|    Dec 14 Fri, 2018 8:19 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇടുക്കി അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ താഴ്ത്തി

Published : 14th August 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കിയത് 106 കോടി രൂപയുടെ വൈദ്യുതിക്കുള്ള ജലം. വ്യാഴാഴ്ച മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. അതേസമയം, നീരൊഴുക്കും അണക്കെട്ടിലെ ജലത്തിന്റെ അളവിലും നിയന്ത്രിക്കാനാവുംവിധം കുറവുണ്ടായതോടെ ഇന്നലെ രണ്ടു ഷട്ടറുകള്‍ താഴ്ത്തി.
ഇന്നലെ രാവിലെ 7 മണി വരെയുള്ള കണക്കു പ്രകാരം 182.252 എംസിഎം ജലമാണ് പുറത്തേക്ക് ഒഴുക്കിയത്. 26.57 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളമാണിത്. ശരാശരി വിലയായ 4 രൂപ വച്ച് കണക്കാക്കിയാല്‍ 106.28 കോടി രൂപയുടെ വൈദ്യുതി ഉല്‍പാദിപ്പിക്കാം. കഴിഞ്ഞ സപ്തംബറില്‍ പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കേരളം വൈദ്യുതി വാങ്ങിയത് യൂനിറ്റിന് 9.90 നിരക്കിലാണ്. ഇതുവച്ച് കണക്കുകൂട്ടിയാല്‍ 262 കോടിയായി നഷ്ടം ഉയരും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.32നാണ് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം ഒഴുക്കിത്തുടങ്ങിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45 മുതല്‍ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. ഇന്നലെ വൈകീട്ടോടെ ഒന്ന്, അഞ്ച് നമ്പര്‍ ഷട്ടറുകള്‍ താഴ്ത്തി. 1.8 മീറ്റര്‍ ഉയര്‍ത്തിയിരുന്ന രണ്ട്, മൂന്ന്, നാല് നമ്പര്‍ ഷട്ടറുകള്‍ ഒന്നര മീറ്ററായി താഴ്ത്തി. ഇപ്പോള്‍ 450 ക്യുമെക്‌സ് (സെക്കന്റില്‍ നാലര ലക്ഷം ലിറ്റര്‍) വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഇന്നലെ വൈകീട്ട് 6 മണിയിലെ കണക്കു പ്രകാരം മണിക്കൂറില്‍ 4.98 ലക്ഷം ലിറ്റര്‍ വെള്ളം ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 1.16 ലക്ഷം ലിറ്റര്‍ (116 ക്യുമെക്‌സ്) വെള്ളമാണ് മൂലമറ്റത്ത് ഉല്‍പാദനത്തിന് എടുക്കുന്നത്. അതേസമയം, വെള്ളപ്പൊക്കം മൂലം ദുരിതത്തിലായ 471 കുടുംബങ്ങളിലെ 1430 പേര്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്ന 18 ക്യാംപുകളില്‍ കഴിയുകയാണ്.
ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ച ശേഷമേ ഇവരെ മടക്കിയയക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം ആവശ്യമായ സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രമേ അനുവദിക്കൂ.
ജില്ലയില്‍ പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മണ്ണെടുപ്പിന് ഏര്‍പ്പെടുത്തിയ നിരോധനം 15 ദിവസത്തേക്കുകൂടി നീട്ടി. ഹൈറേഞ്ചില്‍ കനത്ത മഴ തുടരുന്നതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss