|    Sep 23 Sat, 2017 1:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഇടുക്കി ഡാമിന്റെ ഭാഗമായ കൂറ്റന്‍ പാറ അടര്‍ന്ന് വീണു

Published : 24th September 2016 | Posted By: SMR

ഇടുക്കി: ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഭാഗമായ കൂറ്റന്‍ പാറ അടര്‍ന്നു വീണു. അണക്കെട്ടിന്റെ ഭാഗമായ കുറവന്‍ മലയില്‍ നിന്നാണ് പാറ വീണത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. 500 അടിയോളം ഉയരത്തില്‍ നിന്നു വീണ പാറ ഡാമിന്റെ പുറം ഭാഗത്ത് തട്ടി ചിന്നിച്ചിതറി. പാറക്കല്ലുകള്‍ പതിച്ച് ഡാമിന്റെ വശത്തെ ഇരുമ്പു ഗോവണിയും അടിത്തട്ടിലെ കൈവരികളും തകര്‍ന്നു. ഡാമിനെ ബന്ധിപ്പിക്കുന്ന പാറകളുടെ ബലക്ഷയം സംബന്ധിച്ച് ആശങ്കകള്‍ ഇതോടെ ശക്തമായി.
ഡാമിന്റെ അടിഭാഗത്തെ പോലിസ് ഗാര്‍ഡ് റൂമിന്റെ 25 മീറ്ററോളംഅടുത്താണ് പാറ പതിച്ചത്. പാറ തകര്‍ന്നു വീണതറിഞ്ഞ പോലിസുകാര്‍ ഇക്കാര്യം കെഎസ്ഇബി അധികൃതരെ അറിയിച്ചെങ്കിലും ജില്ലാ പോലിസ് മേധാവിയടക്കമുള്ളവരെ അറിയിച്ചില്ല. സംഭവമറിഞ്ഞ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നാണ് പോലിസ് ഉന്നതര്‍ അറിഞ്ഞത്. മുമ്പും പാറയിടിച്ചില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഡാമില്‍ പതിക്കുന്നത് ആദ്യമായാണ്. മലയും പാറയും ചേരുന്ന ഭാഗത്ത് ഇടക്കം ഉണ്ടായിട്ടുള്ളതായും ഇതാവാം പാറ ഇളകി വീഴാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
അടര്‍ന്നു വീണ ഭാഗത്തെ ശേഷിക്കുന്ന അടുക്ക് ഇളകിവീഴാന്‍ സാധ്യതയുണ്ട്. ഇവിടെ ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച് ബന്ധിച്ച് സുരക്ഷിതമാക്കുമെന്ന് സുരക്ഷാ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അലോഷ്യസ് പറഞ്ഞു. ഇളകാന്‍ സാധ്യതയുള്ള പാറകള്‍ അടര്‍ത്തിമാറ്റിയശേഷം കമ്പികള്‍ ഉപയോഗിച്ച് സ്‌ക്രൂ ചെയ്ത് സുരക്ഷാകവചമൊരുക്കുകയാണ്  ഉചിതമായ പരിഹാരമെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. പാറയിലെ നീരൊഴുക്ക് ശക്തമായതോടെ  പാളികളായിരിക്കുന്ന പാറകള്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പരിശോധന നടത്തിയ ഡാം സേഫ്റ്റി ആന്റ് റിസേര്‍ച്ച് അധികൃതര്‍ പറഞ്ഞു. ശക്തമായ മഴ ദിവസങ്ങളില്‍ ഡാമിലേക്കുള്ള സന്ദര്‍ശകരെ നിയന്ത്രിക്കാറുണ്ടായിരുന്നുവെന്നും പാറവീഴ്ചയെത്തുടര്‍ന്ന് ഇനിയും ഇവിടേക്കുള്ള സന്ദര്‍ശനം പൂര്‍ണമായും വിലക്കിയിട്ടുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുറവന്‍-കുറത്തി മലകള്‍ തമ്മില്‍ ബന്ധിപ്പിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടിന്റെ നിര്‍മിതി. മൂന്നു വര്‍ഷം മുമ്പ് കുറത്തി മലയില്‍നിന്നും ഇതേതരത്തില്‍ കൂറ്റന്‍ പാറകള്‍ അടര്‍ന്നു വീണിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക