|    Jan 18 Wed, 2017 9:51 pm
FLASH NEWS

ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള വിവരങ്ങള്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാവുന്നില്ല

Published : 18th October 2016 | Posted By: Abbasali tf

മാനന്തവാടി: ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള പൂര്‍ണമായ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പാവുന്നില്ല. 2010 മുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിവരുന്നുണ്ടെങ്കിലും ഇവ നടപ്പാക്കുന്നില്ലെന്നു കണ്ടെതിനെ തുടര്‍ന്ന് അഞ്ചുമാസം മുമ്പ് കൂടുതല്‍ ശക്തമായ നിര്‍ദേശങ്ങള്‍ പോലിസ് തലത്തില്‍ നിന്നുണ്ടായിരുന്നു. പെരുമ്പാവൂര്‍ ജിഷ വധത്തോടെയായിരുന്നു പുതിയ നിര്‍ദേശങ്ങള്‍ പോലിസ് ഇറക്കിയത്. ഓരോ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുമുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് സൂക്ഷിക്കാനായിരുന്നു പ്രധാന നിര്‍ദേശം. ഇതിനു പുറമെ ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ജില്ലയില്‍ നാമമാത്ര പോലിസ് സ്‌റ്റേഷനുകള്‍ മാത്രമാണ് നിര്‍ദേശം നടപ്പാക്കാന്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ക്യാംപുകളുള്‍പ്പെടെ സംഘടിപ്പിച്ചത്. ഈ ക്യാംപുകളില്‍ തന്നെ മുഴുവന്‍ പേരെയെത്തിക്കാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒരാള്‍ പോലും പുതുതായി രജിസ്റ്റര്‍ ചെയ്യാത്ത നിരവധി പോലിസ് സ്‌റ്റേഷനുകള്‍ ജില്ലയിലുണ്ട്. തലപ്പുഴ പോലിസ് സ്‌റ്റേഷനില്‍ ഇതുവരെ 50 തൊഴിലാളികള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, തലപ്പുഴ, മക്കിമല, പേര്യ, വാളാട് ഭാഗങ്ങളിലായി നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്തുവരുന്നുണ്ട്. നിലവില്‍ തൊഴിലുടമകള്‍ക്കാണ് രജിസ്‌ട്രേഷന്‍ ചുമതല. എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും നിശ്ചിത തൊഴിലുടമയുടെ കൂടെ സ്ഥിരമായി ജോലി ചെയ്യുന്നവരല്ല. അധികരിച്ചാല്‍ രണ്ടോ മൂന്നോ മാസം മാത്രം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇത്തരക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനോ അതു പോലിസിനോ ലേബര്‍ ഓഫിസിനോ കൈമറാന്‍ തൊഴിലുടമകള്‍ മെനക്കെടാറില്ല. ഇതിനു പകരം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിട ഉടമകള്‍ വിവരങ്ങള്‍ കൈമാറണമെന്ന കര്‍ശന നിര്‍ദേശങ്ങളുണ്ടായിട്ടുമില്ല. ഗ്രാമങ്ങളില്‍ പോലും ചെറിയ മുറികളില്‍ അഞ്ചും പത്തും പേര്‍ കൂട്ടമായി താമസിച്ചുവരുന്നു. ഇവിടങ്ങളില്‍ തൊഴില്‍ വകുപ്പോ പോലിസോ പരിശോധനകള്‍ നടത്താറുമില്ല. തൊഴിലാളികളുടെ രണ്ടു കൊപ്പി ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവയാണ് പോലിസ് സ്‌റ്റേഷുകളില്‍ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍, ഇവിടങ്ങളിലെത്തുന്നവരില്‍ ഇത്തരം രേഖകളില്ലാത്തവര്‍ നിരവധിയാണെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന രേഖകള്‍ വച്ച് അവരുടെ നാട്ടില്‍ ഏതെങ്കിലും കേസുകളില്‍ പ്രതിയാണോ എന്നു തിരിച്ചറിയാന്‍ പോലിസ് ശ്രമം നടത്തിയിരുന്നെങ്കിലും കൃത്യമായി വിവരങ്ങള്‍ കൈമാറാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലിസ് തയ്യാറാവുന്നില്ലെന്നും പറയപ്പെടുന്നു. ഇതോടെയാണ് പോലിസ് ഇക്കാര്യത്തിലുള്ള കര്‍ശന നീക്കങ്ങള്‍ക്ക് താല്‍പര്യം കുറച്ചത്. എന്നാല്‍, കൊടുംകുറ്റവാളികള്‍ വരെ യാതൊരു നിയന്ത്രണമോ പരിശോധനകളോ കൂടാതെ സംസ്ഥാനത്തെത്തുന്നതും മാസങ്ങളോളം താമസിച്ച് ജോലി ചെയ്യുന്നതും സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും ആരോഗ്യരംഗത്തും ഭീഷണിയാണെന്നു കണ്ടെത്തിയിട്ടും ഏതുവിധേന നിയന്ത്രിക്കണമെന്ന കൃത്യമായ ധാരണ സര്‍ക്കാരിനില്ലാത്തതാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.

സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണം: ജില്ലാ പോലിസ് മേധാവി
കല്‍പ്പറ്റ: ജില്ലയില്‍ വിവിധ തൊഴിലുടമകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ തൊഴിലുടമകള്‍ അവര്‍ താമസിച്ചുവരുന്ന പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണം.  തൊഴിലാളികളുടെ മേല്‍വിലാസം തെളിയിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖകള്‍, താമസസ്ഥലത്തിന്റെ മേല്‍വിലാസം, ഫോട്ടോ എന്നിവയുമായാണ് ഹാജരാക്കേണ്ടതെന്നു ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു. നാളെ രാവിലെ ഒമ്പതുമുതല്‍ മേപ്പാടി, ഉച്ചയ്ക്ക് രണ്ടിനു ശേഷം അമ്പലവയല്‍, 20ന് രാവിലെ ഒമ്പതു മുതല്‍ മീനങ്ങാടി, ഉച്ചയ്ക്ക് രണ്ടിന് സുല്‍ത്താന്‍ ബത്തേരി, 21നു രാവിലെ ഒമ്പതു മുതല്‍ കമ്പളക്കാട്, ഉച്ചയ്ക്ക് പനമരം, 22നു രാവിലെ പടിഞ്ഞാറത്തറ, ഉച്ചയ്ക്ക് വൈത്തിരി. 23നു രാവിലെ പുല്‍പ്പള്ളി, ഉച്ചയ്ക്ക് രണ്ടിനു ശേഷം കേണിച്ചിറ, 24നു രാവിലെ മാനന്തവാടി, ഉച്ചയ്ക്ക് വെള്ളമുണ്ട, 24നു രാവിലെ ഒമ്പതു മുതല്‍ തലപ്പുഴ, ഉച്ചയ്ക്ക് രണ്ടിനു ശേഷം തിരുനെല്ലി എന്നിങ്ങനെയാണ് രജിസ്‌ട്രേഷനായി തൊഴിലുടമകള്‍ ഹാജരാവേണ്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക