|    Nov 19 Mon, 2018 9:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇടുക്കി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യം

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറ—ന്നുവിടേണ്ടത് അനിവാര്യമാണെന്നു മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി മന്ത്രി എം എം മണിയെ യോഗം ചുമതലപ്പെടുത്തി.
ജനങ്ങളെ ഭീതിയിലാഴ്—ത്താതെ ഘട്ടംഘട്ടമായിട്ടായിരിക്കും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുക. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു മണി മന്ത്രിസഭായോഗത്തെ അറിയിച്ചു. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്നു മണി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിമാര്‍ രണ്ടു തട്ടിലാണെന്ന വാര്‍ത്ത തെറ്റാണ്. ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുക തന്നെ ചെയ്യും. വൈദ്യുതി ബോര്‍ഡിന് വേറിട്ടുള്ള നിലപാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായി വന്നാല്‍ ഇടുക്കി ഡാം അടക്കമുള്ള ജലസംഭരണികള്‍ തുറക്കണമെന്നാണു സര്‍ക്കാര്‍ തീരുമാനം. അതിനു വേണ്ട മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. എല്ലാ വശങ്ങളും പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് തുടരുകയാണ്. ഡാം തുറക്കുകയാണെങ്കില്‍ അഞ്ച് ഷട്ടറുകളും ഒരുമിച്ച് തുറക്കില്ലെന്നും ഘട്ടം ഘട്ടമായിട്ടാവും ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിവിടുകയെന്നും അദ്ദേഹം വിശദീകരിച്ചു. ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ് 2395.88 അടിയാണ്. ജലനിരപ്പ് 2397 അടി കഴിഞ്ഞാല്‍ ഡാം തുറക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവാനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം. പുതുതായി അനുവദിച്ച ഹോമിയോ ഡിസ്‌പെന്‍സറികളില്‍ 10 മെഡിക്കല്‍ ഓഫിസര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിലെ അക്കാദമിക് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം അനുവദിക്കാനും തീരുമാനിച്ചു.മലബാര്‍ കാന്‍സര്‍ സെന്ററിലെ നോണ്‍ അക്കാദമിക് വിഭാഗത്തിലെ 27 തസ്തികകള്‍ക്ക് ആര്‍സിസിയിലെ ശമ്പളത്തിനും ആനുകൂല്യത്തിനും തുല്യമായ ശമ്പള പരിഷ്‌കരണം അനുവദിക്കും. ആറു മാസത്തിനകം സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കണമെന്ന ഉപാധിയോടെയാണ് ഈ തീരുമാനം. ഇതിനു പുറമെ 23 തസ്തികകള്‍ക്ക് ആര്‍സിസിയിലെ ആനുകൂല്യങ്ങള്‍ക്കു തുല്യമായ ശമ്പള പരിഷ്‌കരണം നടപ്പാക്കും. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ നഴ്‌സിങ് അസിസ്റ്റന്റ് (87), ക്ലീനര്‍ (53) തസ്തികകളില്‍ ശമ്പള പരിഷ്‌കരണം അനുവദിക്കാനും തീരുമാനിച്ചു. ആര്‍സിസിയില്‍ ഗൈനക്കോളജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റിന്റെ താല്‍ക്കാലിക തസ്തിക സൃഷ്ടിക്കും.
രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയിലെ സ്ഥിരം തസ്തികകളില്‍ ശമ്പള പരിഷ്‌കരണത്തിനും അനുമതി നല്‍കി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ നവജാത ശിശു വിഭാഗം ആരംഭിക്കുന്നതിന് ഒരു അസോഷ്യേറ്റ് പ്രഫസറുടെയും രണ്ടു വീതം അസിസ്റ്റന്റ് പ്രഫസര്‍, സീനിയര്‍ റസിഡന്റ് എന്നിവരുടെയും തസ്തികകള്‍ സൃഷ്ടിക്കും. ആഭ്യന്തര (എച്ച്) വകുപ്പില്‍ ഒരു സെക്്ഷന്‍ ഓഫിസറും അഞ്ച് അസിസ്റ്റന്റ്മാരും അടങ്ങിയ പുതിയ സെക്്ഷന്‍ രൂപീകരിക്കും. 2018ലെ കേരള സ്‌പോര്‍ട്‌സ് ഭേദഗതി ബില്ല് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss