|    Jan 25 Wed, 2017 5:15 am
FLASH NEWS

ഇടുക്കി: കാര്‍ഷിക- ഭൂമി പ്രശ്‌നങ്ങള്‍ മുഖ്യം

Published : 25th April 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: പടയ്‌ക്കൊരുങ്ങുന്ന ഇടുക്കിയില്‍ പൊതുരാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം പട്ടയമുള്‍പ്പടെയുള്ള കാര്‍ഷിക-ഭൂമി പ്രശ്‌നങ്ങളാണ് ചര്‍ച്ച. കോണ്‍ഗ്രസ്സില്‍ ഡിസിസി പ്രസിഡന്റടക്കമുള്ള പ്രമുഖര്‍ക്ക് സീറ്റു കിട്ടിയില്ലെന്നതിനാല്‍ ആ ക്യാംപ് മ്ലാനതയിലാണ്.അതേ സമയം ഇടതു മുന്നണിയില്‍ പേമെന്റ് സീറ്റെന്ന പേരില്‍ വിവാദമായ തൊടുപുഴയിലൊഴികെ ഉള്ളവരൊക്കെ സജീവമാണ്. ഹൈറേഞ്ച് സംരക്ഷണ സമിതി ഇടതിനൊപ്പമാണ്. കോണ്‍ഗ്രസ്സിന് നിയമസഭാംഗമില്ലാത്ത ഏക ജില്ലയെന്നതാണ് ഇടുക്കിയുടെ രാഷ്ട്രീയ പ്രാധാന്യം.
ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളാണ്. യുഡിഎഫില്‍ കേരളകോണ്‍ഗ്രസിന് രണ്ട് (ഇടുക്കി ,തൊടുപുഴ) കോണ്‍ഗ്രസിന് മൂന്ന് (പീരുമേട്,ഉടുമ്പഞ്ചോല,ദേവികുളം) എന്നിങ്ങനെയാണ് സീറ്റുവിഭജനം.ഇടതില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഒന്ന് (ഇടുക്കി), സിപിഎം മൂന്ന്(തൊടുപുഴ,ദേവികുളം,ഉടുമ്പഞ്ചോല) സിപിഐ (പീരുമേട്) എന്നിങ്ങനെയാണ് സീറ്റുകള്‍.
സിപിഎം രണ്ട്,സിപിഐ ഒന്ന്, കേരളാ കോണ്‍ഗ്രസ് എം രണ്ട് എന്നിങ്ങനെയാണ് 2011ലെ കക്ഷിനില.കഴിഞ്ഞ തവണ സിപിഎം മല്‍സരിച്ചു തോറ്റ ഇടുക്കി ജനാധിപത്യ കേരളകോണ്‍ഗ്രസ്സിനു വിട്ടുനല്‍കി.
ഇടുക്കി: കേരള കോണ്‍ഗ്രസുകളുടെ പ്രസ്റ്റീജ് പോരാട്ടം നടക്കുന്ന ഇടുക്കിയാണ് ശ്രദ്ധേയ മണ്ഡലം .സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ ജനാധിപത്യ കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജിനെയാണ് നേരിടുന്നത്.ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ശക്തികേന്ദ്രമാണ് മണ്ഡലമെന്നതിനാല്‍ മല്‍സരം കടുക്കും.എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു മാധവ(ബിഡിജെഎസ്)നും എസ്ഡിപിഐ-എസ്.പി സഖ്യ സ്ഥാനാര്‍ഥി ബാബുകോഴിമലയും രംഗത്തുണ്ട്.എസ്ഡിപിഐ ജില്ലാജനറല്‍ സെക്രട്ടറിയാണ് ബാബു കോഴിമല.ബിഡിജെഎസ് പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാകും.
തൊടുപുഴ: ഇടതിന്റെ ഏറ്റവും ദുര്‍ബലനായ സ്ഥാനാര്‍ഥിയെന്നതിനാല്‍ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ പി ജെ ജോസഫിനു കാര്യമായ വെല്ലുവിളിയില്ല. പാര്‍ടിയുടെ പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ച് ഏകപക്ഷീയമായി സിപിഎം ജില്ലാ നേതൃത്വം അഡ്വ റോയ് വാരികാട്ടിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.സിപിഎം കേന്ദ്രങ്ങള്‍ പോലും ഇനിയും ശക്തമായി രംഗത്തിറങ്ങിയിട്ടില്ല. ബിജെപിയുടെ ജില്ലയിലെ പ്രധാന തട്ടകമെന്നു വിലയിരുത്തപ്പെടുന്ന തൊടുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.പ്രവീണാണ്.എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കലും സജീവമാണ്.
പീരുമേട്: സിപിഐയുടെ സിറ്റിങ് എംഎല്‍എ ഇ എസ് ബിജിമോളെ വീഴ്ത്താന്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ സിറിയക് തോമസിനെയാണ് കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. എസ്ഡിപിഐ – എസ്പി സഖ്യ സ്ഥാനാര്‍ത്ഥിയായി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ മജീദ് മത്സരിക്കുന്നു. എഐഎഡിഎംകെ സ്ഥാനാര്‍ഥി അബ്ദുല്‍ഖാദറും എന്‍ഡിഎ സ്ഥാനാര്‍ഥി കെ കുമാറും ചിത്രത്തിലുണ്ട്.
ദേവികുളം: മൂന്നുതവണ മലക്കം മറിഞ്ഞാണ് ഇപ്പോഴത്തെ സ്ഥാനാര്‍ഥി എ കെ മണിയില്‍ കോണ്‍ഗ്രസ് എത്തിയത്.ഇതിന്റെ പേരിലുള്ള ഒരു വിഭാഗത്തിന്റെ നിരാശത പ്രചാരണത്തില്‍ ദൃശ്യമാണ്.സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എ എസ് രാജേന്ദ്രന്‍ വീണ്ടും പോരിനിറങ്ങിയ ഇവിടെ പൊമ്പിളൈ ഒരുമൈ ,എഐഎഡിഎംകെ സ്ഥാനാര്‍ഥികളും നിര്‍ണായകമാകും.പൊമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥി രാജേശ്വരി പിടിക്കുന്ന വോട്ടുകള്‍ ആരെയാണ് കടപുഴക്കുകയെന്നതാണ് കാണേണ്ടത്.
ഉടുമ്പഞ്ചോല: നിലവിലെ എംഎല്‍എ കെ കെ ജയചന്ദ്രന്‍ പാര്‍ടി ജില്ലാ സെക്രട്ടറിയായ ഒഴിവിലാണ് ഉടുമ്പഞ്ചോലയില്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണിയുടെ പടയൊരുക്കം. ഉടുമ്പഞ്ചോലയിലെ പ്രാദേശിക നേതാവ് സേനാപതി വേണുവിലൂടെ മണ്ഡലം പിടിക്കാമെന്നു കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു.എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ പ്രതിനിധിയായി ഷാനവാസ് ബക്കറും എന്‍ഡിഎയുടെ സജി പറമ്പത്തും മല്‍സരരംഗത്തുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 73 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക