|    Oct 17 Wed, 2018 6:13 am
FLASH NEWS

ഇതരസംസ്ഥാനക്കാര്‍ കൂട്ടത്തോടെ; വിവരശേഖരണം നടത്താതെ അധികാരികള്‍

Published : 25th September 2017 | Posted By: fsq

 

തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്കിലും പ്രദേശങ്ങളിലും അന്യസംസ്ഥാനക്കാര്‍ കൂട്ടത്തോടെയെത്തുമ്പോഴും പോലിസും പഞ്ചായത്ത് അധികൃതരും കൃത്യമായ വിവരശേഖരണം നടത്താന്‍ തയ്യാറാവാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നു. പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തിരിക്കുന്ന അന്യസംസ്ഥാനക്കാരെക്കുറിച്ച് പോലിസ് കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാത്തത് വരുംനാളുകളില്‍ വലിയ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. ഇവരെ താമസിപ്പിച്ചിരിക്കുന്ന കെട്ടിടമുടമകള്‍ക്ക് ഏതു സംസ്ഥാനക്കാരാണെന്നുപോലുമറിയില്ല. ആസാം, ബംഗാള്‍, ഒറീസ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൂടുതലായുമുള്ളത്. കഴിഞ്ഞദിവസം വെട്ടിക്കാട്ട്മുക്ക് തൈക്കാവ് പള്ളിയുടെ മതില്‍ക്കെട്ടുകള്‍ ഇളക്കിമാറ്റാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സംഭവമറിഞ്ഞ് പള്ളിക്കമ്മിറ്റി പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടുകയൂം ഇവരുമായി ഏറെ നേരം ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തിരുന്നു. വിവരം തിരക്കിയപ്പോള്‍ അലക്കുന്ന ആവശ്യത്തിനുവേണ്ടിയാണ് കല്‍ക്കെട്ടുകള്‍ പൊളിച്ചതെന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. ഇവര്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും കൂടുതലാണ്. നാട്ടിന്‍പുറങ്ങളില്‍ വിദ്യാര്‍ഥികളെയും മറ്റും കേന്ദ്രീകരിച്ച് ഇവര്‍ കഞ്ചാവ്, ഹാന്‍സ് തുടങ്ങി നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങളും കച്ചവടം നടത്തുന്നുണ്ട്. സ്ത്രീകളാണ് ഇതില്‍ കൂടുതലും സജീവം. ഇവരെ നിരീക്ഷിക്കാന്‍ പോലിസ് ഉള്‍പ്പടെയുള്ളവര്‍ കൂട്ടാക്കുന്നില്ലെന്നാണ് പരാതി. അന്യസംസ്ഥാനക്കാരെ താമസിപ്പിക്കാന്‍ കെട്ടിട ഉടമകള്‍ തമ്മിലും മല്‍സരമാണ്. നിരവധി കെട്ടിടങ്ങളാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഇവിടെയെല്ലാം താമസിക്കുന്നതും അന്യസംസ്ഥാനക്കാരാണ്. കെട്ടിടങ്ങളുണ്ടെങ്കിലും ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങള്‍ പലയിടത്തുമില്ലാത്ത സ്ഥിതിയാണ്. മൂവാറ്റുപുഴയാറിന്റെ തീരങ്ങളും പുറമ്പോക്കുകളുമാണ് ഇവര്‍ പ്രാഥമികാവശ്യത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതുമൂലം പല സ്ഥലങ്ങളിലും രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. നാട്ടുകാര്‍ക്കിടയില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിവയ്ക്കുന്നുണ്ട്. അന്യസംസ്ഥാനക്കാര്‍ താമസിക്കുന്നതിനോട് നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോഴും ഇവരെ വന്‍തോതില്‍ ഇറക്കുമതി ചെയ്ത് നിര്‍മാണമേഖലയിലെ കരാറുകാരാണ് നേട്ടം കൊയ്യുന്നത്. കാരണം നാട്ടിലെ തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട കൂലിയുടെ പകുതി മാത്രം ഇവര്‍ക്ക് നല്‍കിയാല്‍ മതി. ഇപ്പോള്‍തന്നെ കെട്ടിടനിര്‍മാണമേഖലയില്‍നിന്ന് നാട്ടിലെ തൊഴിലാളികള്‍ പുറത്തായിക്കൊണ്ടിരിക്കുകയാണ്. കെട്ടിടനിര്‍മാണത്തിനു പുറമെ ഫര്‍ണീച്ചര്‍, ഹോട്ടല്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം അന്യസംസ്ഥാനക്കാര്‍ തന്നെയാണ് ഏറെയും. തലയോലപ്പറമ്പ് മാര്‍ക്കറ്റിലെ ഭൂരിഭാഗം തൊഴിലാളികളും ഇപ്പോള്‍ ഇതരസംസ്ഥാനക്കാരായി മാറിയിരിക്കുകയാണ്. ഇവര്‍ക്കിടയില്‍ യൂനിയനുകള്‍ രൂപീകരിച്ച് നേട്ടം കൊയ്യാന്‍ പ്രാദേശികതലത്തിലെ ചില നേതാക്കള്‍ കോപ്പുകൂട്ടുന്നതായും വിവരമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss