|    Dec 12 Wed, 2018 8:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇതരസംസ്ഥാന ഭക്തരെ എത്തിച്ച് പ്രതിരോധം തീര്‍ക്കുമെന്ന് രാഹുല്‍ ഈശ്വര്‍

Published : 14th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല വിഷയത്തില്‍ റിവ്യൂ ഹരജികള്‍ പരിഗണിച്ച സുപ്രിംകോടതി യുവതീ പ്രവേശനം തടയാത്ത സാഹചര്യത്തില്‍ ഇതരസംസ്ഥാനത്ത് നിന്നുള്ള ഭക്തരെ എത്തിച്ച് കൂടുതല്‍ പ്രതിരോധം തീര്‍ക്കുമെന്ന് അയ്യപ്പധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതീ പ്രവേശനം തടയുമെന്ന പ്രഖ്യാപനത്തില്‍ നിന്നു പിന്നോട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജല്ലിക്കെട്ട് പോലുള്ള പ്രക്ഷോഭങ്ങള്‍ നയിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തര്‍ക്ക് വിഷയം കൂടുതല്‍ വികാരപരമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. തമിഴ്‌നാടിന് പുറമേ ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നാമജപ പ്രാര്‍ഥനകള്‍ക്കായി ഭക്തരെത്താമെന്ന് അറിയിച്ചിട്ടുണ്ട്. യുവതികള്‍ പ്രവേശിക്കുന്ന സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഇവരെ മുന്നില്‍ നിര്‍ത്തി പ്രതിഷേധപരിപാടികള്‍ നയിക്കുമെന്നും മറ്റ് അക്രമങ്ങളുണ്ടാവുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കോടതി വിധി എതിരാവുകയാണെങ്കില്‍ മണ്ഡല-മകരവിളക്ക് മഹോല്‍സവത്തിനായി നട തുറക്കുന്നതിന് തലേന്ന് തന്നെ സന്നിധാനത്തെത്തി പ്രതിഷേധ പരിപാടികള്‍ക്ക് രൂപംനല്‍കും. അക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുകയില്ലെന്നും ഗാന്ധി മാര്‍ഗത്തിലൂടെയുള്ള പ്രതിഷേധപരിപാടികളാണ് നടപ്പാക്കുകയെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന് ബിജെപി മുഖപത്രത്തില്‍ വന്ന വാര്‍ത്തയെ പുച്ഛിച്ച് തള്ളുന്നു. ജല്ലിക്കെട്ട് മാതൃകയില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് സുപ്രിം കോടതി വിധിയെ മറികടക്കാന്‍ ഇനിയും സാധ്യതകളുണ്ട്. അതുവരെ യുവതീ പ്രവേശനത്തില്‍ നിന്ന് ശബരിമലയെ സംരക്ഷിക്കുന്നതിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കും. മണ്ഡല-മകരവിളക്ക് കാലം പൂര്‍ത്തിയാവുന്നതുവരെ ശബരിമലയില്‍ തങ്ങുമെന്നും രാഹുല്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss