|    Oct 20 Sat, 2018 1:52 pm
FLASH NEWS

ഇതര സംസ്ഥാന തൊഴിലാളികളെ മലയാള സാക്ഷരരാക്കാന്‍ പദ്ധതി

Published : 8th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: ഇതരസംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ മഞ്ചേശ്വരത്ത് ചങ്ങാതി പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാനത്ത് 14 ജില്ലകളില്‍ ഓരോ പഞ്ചായത്തുകളെയാണ് ഈ പദ്ധതിയില്‍ തിരഞ്ഞെടുത്തിട്ടുള്ളത്. കാസര്‍കോട് ജില്ലയില്‍ ജില്ലാ ലേബര്‍ ഓഫിസറുടെ കണക്ക് പ്രകാരം ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള മഞ്ചേശ്വരം പഞ്ചായത്തിനെയാണ് ചങ്ങാതി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ സര്‍വേ കഴിഞ്ഞ ദിവസം ആരംഭിച്ചു. മഞ്ചേശ്വരം പഞ്ചായത്തിലെ ശക്തിമാന്‍ ഫിഷറീസ് കോളനി, തുമിനാട്, കണ്വതീര്‍ത്ഥ, പെര്‍മുദ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത്. നേത്രാവതി പുഴ, ചന്ദ്രഗിരി പുഴ എന്നിവിടങ്ങളില്‍ നിന്ന് മീന്‍പിടിച്ച് ഉപജീവനം നടത്തുന്നരാണ് ഇവര്‍. ഇതിന് പുറമേ ഇവിടെയുള്ള രണ്ട് പ്ലൈവുഡ് ഫാക്ടറികളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ സംസാരിക്കാന്‍ അറിയുമെങ്കിലും മലയാളം വായിക്കാനും എഴുതാനും അറിയില്ല. കഴിഞ്ഞ ദിവസം സാക്ഷരാ പ്രേരക്മാരുടെ നേതൃത്വത്തില്‍ കുഞ്ചത്തൂര്‍ ഫിഷര്‍മാന്‍ കോളനിയില്‍ നടത്തിയ സര്‍വ്വേയില്‍ 16 വീടുകളിലായി 200 ഓളം പേര്‍ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും സ്വന്തമായി സ്ഥലവും റേഷന്‍ കാര്‍ഡുമുണ്ട്. എന്നാല്‍ മലയാളം വായിക്കാന്‍ അറിയില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക തയ്യാറാക്കിയ സാക്ഷരതാപാഠാവലി ഹമാരി മലയാളം എന്ന പുസ്തകമാണ് പഠനത്തിന് ഉപയോഗിക്കുന്നത്. ഹമാരി മലയാളം എന്ന പേരിലുള്ള പുസ്തകത്തിലൂടെ മൂന്ന് മാസം കൊണ്ട് മലയാളം വായിക്കാനും എഴുതാനും പഠിപ്പിക്കുന്ന എന്നതാണ്  പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. മിക്ക സ്ഥലങ്ങളിലും ചില ഇതര സംസ്ഥാന തൊഴിലാളികള്‍ മോഷണത്തിലും ക്രിമിനല്‍ കേസുകളിലുംപെടുന്നതു മൂലം ഇവരെ ജനങ്ങള്‍ അകറ്റി നിര്‍ത്താറുണ്ട്. ഇതില്‍ നിന്ന് മാറ്റം വരുത്തുന്നതിനായി ഇവര്‍ നമ്മുടെ ചങ്ങാതിമാരാണ് എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിക്ക് ചങ്ങാതി എന്ന പേരിട്ടിരിക്കുന്നത്.  പതിനഞ്ച് വയസിനു മുകളില്‍ പ്രായമുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ വിദ്യാകേന്ദ്രങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം മഞ്ചേശ്വരം പഞ്ചായത്തില്‍ ചേര്‍ന്ന ആലോചന യോഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. പദ്ധതി നടപ്പിലാക്കുന്ന കോളനികളില്‍ നിന്നു തന്നെ പഠിതാക്കളെ കണ്ടെത്തി അവര്‍ക്ക് പരിശീലനം നല്‍കി പഠനം നടത്താനാണ് തീരുമാനം.  സംസ്ഥാനത്ത് ആകെ സ്ഥിരതാമസമാക്കിയ മൂന്ന് ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇവരെ മലയാള ഭാഷ പഠിപ്പിച്ച് സമൂഹത്തിന്റെ ഭാഗമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് മണിക്കൂര്‍ ക്ലാസുകള്‍, ബോധവല്‍ക്കരണ പരിപാടികളും കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. പഠനം പൂര്‍ത്തിയാകുന്നവര്‍ക്ക് സാക്ഷരതാ മിഷന്‍ നടത്തുന്ന തുല്യതാ പരിപാടിയിലൂടെ തുടര്‍ പഠനത്തിന് അവസരം നല്‍കും. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പഞ്ചായത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. സാക്ഷരതമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ വി വി ശ്യാംലാല്‍ പദ്ധതി വിശദീകരിച്ചു. സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് വികസന വിദ്യാകേന്ദ്രം പ്രേരക്മാരായ പരമേശ്വര നായക്, ഗ്രേസി വേഗദ്, എന്‍ വിന്‍സെന്റ്, ഹരിണാക്ഷി, ശോഭ, സുധ ബി ഷേണായി നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss