|    Oct 19 Fri, 2018 3:35 am
FLASH NEWS

ഇടുക്കി മെഡിക്കല്‍ കോളജ് : പണിയെടുക്കാതെ ശമ്പളംവാങ്ങുന്നത് 21 ജീവനക്കാര്‍

Published : 11th September 2017 | Posted By: fsq

 

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പേരിനുമാത്രമായതോടെ ഇവിടുത്ത ജീവനക്കാര്‍ക്കും പണിയൊന്നുമില്ലാതായി. ജോലി ചെയ്യാന്‍ മനസ്സുണ്ടെങ്കിലും കാര്യമായ പണികളൊന്നുമില്ലാത്തതിനാല്‍ വെറുതേയിരുന്നു ശമ്പളം വാങ്ങുന്ന സ്ഥിതിയിലാണ് 21 ജീവനക്കാര്‍. മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അന്ന് നിയമിച്ച 21ഓളം ജീവനക്കാര്‍ ഇപ്പോഴും ഇവിടെ നിലവിലുണ്ട്. അറ്റന്‍ഡര്‍, വിവിധ ആശുപത്രി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ മുതലായവരാണ് ഇവര്‍. നിലവില്‍ ഒരു ജോലിയും ഇവര്‍ക്കില്ല. ഇവരുടെ സേവനം ലഭ്യമാക്കിയാല്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടും. അവിടെ മതിയായ ജീവനക്കാര്‍ ലഭ്യമാവാത്തതിനാല്‍ പലപ്പോഴും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ പോവുമ്പോഴാണ് 21 പേര്‍ ഒരു ജോലിയും ഇല്ലാതെ രണ്ട് വര്‍ഷമായി വെറുതെ ഇരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ തീരുമാനം ഉണ്ടെങ്കില്‍ മാത്രമെ ഇവരുടെ ഡ്യൂട്ടിയില്‍ മാറ്റം വരുത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, ഇതിന് ആരും ശ്രമിക്കുന്നില്ല. ഇടുക്കി ജില്ലാ ആശുപത്രിയുടെ സൂപ്രണ്ട് റിട്ടയര്‍ ചെയ്്തിട്ട് മാസങ്ങള്‍ കഴിഞ്ഞു. സൂപ്രണ്ടിന്റെ അസാന്നിധ്യത്തില്‍ ചുമതല വഹിക്കേണ്ട ഡെപ്യൂട്ടി സൂപ്രണ്ട് സ്ഥലംമാറി പോവുകയും ചെയ്തു. നിലവില്‍ ഒരു സ്‌പെഷ്യാലിറ്റി ഡോക്ടര്‍ക്ക് ചാര്‍ജ് നല്‍കിയിരിക്കുകയാണ്. ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറുടെ റാങ്കിലുള്ള ആളായിരിക്കണം ജില്ലാ ആശുപത്രിയുടെ സൂപ്രണ്ടായി പ്രവര്‍ത്തിക്കേണ്ടത്. അതായത് സൂപ്രണ്ടിന്റെ ചുമതല വഹിക്കാന്‍ മതിയായ യോഗ്യത ഉള്ള ആളല്ല ഇപ്പോള്‍ ഉള്ളത്്. ഇതുമൂലം നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പലപ്പോഴും കഴിയാതെവരുന്നു. ഭരണപരിചയമുള്ള ആളാണ് ഈ തസ്തികയില്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, ഇവിടെ ഒരു സ്‌പെഷ്യാലിറ്റി ഡോക്ടറാണ് ആ പദവിയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം കൃത്യമായി നടക്കാത്ത അവസ്ഥയാണ് ഇപ്പോള്‍. നിത്യവും നുറുകണക്കിന് രോഗികള്‍ ചികില്‍സ തേടിയെത്തുന്നുണ്ടെങ്കിലും മതിയായ ചികില്‍സ ലഭിക്കുന്നില്ല. പല കേസുകളും വിദഗ്ധ ചികില്‍സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. അന്ന് മെഡിക്കല്‍ കോളജില്‍ ചുമതലയേറ്റ ഡോക്ടര്‍മാര്‍ ഒരാള്‍പോലും ഇപ്പോള്‍ ഇവിടെയില്ല. മുഴുവന്‍ പേരും സ്ഥലംമാറി പോയി. അവര്‍ തിരുവനന്തപുരം, കൊല്ലം, പാരിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇപ്പോള്‍ ഉള്ളത്. അവരുടെ ശമ്പളം, മറ്റ് കാര്യങ്ങളെല്ലാം ഇടുക്കിയില്‍നിന്നാണ്. ഇടുക്കി നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്ന മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങിയ ഇടത്തുതന്നെ നില്‍ക്കുകയാണ്. 2014 ജൂലൈ മാസത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്തത്. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയായിരുന്നു ഉദ്ഘാടനം. ചെറുതോണിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ജില്ലാ ആശുപത്രി കെട്ടിട സമുച്ചയത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി തുടങ്ങുകയായിരുന്നു. പകരം തൊടുപുഴയിലെ താലൂക്ക് ആശുപത്രി ഇടുക്കി ജില്ലാ ആശുപത്രിയായി നോട്ടിഫൈ ചെയ്തു. മെഡിക്കല്‍ കോളജിലെ ആദ്യ രണ്ട് ബാച്ചിന്റെ ക്ലാസുകള്‍ നല്ല നിലയില്‍ നടന്നെങ്കിലും മൂന്നാമത്തെ ബാച്ചിന്റെ പ്രവര്‍ത്തനം പൂര്‍ണമാക്കാനായില്ല. വേണ്ടത്ര അടിസ്ഥാന സൗകര്യം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നു. വിദ്യാര്‍ഥികളെ പരിസരത്തുള്ള മറ്റ് മെഡിക്കല്‍ കോളജുകളിലേക്കു മാറ്റിക്കൊണ്ടാണ് ക്ലാസുകള്‍ നിര്‍ത്തിയത്. അടിസ്ഥാന സൗകര്യങ്ങള്‍ കണ്ടെത്തി മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങിയശേഷം 2018ല്‍ ക്ലാസുകള്‍ തുടങ്ങാന്‍  കഴിയുമെന്നാണ് പ്രതീക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss