|    Dec 19 Wed, 2018 4:52 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടുക്കി: ജലനിരപ്പ് 2398 അടി എത്തിയാല്‍ ഡാം തുറക്കും; രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട്

Published : 29th July 2018 | Posted By: kasim kzm

തൊടുപുഴ: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍, ജലനിരപ്പ് 2395 അടിയിലെത്തുമ്പോള്‍ കെഎസ്ഇബി രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) നല്‍കും. തുടര്‍ന്ന് 2398 അടിയില്‍ എത്തുന്നതോടെ മൂന്നാമത് ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) നല്‍കി ഘട്ടംഘട്ടമായി വെള്ളം തുറന്നുവിടുന്നതാണ് പരിഗണിക്കുന്നത്.
ഇപ്പോഴത്തെ നിലയില്‍ ബുധനാഴ്ചയോടെ ഇത് സംഭവിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മഴയും നീരൊഴുക്കും കുറയുന്നപക്ഷം തീരുമാനത്തില്‍ മാറ്റമുണ്ടാകും.
ആദ്യ ജാഗ്രതാ നിര്‍ദേശം വ്യാഴാഴ്ച നല്‍കിയിരുന്നു. സംഭരണശേഷിയുടെ 88 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴയ്ക്കു കുറവുണ്ട്. മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദനം പരമാവധിയാക്കിയിട്ടും പ്രതിദിനം 60 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുകയാണ്.
അതേസമയം, വെള്ളം 2400 അടിയില്‍ എത്തുന്നതിനു മുമ്പുതന്നെ ആവശ്യമെങ്കില്‍ തുറന്നുവിടുമെന്നും അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി എം എം മണിയും വ്യക്തമാക്കി. കലക്ടറേറ്റില്‍ ഇടുക്കി-മുല്ലപ്പെരിയാര്‍ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചേര്‍ന്ന അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയടിക്ക് കൂടുതല്‍ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാന്‍ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് അല്‍പാല്‍പമായി തുറന്നുവിടുന്നതാണ് പ്രായോഗികമെന്നും അതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡാം തുറക്കും മുമ്പ് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കും. ഷട്ടറുകള്‍ പകല്‍സമയത്തു തന്നെ തുറക്കും. എത്ര വീടുകളെ ബാധിക്കുമെന്നത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഫീല്‍ഡ് സര്‍വേ നടത്തി വിലയിരുത്തി വരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss