|    Jan 24 Tue, 2017 8:45 am

ഇതര സംസ്ഥാന തൊഴിലാളിയുടെ കൊല: രണ്ട് ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍

Published : 2nd April 2016 | Posted By: SMR

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളി പെരിങ്ങളം കുരിക്കത്തൂര്‍ കള്ളു ഷാപ്പിനടുത്ത വാടക മുറിയില്‍ കൊല്ലപ്പെട്ട കേസില്‍ ഒഡീഷ സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍.
ഒഡീഷ സ്വദേശി സാഗിറിനെ (45) കഴുത്തില്‍ മുണ്ടു മുറുക്കി കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ കൂടെ താമസിച്ചിരുന്ന ഒഡീഷ കുര്‍ദ പല്ലാ ഗ്രാമപഞ്ചായത്ത് സ്വദേശി ബാബുലി ബസ്ത്യ(30), ലോകേഷ്പൂര്‍ സ്വദേശി സുഷാന്ത്കുമാര്‍ ബെഹ്‌റ(25) എന്നിവരെ അറസ്റ്റ് ചെയ്തത്. ചേവായൂര്‍ സിഐ എ വി ജോണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഒഡീഷയില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്. കൊല്ലപ്പെട്ട സാഗിറിന്റെ ഫോണില്‍ നിന്നു ലഭിച്ച ഒരു ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ സാഹസികമായിട്ടാണ് വലയിലാക്കിയത്.
കഴിഞ്ഞ മാര്‍ച്ച് 12 നടന്ന കൊലയ്ക്ക് ശേഷം 14നാണ് സാഗിറിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് കെട്ടിട ഉടമ മുറി തുറന്നു പരിശോധിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം അടുത്ത മുറിയില്‍ താമസിച്ചിരുന്ന രണ്ട് ഒഡീഷക്കാര്‍ സംഭവത്തിനു ശേഷം സ്ഥലത്തു നിന്നു മുങ്ങിയതായും കണ്ടെത്തി.
ഇവരുടെ യാതൊരു വിവരവും ലഭ്യമായിരുന്നില്ല.സാഗിറിന്റെ മുറിയില്‍ നിന്ന് മദ്യക്കുപ്പി, ഗ്ലാസ്, പ്ലാസ്റ്റിക് ബക്കറ്റ് എന്നിവ കണ്ടെത്തിയിരുന്നു. മൂന്നു മാസം മുമ്പാണ് സാഗര്‍ മുറി വാടകക്കെടുത്തത്. സുഹൃത്തുക്കള്‍ തൊട്ടടുത്ത മുറിയിലായിരുന്നു താമസം. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമാവാതിരുന്നത് പൊലീസിനെ ഏറെ കുഴക്കിയിരുന്നു.
മൂവരും കഞ്ചാവും മദ്യവും ഉപയോഗിക്കുന്നവരാണ്. സാഗിറാണ് പ്രതികള്‍ക്ക് മുറി ശരിയാക്കികൊടുത്തത്. ഫെബ്രുവരി മാസത്തെ വാടക കൊടുക്കാത്തതുമായി ബന്ധപ്പെട്ട് സംഭവ ദിവസം വാക്കേറ്റം നടന്നിരുന്നു. പണം കടം കൊടുത്തതിനെക്കുറിച്ചും തര്‍ക്കമുണ്ടായി. ആ പ്രകോപനത്തില്‍ കൊല നടത്തിയതാണെന്നും സാഗിറിന്റെ കൈവശമുള്ള പണം തട്ടിയെടുക്കാന്‍ പദ്ധതി ഇട്ടതായും പ്രതികള്‍ മൊഴി നല്‍കി. സിഐയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസ് ഉള്‍പ്പെടെയുളള അന്വേഷണ സംഘം ഒരാഴ്ചയിലധികം ഒഡീഷയില്‍ കറങ്ങിയാണ് പ്രതികളെ വലയിലാക്കിയത്. ചേവായൂര്‍ സിഐ എ വി ജോണ്‍, സിറ്റി െ്രെകം സ്‌ക്വാഡിലെ ഒ മോഹന്‍ദാസ്, കോഴിക്കോട് നോര്‍ത്ത് ഷാഡോ പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എം മുഹമ്മദ് ഷാഫി, എം സജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഖിലേഷ്, സുനില്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണചുമതല. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക