|    Apr 22 Sun, 2018 9:59 pm
FLASH NEWS

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കല്‍; സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടും

Published : 30th January 2016 | Posted By: SMR

കോഴിക്കോട്: നഗരത്തില്‍ സ ാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത്കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട അടിയന്തര നടപടിക്ക് സംസ്ഥാന സര്‍ക്കാരിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെടാന്‍ ഇന്നലെ നടന്ന കോര്‍പറേഷന്‍ കൗ ണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
കൗണ്‍സിലര്‍ അഡ്വ. സി കെ സീനത്ത് കൊണ്ടുവന്ന പ്രമേയത്തിലാണ് തീരുമാനം. പ്രമേയം ഭേദഗതികളോടെ ഐകകണ്‌ഠ്യേന പാസാക്കി. മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് ടി സി ബിജുരാജിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാക്കാമെന്ന അഭിപ്രായം ഉയര്‍ന്നു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മേയര്‍ വി കെസി മമ്മദ് കോയ അറിയിച്ചു. കുടിവെള്ള ക്ഷാമത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
നടക്കാവ് ചോമത്ത്പറമ്പ് കോര്‍പറേഷന്‍ ഭൂമി കൈയേറിയ വിഷയത്തില്‍ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നല്‍കുകയല്ലാതെ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്ന് പി കിഷന്‍ ചന്ദ് കുറ്റപ്പെടുത്തി. ഇതേ തുടര്‍ന്ന് ഫയല്‍ നോക്കി നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു. തൊണ്ടയാട് ജങ്ഷന്‍ മുതല്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ട് വരെ തെരുവുവിളക്കുകള്‍ കത്തുനില്ലെന്ന കെ സി ശോഭിതയുടെ ആക്ഷേപം തള്ളിയ മേയര്‍ കൗ ണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കരുതെന്നും പറഞ്ഞു. നഗരത്തില്‍ കൊതുകു നിവാരണത്തിനായി ഓടയില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നതിന് നല്‍കുന്ന ഫണ്ടിന്റെ മൂന്നാമത്തെ ഗഡു ലഭിച്ചില്ലെന്നും ജീവനക്കാര്‍ പണിക്ക് എത്തുനില്ലെന്നും എം സി സുധാമണി ചൂണ്ടിക്കാട്ടി. എന്നാല്‍ തൊഴിലാളികളുടെ അഭാവമാണ് ജോലികള്‍ നീണ്ടുപോവാന്‍ കാരണമെന്ന് സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയില്‍ വീടിനുള്ള ഭൂമി 30മീറ്റര്‍ സ്‌ക്വയര്‍ എന്നുള്ളത് 60മീറ്റര്‍ സ്‌ക്വയര്‍ ആക്കണമെന്ന എം സി അനില്‍കുമാറിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയമാക്കി അംഗീകരിക്കാമെന്ന് മേയര്‍ അറിയിച്ചു. എന്‍ജീനിയര്‍ ജീവനക്കാരുടെ കുറവ് നികത്തണമെന്നാവശ്യപ്പെട്ട് എം പി സുരേഷ് ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നു. ബേപ്പൂര്‍ വികസനത്തില്‍ കോര്‍പറേഷന്‍ കാലത്താമസം വരുത്തുന്നതായി എന്‍ സതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ അവതരിപ്പിച്ച 185 അജണ്ടകളില്‍ ഒരു അജണ്ട കൗണ്‍സില്‍ നിരാകരിച്ചു. വാടകകെട്ടിടം റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട അജണ്ടയാണ് കൗണ്‍സില്‍ നിരാകരിച്ചത്. കോര്‍പറേഷന്റെ സത്രം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ മാന്‍ഷന്‍, കെടിഡിസിയുമായി ഉണ്ടാക്കിയ 25 വര്‍ഷത്തെ ലീസ് എഗ്രിമെന്റ് അവസാനിച്ചിരിക്കെ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട അജണ്ട അരമണിക്കൂറോളം ചര്‍ച്ചയ്ക്കിടയാക്കി. കെട്ടിടം കെടിഡിസിക്ക് മാര്‍ച്ച് വരെ പുതുക്കി നല്‍കിയിട്ടുണ്ടെന്നു മേയര്‍ അറിയിച്ചു. കെട്ടിടം നിലവില്‍ ഉപയോഗശൂന്യമായ നിലയിലാണ്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ കെട്ടിടം പുതുക്കി പണിത് കൗണ്‍സിലിന്റെ അംഗീകാരത്തോടെ കരാര്‍ നല്‍കാമെന്നും എം സി അനില്‍ കുമാര്‍ അറിയിച്ചു. ഇതിനായി ഒരു കോടിരൂപ മാറ്റിവച്ചതായും കൗണ്‍സിലില്‍ അറിയിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ. പി എം സുരേഷ്ബാബു, അഡ്വ. പി എം നിയാസ്, എം സി അബ്ദുറഹ്മാന്‍, നമ്പിടിനാരായണന്‍, വിദ്യാബാലകൃഷ്ണന്‍, ഉഷാദേവി ടീച്ചര്‍, രാധാക്ൃഷ്ണന്‍ മാസ്റ്റര്‍, പി സി രാജന്‍, കിഷന്‍ചന്ദ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss