|    Jan 20 Fri, 2017 5:14 am
FLASH NEWS

ഇതരസംസ്ഥാന കുട്ടികള്‍ക്ക് മുന്നില്‍ അറിവിന്റെ പുതുലോകം

Published : 24th April 2016 | Posted By: SMR

അമ്പലവയല്‍: ഒറീസയില്‍ നിന്നെത്തി അമ്പലവയലിലെ ആയിരംകൊല്ലിയില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളിലെ അഞ്ചു കുട്ടികളെ അമ്പലവയല്‍ ഗവ. യുപി സ്‌കൂളില്‍ ചേര്‍ത്ത് ജില്ലാ ബാലക്ഷേമ സമിതി മാതൃകയായി. സ്‌കൂളില്‍ പോവാന്‍ താല്‍പര്യമുണ്ടായിട്ടും വിലാസവും അസ്തിത്വവും തെളിയിക്കുന്നതിന് രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒറിയ കുട്ടികളെ നിയമപോരാട്ടത്തിലൂടെ വിദ്യാലയത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ ബാലക്ഷേമ സമിതിക്കു കഴിഞ്ഞു.
ആയിരംകൊല്ലിയിലെ ആശാപ്രവര്‍ത്തകയായ സതീദേവി ഈ കുട്ടികളെ കാണാനിടയായതാണ് സംഭവത്തില്‍ വഴിത്തിരിവായത്. ആരോഗ്യപ്രവര്‍ത്തനങ്ങളും മറ്റുമായി പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ മെയിന്‍ റോഡിന് അഭിമുഖമായി കടയുടെ പുറകിലുള്ള ഇടുങ്ങിയ രണ്ടു വാടകമുറികളുടെ മുറ്റത്ത് ഒരുപറ്റം കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ആറു മാസം മുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ വേനലവധിക്കാലത്തെ ഓര്‍മിപ്പിക്കും വിധത്തില്‍ പലവിധ കളികളിലേര്‍പ്പെടുന്നു. അന്വേഷിച്ചപ്പോള്‍ ആരും തന്നെ സ്‌കൂളിന്റെ പടി കണ്ടിട്ടില്ല. കെട്ടിടനിര്‍മ്മാണ മേഖലയില്‍ കൂലിപ്പണി ചെയ്തു വരുന്ന കരുണയുടെയും ജയന്റെയും കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. കരുണ-സുപ്ര ദമ്പതികളുടെ മക്കളായ മോണ്ടു (13), ആരതി (9), സുഭാഷ് (6), നവ്യ (2), വര്‍ഷ (എട്ടു മാസം) എന്നിവരും ജയന്‍-വിലാന്ത ദമ്പതികളുടെ മക്കളായ കീരോ (12), നീരന്‍ (7), കാവ്യ (3), സാപ്പി (ആറു മാസം) എന്നിവരുമായിരുന്നു കുട്ടികള്‍.
രണ്ടു കുടുംബങ്ങളിലെയും രക്ഷിതാക്കള്‍ക്ക് കുട്ടികളെ സ്‌കൂളിലയക്കാന്‍ താല്‍പര്യമുണ്ടെങ്കിലും അന്യ സംസ്ഥാനക്കുട്ടികളെ ഇവിടുത്തെ സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുമോ എന്നറിയാത്തതിനാലും ആരോട് ചോദിക്കണമെന്നറിയാത്തതിനാലും ആഗ്രഹത്തിനു പുറകേ പോയില്ല. താല്‍പര്യമുണ്ടെന്നറിഞ്ഞപ്പോള്‍ കുട്ടികളെ എങ്ങനെയും സ്‌കൂളിലെത്തിക്കണമെന്നു സതീദേവിക്ക് തോന്നി. 2014 നവംബറില്‍ അമ്പലവയല്‍ ഗവ. ഹൈസ്‌കൂളിലെത്തി ഹെഡ്മാസ്റ്ററെ കണ്ടു. തിരിച്ചറിയലും വിലാസവും തെളിയിക്കുന്നതിനുള്ള രേഖകള്‍ ചോദിച്ചിടത്ത് പരാജയം നേരിട്ടു. കുടുംബത്തിന് ആധാര്‍കാര്‍ഡോ റേഷന്‍കാര്‍ഡോ ഇല്ല. മാത്രവുമല്ല അധ്യയനം തുടങ്ങി മാസങ്ങള്‍ പിന്നിട്ടതിനാല്‍ ശ്രമം തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചു.
ബാലക്ഷേമ സമിതിയില്‍ കാര്യം അവതരിപ്പിക്കാന്‍ സതീദേവിക്ക് തോന്നിയത് അടുത്ത വഴിത്തിരിവായി. സമിതി ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം ഉടന്‍ തന്നെ സമിതിയുടെ സുല്‍ത്താന്‍ ബത്തേരി പ്രദേശത്തിന്റെ ചുമതല വഹിക്കുന്ന ഡോ. പി ലക്ഷ്മണനെ വിവരം ധരിപ്പിച്ചു. അദ്ദേഹം വിശദമായി അന്വേഷണം നടത്തി രണ്ട് അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ ആയിരംകൊല്ലിയില്‍ താമസിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പ്രദേശത്തെ സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകനായ അശ്വിന്‍ കൃഷ്ണയെ നേരിട്ട് അയക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹവും അശ്വിന്‍ കൃഷ്ണയും ആശാ പ്രവര്‍ത്തക സതീദേവിയും ബാലക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകവും വീട്ടിലെത്തി രക്ഷകര്‍ത്താക്കളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കി. കഴിഞ്ഞ (2015-16) അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ ത്തന്നെ ഇതേ സംഘം സ്‌കൂളിലെത്തി പ്രധാനാധ്യാപകനെ കണ്ട് വിവരം ധരിപ്പിച്ചു. സാധാരണ രീതിയില്‍ ചേര്‍ക്കാനുള്ള സാധ്യതകളില്ലാത്തതിനാല്‍ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം പ്രായത്തിനനുസരിച്ച ക്ലാസില്‍ (ഏജ് അപ്രോപ്രിയേറ്റ് ക്ലാസ്) കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ബാലക്ഷേമസമിതി ചെയര്‍മാന്‍ അഡ്വ. ഫാ. തോമസ് ജോസഫ് തേരകം പ്രധാനാധ്യാപകന് കത്ത് നല്‍കി. അതുപ്രകാരം 2015 ആഗസ്തില്‍ പ്രായത്തിനനുസരിച്ച ക്ലാസുകളില്‍ കുട്ടികളെ പ്രവേശിപ്പിച്ചു. കീരോ, മോണ്ടു എന്നിവര്‍ക്ക് യുപി വിഭാഗത്തിലും നീരന്‍, ആരതി, സുഭാഷ് എന്നിവര്‍ക്ക് എല്‍പി വിഭാഗത്തിലുമാണ് പ്രവേശനം ലഭിച്ചത്. ഇവരെ സുരക്ഷിതമായി സ്‌കൂളിലെത്തിക്കാന്‍ വാഹന സൗകര്യമൊരുക്കുന്നതിന് അമ്പലവയല്‍ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
സ്‌കൂളില്‍ ചേര്‍ന്നതോടെ സന്തോഷമായെങ്കിലും അഞ്ചു പേര്‍ക്കും ഭാഷ തടസ്സമായി. കീരോയ്ക്കും മോണ്ടുവിനും പാഠഭാഗങ്ങള്‍ തീരെ മനസ്സിലാക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അവരെയും എല്‍പി വിഭാഗത്തിലേക്കു മാറ്റി. ഭാഷ പഠിപ്പിക്കാനും മറ്റു പെരുമാറ്റ രീതികള്‍ പഠിപ്പിക്കാനും സ്‌കൂളിലെ സിനി ജോസഫ് ടീച്ചറെ ചുമതലപ്പെടുത്തി. ചേരുമ്പോഴേക്കും ആഗസ്ത് മാസമായതിനാല്‍ പാഠപുസ്തക വിതരണത്തിന്റെയും യൂനിഫോം വിതരണത്തിന്റെയും സമയം കഴിഞ്ഞിരുന്നതിനാല്‍ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് പുസ്തകങ്ങളും യൂണിഫോമും ശേഖരിച്ചു നല്‍കി.
അഞ്ചു പേരും ദിവസവും ഉല്‍സാഹത്തോടെ സ്‌കൂളില്‍ വരും. സ്‌കൂളിലെ കായിക മല്‍സരങ്ങളിലും പങ്കാളികളായി. ക്ലാസുകളില്‍ ഓരോരുത്തര്‍ക്കും സുഹൃത്തുക്കളുമുണ്ട്. സ്‌കൂളില്‍ നിന്നും ലഭിക്കുന്ന ഉച്ചഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കണമെന്ന് അഞ്ചു പേര്‍ക്കും നിര്‍ബന്ധമാണ്. രക്ഷകര്‍തൃ യോഗത്തിനു വിളിച്ചാല്‍ രക്ഷിതാക്കള്‍ വരില്ലെന്നതു മാത്രമാണ് ഒരു കുറവ്. എന്നാല്‍, അധ്യാപകരിലാരെങ്കിലും വീട്ടിലെത്തി കാര്യമറിയിക്കും.
മുതിര്‍ന്ന കുട്ടികളെ അപേക്ഷിച്ച് ചെറിയ കുട്ടികളാണ് പെരുമാറ്റ രീതികളും ഭാഷയും പാഠഭാഗങ്ങളുമെല്ലാം എളുപ്പത്തില്‍ പഠിച്ചെടുക്കുന്നതെന്ന് ഇവര്‍ക്കായി നിയോഗിച്ച സിനി ടീച്ചര്‍ പറഞ്ഞു. കൃത്യസമയത്ത് വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. വിദ്യാഭ്യാസവും പരിഗണനയും ലഭിക്കാതെ വളരുന്ന കുട്ടികള്‍ ഭാവിയില്‍ സാമൂഹികദ്രോഹികളായി മാറി സമൂഹത്തിന് ഭീഷണിയാവുന്നത് തടയാന്‍ ഇത്തരം പ്രവര്‍ത്തികൊണ്ട് സാധിക്കുമെന്ന് ഫാ. തേരകം വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്‌കൂള്‍ പ്രമോഷന്‍ ലിസ്റ്റില്‍ അഞ്ചു പേരും ഉള്‍പ്പെട്ടിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 58 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക