|    Aug 24 Thu, 2017 10:37 am
FLASH NEWS

ഇടുക്കി താലൂക്ക് സപ്ലൈ ഓഫിസ് വാടക അരലക്ഷത്തിലധികം രൂപ

Published : 13th August 2017 | Posted By: fsq

 

ചെറുതോണി: 15 ജീവനക്കാര്‍ മാത്രമുള്ള താലൂക്ക് സപ്ലൈ ഓഫിസിന് വാടക ഇനത്തില്‍ പ്രതിമാസം 56,965 രൂപാ നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ ഉത്തരവ്. പുതുതായി ആരംഭിച്ച ഇടുക്കി താലൂക്ക് സപ്ലൈ ഓഫിസിനാ—ണ് ഭീമമായ മാസവാടക അനുവദിച്ചത്. ജില്ലാ ആസ്ഥാനത്തെ കരാറുകാരനായ വ്യക്തിയുടെ കെട്ടിടത്തിന് വാടക കൂട്ടി നല്‍കാന്‍ ഉത്തരവിട്ടതിന് പിന്നില്‍ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സപ്ലൈ ഓഫീസ് പോലും പ്രവര്‍ത്തിക്കുന്നത് 600 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിലാണ്. 17 ഉദേ്യാഗസ്ഥര്‍ ജോലി ചെയ്യുന്നുണ്ട് ജില്ലാ ഓഫീസില്‍. എന്നാല്‍ കേവലം 15 ജീവനക്കാര്‍ മാത്രം ജോലി ചെയ്യുന്ന താലൂക്ക് സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുന്നത് 2500 സ്‌ക്വയര്‍ ഫീറ്റുള്ള കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിന്റെ പകുതിയിലേറെ ഭാഗവും ഒഴിഞ്ഞു കിടക്കുകയാണ്. കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ ജില്ലാ നേതാവിന് വേണ്ടി സപ്ലൈക്കോ ജീവനക്കാര്‍ നടത്തുന്ന അഴിമതിയുടെ ഭാഗമാണ് ഭീമമായ തുക വാടകയായി ഇട്ടിരിക്കുന്നതെന്നാണ് പൊതുപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും കെഎസ്ഇബി യുടെയും നിരവധി കെട്ടിടങ്ങളാണ് വഞ്ചി കവലയില്‍ ഒഴിഞ്ഞു കിടക്കുന്നത്. താലൂക്ക് ഓഫീസ് പോലും പ്രവര്‍ത്തിക്കുന്നത് ജില്ലാ പഞ്ചായത്ത് വക കെട്ടിടത്തില്‍ വാടക ഇല്ലാതെയാണ്.പൈനാവില്‍ എഞ്ചിനിയറിംഗ് കോളേജ് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പുനര്‍ നിര്‍മ്മാണം കഴിഞ്ഞ് ഒഴിഞ്ഞ് കിടക്കുകയാണ് .ഇതൊന്നും പരിഗണിക്കാതെയാണ് .പ്രതിമാസം 57000 രൂപ വച്ച് പൊതുപണം പാഴാക്കുന്നത്. ജില്ലാ ആസ്ഥാനത്ത് ടൗണില്‍ പോലും ഇത്രയും വാടക മുറികള്‍ക്ക് ഇല്ലാ. തൊടുപുഴ ചെറുതോണി റോഡില്‍ നിന്നും 130 മീറ്റര്‍ മാറി പോലീസ് സൊസൈറ്റിക്ക് സമീപം ബഹുനില മന്ദിരത്തില്‍ മൂന്നാം നിലയിലാണ് താലൂക്ക് സപ്ലൈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിലെ വയറിംഗ് ജോലികള്‍ പോലും പൂര്‍ത്തിയാകാതെയാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക