|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ധന

Published : 21st November 2018 | Posted By: kasim kzm

ശബരിമല: ശബരിമല ദര്‍ശനം തേടിയെത്തുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്‍തോതില്‍ തീര്‍ത്ഥാടകര്‍ സന്നിധാനത്തേ—ക്ക് എത്തുകയാണ്. സന്നിധാനത്ത് തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളില്‍ ഇവര്‍ സംതൃപ്തി അറിയിച്ചു. സുഖദര്‍ശനം നടത്താന്‍ കഴിയുന്നതിന്റെ സന്തോഷം തീര്‍ത്ഥാടകര്‍ക്ക് എല്ലാമുണ്ട്.
വഴിപാടുകള്‍ സുഗമമായി നടത്താന്‍ കഴിയുന്നതും നെയ്യഭിഷേകം നടത്തുന്നതിനു കൂടുതല്‍ സമയം ദേവസ്വം ബോര്‍ഡ് ഏര്‍പ്പെടുത്തിയതും തീര്‍ത്ഥാടകരുടെ സംതൃപ്തിക്ക് കാരണമായിട്ടുണ്ട്.
നിയന്ത്രണം സംബന്ധിച്ചു പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സന്നിധാനത്ത് എത്തിയതോടെ ബോധ്യപ്പെട്ടതായി തമിഴ്‌നാട് കാഞ്ചീപുരത്തു നിന്നു കുട്ടികള്‍ ഉള്‍െപ്പടെ 22 അംഗ സംഘത്തോടൊപ്പം എത്തിയ ശക്തിവേല്‍ സ്വാമി പറഞ്ഞു.
സന്നിധാനത്ത് നിയന്ത്രണമുണ്ടെന്ന വാര്‍ത്തകളും ഇവര്‍ തള്ളിക്കളഞ്ഞു. പോലിസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന നിര്‍ലോഭമായ സഹായങ്ങളില്‍ ഇവര്‍ തൃപ്തി പ്രകടിപ്പിച്ചു.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ വിശ്വാസികളും ശബരിമലയില്‍ ലഭ്യമായ സര്‍ക്കാര്‍ സേവനങ്ങളില്‍ സന്തോഷം അറിയിച്ചു.
അതിനിടെ, ശബരിമല തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളില്‍ ശുചീകരണം നടത്തുന്നതിനുള്ള വിശുദ്ധിസേനയുടെ വിന്യാസം പൂര്‍ത്തിയായി. ശബരിമല സന്നിധാനവും പരിസരവും ശുചിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതു ജില്ലാ കലക്ടര്‍ പി ബി നൂഹിന്റെ നിയന്ത്രണത്തിലുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളാണ്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നീ മൂന്നു കേന്ദ്രങ്ങളിലായി ആകെ 957 പേരെയാണ് ശുചീകരണത്തിനു നിയോഗിച്ചിട്ടുള്ളത്. ഓരോ കേന്ദ്രങ്ങളെയും പ്രത്യേകം സെക്ടറുകളായി തിരിച്ച് നാലു മുതല്‍ 10 വരെ നിരീക്ഷകരുടെ നേതൃത്വത്തിലാണു പ്രവര്‍ത്തനം എകോപിച്ചിട്ടുള്ളത്.
മൂന്നു കേന്ദ്രങ്ങളിലും 24 മണിക്കൂറും ശുചീകരണം നടക്കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss