‍ത്ത് പ്രൊഫൈല്‍ പിക്ചര്‍ അപ്‌ഡേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി സുഹൃത്തുക്കള്‍ വിമര്‍ശനവും രോഷവും അറിയിക്കുകയുണ്ടായി. കേരളം ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് എന്ന് പറയുന്നതില്‍ ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ്. എന്നാല്‍ ഇത് ഇടത് സര്‍ക്കാരിന് ഓശാന പാടുന്നതാണ് എന്ന സുഹൃത്തുക്കളുടെ നിരീക്ഷണത്തോട് യോജിക്കാനാവില്ല. കാരണം കേരളത്തിന്റെ നേട്ടം ഒരു വര്‍ഷം കൊണ്ട് ഉണ്ടായതല്ല എന്ന് ആര്‍ക്കാണ് അറിയാത്തത്.
പിന്നെ ഇപ്പോള്‍ ഇത് പറയേണ്ടി വന്ന സാഹചര്യവും വിശേഷിച്ച് പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി ദേശീയ തലത്തില്‍ കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. പ്രത്യേകിച്ച് അത് ഒരു സംഘപരിവാര്‍ അജണ്ട കൂടിയാകുമ്പോള്‍. ഒരു കാര്യം അസനിഗ്ദമായി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. സംഘപരിവാര്‍ രാഷ്ട്രിയത്തെയാണോ കമ്മ്യൂണിസ്റ്റ് രാഷ്ട്രിയത്തെയാണോ ഞാന്‍ ആദ്യം എതിര്‍ക്കുക എന്ന് ചോദിച്ചാല്‍, രണ്ടാമതൊന്നാലോചിക്കാതെ ഞാന്‍ പറയും അത് സംഘപരിവാര്‍ രാഷട്രീയത്തെയാണ് എന്ന്. ഇതിന്റെ പേരില്‍ ഇനി ആരെങ്കിലും ഞാന്‍ കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറഞ്ഞാല്‍ അത് ഞാനങ്ങ് സഹിച്ചു.
പിന്നെ നാട്ടിലെ ജനങ്ങളെ ഇങ്ങനെ വില കുറച്ച് കാണരുത്. ഇടത് സര്‍ക്കാരിന്റെ ഈ ഒരു ക്യാംപെയിന്‍ കൊണ്ട്, ശ്രീ കരുണാകരനും, എ.കെ ആന്റണിയും സര്‍വ്വോപരി ശ്രി ഉമ്മന്‍ ചാണ്ടിയും ഒക്കെ ഈ നാടിന് ചെയ്ത സേവനങ്ങള്‍ ജനം വിസ്മരിക്കും എന്ന് കരുതിയെങ്കില്‍ തെറ്റിയത് നിങ്ങള്‍ക്കാണ്. രാഷട്രീയം വേണം പക്ഷെ അത് രാഷ്ട്രീയ അന്ധതയാവുന്നത് നമ്മുടെ ദൗര്‍ബല്യം കൊണ്ടാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss