|    Dec 18 Mon, 2017 10:49 am
Home   >  Todays Paper  >  Page 4  >  

ഇടുക്കി: വലത്തേക്ക് ചായാന്‍ മടി; നിര്‍ണായകമാവുക അടിയൊഴുക്കും കന്നി വോട്ടുകളും

Published : 15th May 2016 | Posted By: SMR

idukki map

സി എ സജീവന്‍

തൊടുപുഴ: ജില്ലയില്‍ നിന്നു നിയമസഭാ സാമാജികരില്ലെന്ന നാണക്കേടിന് അറുതി വരുത്താനാവുമെന്ന് കോണ്‍ഗ്രസ്സും പിളര്‍പ്പിനെ തളയ്ക്കുന്നതിനൊപ്പം രണ്ടു സീറ്റുകളിലും ജയം ആവര്‍ത്തിക്കാമെന്ന് കേരളാ കോണ്‍ഗ്രസ്സും കരുതുന്നു. എന്നാല്‍, ഇക്കുറിയും കോണ്‍ഗ്രസ്സിന് ജയം തരില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജിലൂടെ ഇടുക്കി പിടിച്ചടക്കി ജില്ലയില്‍ മേധാവിത്വം തെളിയിക്കുമെന്നുമാണ് സിപിഎമ്മിന്റെ അവകാശവാദം.
ഇടുക്കിയില്‍ കഴിഞ്ഞ തവണ പിടിച്ചതിനേക്കാള്‍ വോട്ടുകള്‍ നേടുമെന്നാണ് റോഷി അഗസ്റ്റിന്റെ വാദം.എന്നാല്‍, ഫ്രാന്‍സിസ് ജോര്‍ജിന് വിജയം ഉറപ്പാണെന്ന് എല്‍ഡിഎഫ് പറയുന്നു. കേരളാ കോണ്‍ഗ്രസ്സി(മാണി)ലും കോണ്‍ഗ്രസ്സിലും ഇക്കുറി വോട്ടുചോരുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു. പട്ടയപ്രശ്‌നങ്ങളും ഭൂമി പ്രശ്‌നങ്ങളും മെഡിക്കല്‍ കോളജും വാഗ്ദാന ലംഘനവുമെല്ലാമാണ് ഇവിടെ വോട്ടുചര്‍ച്ചയായത്. ഇ എസ് ബിജിമോളെന്ന മഹാമേരുവിനെ വീഴ്ത്താന്‍ ലഭിച്ച ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെന്നായിരുന്നു കോണ്‍ഗ്രസ്സിലെ അഡ്വ. സിറിയക് തോമസിനെ കണക്കുകൂട്ടിയത്. തോട്ടം തൊഴിലാളി മേഖലയായ ഈ മണ്ഡലത്തില്‍ അവരുടെ പിന്തുണയാണ് വിധി നിര്‍ണയിക്കുക. ഉടുമ്പഞ്ചോലയില്‍ നിര്‍ണായകമാവുക ഇതര സമുദായ വോട്ടുകളാവും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം എം മണി, കോണ്‍ഗ്രസ്സിലെ സേനാപതി വേണു, എന്‍ഡിഎയിലെ സജി പറമ്പത്ത്, എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി ഷാനവാസ് ബക്കര്‍ എന്നിവരാണ് പ്രധാനമായും രംഗത്തുള്ളത്.
എഐഎഡിഎംകെയുടെ ശക്തമായ സാന്നിധ്യവും പൊമ്പിളൈ ഒരുമ സ്ഥാനാര്‍ഥിയുമാണ് ദേവികുളത്തെ വിജയം നിര്‍ണയിക്കുക. ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ ആരെയാണ് ബാധിക്കുകയെന്നതാണ് കാര്യം. സിറ്റിങ് മണ്ഡലത്തില്‍ മൂന്നാം തവണയും വിജയം നോട്ടമിടുകയാണ് സിപിഎമ്മിന്റെ എസ് രാജേന്ദ്രന്‍. തോട്ടം തൊഴിലാളി വോട്ടുകള്‍ ഏത് രീതിയില്‍ വിഭജിക്കപ്പെടുമെന്നത് നിര്‍ണായകമാണ്. വിജയം ഉറപ്പിച്ച മട്ടിലാണ് തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി ജെ ജോസഫ്. മറ്റ് എല്ലാ മണ്ഡലങ്ങളിലും ഐക്യമുന്നണി കടപുഴകിയപ്പോഴും കൂടെ നിന്ന ആ വോട്ടുകളാണ് ജോസഫിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. റോയി വാരികാട്ടും ശക്തമായി രംഗത്തുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss