|    Jun 28 Wed, 2017 5:47 pm
FLASH NEWS

ഇടുങ്ങിയ മുറിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി മാറ്റിസ്ഥാപിക്കാന്‍ നിര്‍ദേശം

Published : 9th November 2016 | Posted By: SMR

ബാലരാമപുരം: ഇടുങ്ങിയ മുറിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടി മാറ്റാന്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോഗ്രാം ഓഫിസറുടെ ഉത്തരവ്. വിശാലമായ സ്വന്തം കെട്ടിടത്തില്‍ നിന്നും 10 മാസം മുമ്പ് ഇടുങ്ങിയ മുറിയിലേക്ക് അങ്കണവാടി മാറ്റിയപ്പോള്‍ സൗകര്യങ്ങള്‍ ഉണ്ടെന്നാണ് അന്ന് സ്‌റ്റേറ്റ് പ്രോജക്ട് ഓഫീസര്‍ റിപോര്‍ട്ട് നല്‍കിയത്. നാട്ടുകാരുടെ പ്രതിഷേധം മറികടന്നാണ് അന്നു അങ്കണവാടി മാറ്റി സ്ഥാപിച്ചത്. ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ 20ാം വാര്‍ഡില്‍ വാണിഗര്‍ തെരുവില്‍ 24 കുട്ടികളുമായി പ്രവര്‍ത്തിച്ചിരുന്ന ഐഡിഡിഎസ് നേമം പ്രോജക്ടിലെ 39ാം നമ്പര്‍ അങ്കണവാടി മാറ്റുന്നതിനെതിരെ നാട്ടുകാര്‍ എതിര്‍പ്പുമായി വന്നപ്പോള്‍ പോലിസിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് പഞ്ചായത്ത് ഓഫിസിന് സമീപത്തെ ഇടുങ്ങിയ മുറിയിലേക്ക് മാറ്റിയത്. നബാര്‍ഡിന്റെ നേതൃത്വത്തില്‍ ബാലരാമപുരം ഗ്രാമപ്പഞ്ചായത്തില്‍ കൊണ്ടുവന്ന കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിര്‍മിക്കാന്‍ വേണ്ടിയാണ് വാണിഗര്‍ തെരുവിലെ അങ്കണവാടി ഒഴിപ്പിച്ചത്. ഇവിടെ എട്ടുസെന്റ് സ്ഥലത്താണ് ടാങ്ക് നിര്‍മിക്കാന്‍ നല്‍കിയത്. പ്രാദേശിക എതിര്‍പ്പ് രൂക്ഷമായതോടെ അന്നത്തെ എംഎല്‍എയായ ജമീല പ്രകാശം വിഷയത്തില്‍ ഇടപെടുകയും ഒരുവര്‍ഷത്തിനുള്ളില്‍ ടാങ്ക് നിര്‍മിച്ച്് ടാങ്കിന് താഴെയായി അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കുമെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അന്നു യുഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിനോട് ചേര്‍ന്നുള്ള മുറിയില്‍ അങ്കണവാടി പ്രവര്‍ത്തിക്കാന്‍ വേണ്ട എല്ലാ സൗകര്യവും ഒരുക്കിയതായും അധികൃതര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ വി എസ് വേണുവിനെ നിയോഗിച്ചു. ഇടുങ്ങിയ മുറി അങ്കണവാടിക്ക് അനുയോജ്യമാണെന്നും എല്ലാ സൗകര്യവും ഒരുക്കിയെന്നും ഇദ്ദേഹം റിപോര്‍ട്ട് നല്‍കി. തുടര്‍ന്ന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് എം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അങ്കണവാടി ഒഴിപ്പിച്ച് ഇടുങ്ങിയ മുറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഈ മുറിയില്‍ കുട്ടികള്‍ക്ക് നിവര്‍ന്ന് നില്‍ക്കുവാനോ കാല്‍നീട്ടി കിടക്കുവാനോ സൗകര്യമില്ലെന്ന് കാട്ടി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്റെ അടിസ്ഥാനത്തില്‍ ബാലവകാശ കമ്മീഷന്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം അങ്കണവാടി മാറ്റി സ്ഥാപിക്കണമെന്ന് ബാലവകാശ കമ്മീഷന്‍ സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്ന് അങ്കണവാടി സന്ദര്‍ശിച്ച സിഡിപിഒ ഒരാഴ്ചക്കകം അങ്കണവാടി വാടക കെട്ടിടത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഒരുവര്‍ഷത്തിനകം അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കാമെന്ന വാട്ടര്‍ അതോറ്റിയുടെ പ്രഖ്യാപനവും പാഴ്‌വാക്കായി. അതേസമയം, പഴയ കെട്ടിടത്തിലേക്ക് തന്നെ അങ്കണവാടി മാറ്റണമെന്ന ആവശ്യവുമായി ഒരുവിഭാഗം നാട്ടുകാര്‍ രംഗത്തുവന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക