|    May 29 Mon, 2017 9:48 am
FLASH NEWS

ഇടുക്കി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളുടെ പഠിപ്പുമുടക്ക്

Published : 28th June 2016 | Posted By: SMR

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. അധികൃതര്‍ അടിസഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതുമൂലം പഠനം അവതാളത്തിലായതിനെ തുടര്‍ന്നാണ് കോളജ് യൂനിയന്റെ നേതൃത്വത്തില്‍ സമരത്തിന് തുടക്കമിട്ടത്.
പഠനം ആരംഭിച്ച് രണ്ടാം വര്‍ഷം തുടങ്ങുമ്പോഴും ഒന്നാം വര്‍ഷത്തേയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പോലും ലഭ്യമായിട്ടില്ലെന്ന് യൂനിയന്‍ ചെയര്‍മാന്‍ ആനന്ദ് രാജ് പറഞ്ഞു. അതുകൊണ്ട് രണ്ടാം വര്‍ഷത്തേയും പഠനകാര്യങ്ങളില്‍ തടസ്സം നേരിടുകയാണ്. രണ്ട് ബാച്ചുകളിലായി നൂറു കുട്ടികളാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ പഠിക്കുന്നത്. ഓരോ വിഭാഗത്തിനും പ്രത്യേകം ലക്ചര്‍ ഹാള്‍ വേണ്ടിടത്ത് ആകെ രണ്ട് ക്ലാസുകള്‍ മാത്രമാണുള്ളത്. പ്രഫസര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഇരിക്കാന്‍ സൗകര്യമില്ല.
രണ്ടാം വര്‍ഷം മുതല്‍ രോഗികളോടുത്തുള്ള പഠനക്രമീകരണങ്ങളാണ് സിലബസിലുള്ളത്. എന്നാല്‍ മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള ആശുപത്രിയില്‍ ഇതിനുള്ള സൗകര്യങ്ങളില്ല.
ആവശ്യമായ കെട്ടിട സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെക്കു നിയമിക്കുന്ന പ്രഫസര്‍മാര്‍ക്ക് ഇരിക്കുന്നതിനുള്ള മുറികളില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് നിയമന ഉത്തരവുമായി വരുന്ന പ്രഫസര്‍മാരും മറ്റ് ജീവനക്കാരും ഉടന്‍തന്നെ മറ്റിടങ്ങളിലേയ്ക്ക് നിയമനം മാറ്റി വാങ്ങി പോവുന്നെന്നും ഇതുമൂലം രണ്ടാംവര്‍ഷവും ക്ലാസ് മുറികളില്‍ ഇരുന്നുള്ള പുസ്തക പഠനം മാത്രമാണ് നടക്കുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
മെയ് അവസാന വാരം ആരംഭിക്കേണ്ടിയിരുന്ന നാലാം സെമസ്റ്റര്‍ ജൂണ്‍ പൂര്‍ത്തിയായിട്ടും ആരംഭിച്ചിട്ടില്ല. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന സൗകര്യങ്ങളില്‍ നാലില്‍ ഒന്നുപോലും ഒരുക്കാത്തതിനാലാണ് ക്ലാസുകള്‍ ഇനിയും ആരംഭിക്കാത്തത്. ഡെര്‍മെറ്റോളജി, ഓര്‍ത്തോപിഡിക്, പീഡിയാട്രിക്, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, എന്നീ ക്ലിനിക്കല്‍ വിഷയങ്ങളാണ് നാലാം സെമസ്റ്ററില്‍ പഠിക്കാനുള്ളത്. 30 അധ്യാപകരും 24 അനുബന്ധ ജീവനക്കാരും വേണമെങ്കിലും ഒരാള്‍ പോലും എത്തിയിട്ടില്ലെന്നു സമരക്കാര്‍ ചൂണ്ടിക്കാട്ടി.
ടി ബി, ചെസ്റ്റ്, ഇഎന്‍ടി എന്നിവയ്ക്ക് നാല് അധ്യാപകരാണുള്ളത്. സര്‍ജറി വിഭാഗങ്ങള്‍ക്കായി ഓപ്പറേഷന്‍ തീയേറ്റര്‍ സംവിധാനങ്ങളില്ല. പാത്തോളജി, മൈക്രോ ബയോളജി, ഫാര്‍മസ്യോളജി എന്നിവയ്ക്കുള്ള ലബോറട്ടറികളില്ല. ഫോറന്‍സിക് മെഡിസിന് ആവശ്യമായ ഓട്ടോപ്‌സി റൂം, മോര്‍ചറി, മ്യൂസിയം എന്നിവയും വേണ്ടതാണെങ്കിലും ഇതേ കുറിച്ച് ഒരു നടപടിയും ആയിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഒരുക്കാത്തതുമൂലം മൂന്നാംവര്‍ഷത്തെ പ്രവേശനം തടഞ്ഞതായും ഇവര്‍ ആരോപിക്കുന്നു.
സമരത്തിന് ആഴ്ചകള്‍ക്കുമുമ്പേ വിദ്യാര്‍ഥി സംഘം മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കണ്ട് നിവേദനം നല്‍കിയിരുന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് വേളയില്‍ വോട്ടു നേടുന്നതിനായി എംഎല്‍എ അടക്കമുള്ള ഭരണ-പ്രതിപക്ഷ വിഭാഗങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജിന്റെ നേട്ടങ്ങളും ശോചനീയാവസ്ഥകളും വിളച്ചോതി അവസരം മുതലാക്കിയതല്ലാതെ നൂറോളം വരുന്ന വിദ്യാര്‍ഥികളുടെ ഭാവിയെ കുറിച്ച് ചിന്തിച്ചില്ലെന്നും അതിനാല്‍ അനിശ്ചിതകാല സമരത്തിലേക്കു നീങ്ങുകയാണെന്നും യൂനിയന്‍ ചെയര്‍മാന്‍ ആനന്ദ് രാജ് പറഞ്ഞു. സെക്രട്ടറി ശ്രീരാഗ് ഇ എസ്, വിദ്യാര്‍ഥി പ്രതിനിധി ബിബിന്‍ ദിലീപ് എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day