|    Nov 17 Sat, 2018 6:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു; ജാഗ്രത തുടരും

Published : 13th August 2018 | Posted By: kasim kzm

ഇടുക്കി: ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും രണ്ടു ദിവസമായി തുറന്നുവിട്ടതിലൂടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവു വന്നിട്ടുണ്ട്. ഇന്നലെ വൈകീട്ട് അഞ്ചുമണിക്കുള്ള കണക്കനുസരിച്ച് ഇടുക്കിയിലെ ജലനിരപ്പ് 2398.66 അടിയാണ്. ജലനിരപ്പ് 2400 അടിയിലും കുറഞ്ഞാലും ഷട്ടറുകള്‍ താഴ്ത്തില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു.
2403 അടിയാണ് പരമാവധി സംഭരണശേഷി. ജലനിരപ്പില്‍ കുറവുണ്ടായത് സമീപവാസികള്‍ക്ക് ആശ്വാസമായെങ്കിലും ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാംപില്‍ തന്നെ കഴിയുകയാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതുവരെ തല്‍സ്ഥിതി തുടരും. മുമ്പ് രണ്ടുതവണ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്കൊഴുക്കേണ്ടിവന്ന സാഹചര്യം തുലാവര്‍ഷത്തിലായിരുന്നു ഉണ്ടായത്. എന്നാല്‍, കാലവര്‍ഷത്തില്‍ തന്നെ അണക്കെട്ട് നിറഞ്ഞത് ആദ്യസംഭവമാണ്. മഴയും നീരൊഴുക്കും നോക്കിയും തുലാമഴയില്‍ ഒഴുകിയെത്താന്‍ സാധ്യതയുള്ള വെള്ളത്തിന്റെ അവസ്ഥ പരിഗണിച്ചും—കെഎസ്ഇബി അധികൃതരും കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷമേ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് വൈദ്യുതിമന്ത്രി എം എം മണി പറഞ്ഞു.
ട്രയല്‍ റണ്ണിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചയ്ക്കാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്. ട്രയല്‍ റണ്‍ നടത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ഏഴിന് രണ്ട് ഷട്ടറുകളും ഉച്ചയ്ക്ക് ഒരുമണിക്ക് ഒരു ഷട്ടറും രണ്ടോടെ അവസാനത്തെ ഷട്ടറും തുറക്കുകയായിരുന്നു. കഴിഞ്ഞ 34 മണിക്കൂറിനിടെ ജലനിരപ്പ് രണ്ടടിയിലേറെയാണു താഴ്ന്നത്. മൂന്നുദിവസമായി ഷട്ടറുകള്‍ അഞ്ചും തുറന്നിട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ജലത്തിന്റെ അളവു കുറഞ്ഞ് 2398.66 അടിയിലെത്തിയത്. സെക്കന്‍ഡില്‍ 7,50,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്കെഴുക്കുന്നത്. മണിക്കൂറില്‍ 6,81,000 ലിറ്റര്‍ വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നു. ചൊവ്വാഴ്ച വരെ കനത്ത മഴയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനമുള്ളതുകൊണ്ട് ഷട്ടറുകള്‍ തുറന്ന നിലയില്‍ തന്നെ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. രണ്ട് ഷട്ടറുകളിലൂടെ പുറത്തേക്കൊഴുക്കുന്ന വെള്ളം ഏഴുലക്ഷം ലിറ്ററില്‍ നിന്ന് അഞ്ചു ലക്ഷം ലിറ്ററായി കുറയ്ക്കാനാണ് ആലോചന. ഡാമിന്റെ എല്ലാം ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലം വെള്ളത്തിനടിയിലായി. ചെറുതോണി ടൗണിലും ബസ്സ്റ്റാന്റിലും വെള്ളം കയറിയിട്ടുണ്ട്. ചെറുതോണി വഴി കട്ടപ്പനയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ദിവസങ്ങളായി അണക്കെട്ടിലെ വെള്ളം കുത്തിയൊഴുകിയതിനാല്‍ ചെറുതോണി പാലത്തിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്നു വ്യക്തമല്ല. ഷട്ടറുകള്‍ അടച്ച് ജലപ്രവാഹം നിലച്ചശേഷം മാത്രമായിരിക്കും പാലത്തിലൂടെ വാഹനഗതാഗതമടക്കം പുനരാരംഭിക്കുക. ഈ പാലത്തിന്റെ നവീകരണത്തിന് ഇടുക്കി എംപി അഡ്വ. ജോയ്‌സ് ജോര്‍ജ് രണ്ടരക്കോടി രൂപ അനുവദിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss