|    Mar 18 Sun, 2018 4:06 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇതര സംസ്ഥാന തൊഴിലാളികളെ ഭാഷ പഠിപ്പിക്കല്‍ രൂപരേഖ തയ്യാറായി; ആദ്യഘട്ടം പെരുമ്പാവൂരില്‍

Published : 6th November 2016 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളികളെ ഭാഷ പഠിപ്പിക്കാന്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ പദ്ധതിയുടെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ രൂപരേഖ തയ്യാറായി. മലയാളം, ഹിന്ദി ഭാഷകളാണ് പഠിപ്പിക്കുക. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയിലാണ് ആദ്യഘട്ടമായി പദ്ധതി നടപ്പാക്കുക.
ഇതിന്റെ ഭാഗമായി മുനിസിപ്പാലിറ്റിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കാനുള്ള സര്‍വേ നടത്തും. സ ര്‍വേ നടപടികള്‍ വേഗത്തില്‍ പൂ ര്‍ത്തിയാക്കി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഇന്‍സ്ട്രക്ടര്‍ ട്രെയിനിങ്, സാക്ഷരതാ പാഠാവലി എന്നിവ തയ്യാറാക്കി 2017 ജനുവരിയില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല തേജസിനോട് പറഞ്ഞു. സാക്ഷരതാ മിഷന്റെ കീഴിലുള്ള പ്രേരകുമാര്‍ വഴി പഞ്ചായത്തുതലത്തില്‍ പദ്ധതി നടപ്പാക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്. എന്നാല്‍, തുടക്കമെന്ന നിലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രാഥമിക സാക്ഷരത മാത്രമായതിനാല്‍ പദ്ധതിക്കായി അധ്യാപകരുടെ ആവശ്യം വരുന്നില്ല. അറിവു നല്‍കാനായി വിദ്യാ ര്‍ഥികള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ലൈബ്രറി കൗ ണ്‍സില്‍ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും. ഇതര സംസ്ഥാനക്കാരെ പങ്കെടുപ്പിച്ച് പ്രാദേശിക ഗ്രന്ഥശാലകള്‍ വഴി സാമൂഹിക സാക്ഷരതയ്‌ക്കൊപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ച് ബോധവല്‍ക്കരണവും ന ല്‍കും.
ഇതിനു പുറമേ പരിസ്ഥിതി സാക്ഷരത, ഭിന്നലിംഗക്കാര്‍ക്കുള്ള തുടര്‍വിദ്യാഭ്യാസം, അടിസ്ഥാന സാക്ഷരത എന്നീ പദ്ധതികളും സാക്ഷരതാ മിഷന്‍ നടപ്പാക്കും. ഈ മാസം 10 മുതല്‍ 15 വരെ ബ്ലോക്ക്തലത്തില്‍ പരിസ്ഥിതി സാക്ഷരതാ സര്‍വേ നടത്തും. ഇതിനു ശേഷം പാഠാവലി തയ്യാറാക്കും. ഭിന്നലിംഗക്കാര്‍ക്ക് തുടര്‍വിദ്യാഭ്യാസം നല്‍കുന്നതിനായുള്ള ആലോചനാ യോഗം 10നു ചേരും. 28ന് ഇവര്‍ക്കായി തുടര്‍വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിക്കും. വിദ്യാഭ്യാസത്തിനൊപ്പം ഇവര്‍ക്ക് തൊഴില്‍ പരിശീലനവും നല്‍കുമെന്ന് ശ്രീകല പറഞ്ഞു. സംസ്ഥാനത്ത് 30,000 നും 40,000നും ഇടയില്‍ ഭിന്നലിംഗക്കാര്‍ ഉണ്ടെന്നാണ് പറയുന്നതെങ്കിലും പൂര്‍ണമായ കണക്കെടുപ്പിനായി സാക്ഷരതാ മിഷന്‍ സര്‍വേ നടത്തും. സമൂഹത്തില്‍ ഭിന്നലിംഗക്കാര്‍ നേരിടുന്ന അവഗണന മാറ്റി അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനാണ് സാക്ഷരതാ മിഷന്‍ ലക്ഷ്യമിടുന്നതെന്നും ശ്രീകല വ്യക്തമാക്കി.
18.5 ലക്ഷം നിരക്ഷരരാണ് നിലവില്‍ കേരളത്തിലുള്ളത്. നിരക്ഷരരായ മുഴുവന്‍ ആളുകള്‍ക്കും ഒറ്റഘട്ടത്തില്‍ സാക്ഷരത നല്‍കുന്നതിന് പ്രായോഗികമായ തടസ്സങ്ങളുള്ളതിനാല്‍ ഓരോ ജില്ലയിലും സാക്ഷരതയി ല്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഒരു പഞ്ചായത്തിനെ തിരഞ്ഞെടുത്ത് അടിസ്ഥാന സാക്ഷരത നല്‍കാനാണ് മറ്റൊരു പദ്ധതി. കാലക്രമേണ ഈ പദ്ധതി മറ്റു പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ച് സാക്ഷരതയുടെ തോത് ഉയര്‍ത്താനാണ് സാക്ഷരതാ മിഷന്റെ നീക്കം.
ഏകദേശ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്ത് 25 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവരെ സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകള്‍ സ ര്‍ക്കാരിന്റെ കൈവശമില്ല. കേരളത്തിന്റെ ഭാഗമായി മാറിയ ഇവരെ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും പഠിപ്പിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. അതുവഴി ഇവര്‍ നേരിടുന്ന അന്യതാബോധം ഇല്ലാതാവുകയും കുറ്റവാസനകള്‍ കുറയുകയും ചെയ്യും. അടിസ്ഥാനപരമായ വിദ്യാഭ്യാസം ലഭിക്കാത്തതാണ് ഇവര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ പെരുകാനും ശുചീകരണശീലം കുറയാനും കാരണമായി പല കോണുകളില്‍ നിന്നും വിലയിരുത്തപ്പെടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss