|    Nov 17 Sat, 2018 5:54 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടുക്കി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു; 6,500 കുടുംബങ്ങളെ ഒഴിപ്പിക്കും

Published : 11th August 2018 | Posted By: kasim kzm

ചെറുതോണി/തിരുവനന്തപുരം: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുതുടങ്ങി. ഈ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തു നിന്ന് 6,500 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ ഓഫിസുകള്‍ക്ക് അവധി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരി വിമാനത്താവളം അടയ്‌ക്കേണ്ടിവന്നാല്‍ തിരുവനന്തപുരം വിമാനത്താവളം സജ്ജമാക്കും. പെരിയാര്‍ കരകളില്‍ ഇതുവരെ കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്. ആലുവയില്‍ 2013ലേതിന് സമാനമായ പ്രളയസാഹചര്യമാണുള്ളത്. ഇതനുസരിച്ചുള്ള മുന്‍കരുതല്‍ കലക്ടര്‍ സ്വീകരിക്കും. ഇടുക്കി ജില്ലയിലേക്കുള്ള യാത്ര വിനോദസഞ്ചാരികള്‍ ഒഴിവാക്കണം. വീടുകളില്‍ നിന്ന് ജനങ്ങള്‍ കഴിയുന്നത്ര പുറത്തിറങ്ങരുത്. കക്കി ഡാം തുറന്നതിനാല്‍ കുട്ടനാട്ടിലും വെള്ളം ഉയരുമെന്ന് കരുതുന്നു. ബുധനാഴ്ച മുതല്‍ ഇന്നലെ വൈകിട്ട് 4 വരെ കാലവര്‍ഷക്കെടുതിയില്‍ 29 മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 25 പേര്‍ മണ്ണിടിച്ചിലിലും നാലുപേര്‍ മുങ്ങിയുമാണ് മരിച്ചത്. പാലക്കാട്ടും എറണാകുളത്തുമാണ് രണ്ടുപേര്‍ വീതം മുങ്ങിമരിച്ചത്.
മലപ്പുറത്ത് ആറും ഇടുക്കിയില്‍ 12ഉം കോഴിക്കോട്ട് ഒന്നും കണ്ണൂരില്‍ രണ്ടും വയനാട്ടില്‍ നാലും പേര്‍ മണ്ണിടിഞ്ഞുവീണ് മരിച്ചു. ഇടുക്കിയില്‍ രണ്ടുപേരെയും പാലക്കാട്ട് ഒരാളെയും കാണാതായിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കു രണ്ടിനാണ് ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നത്. പെരിയാറില്‍ വെള്ളം കുതിച്ചെത്തിയതോടെ ചെറുതോണി പാലം മുങ്ങി. ചെറുതോണി ബസ് സ്റ്റാന്റിലും വെള്ളം കയറി. അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ സെക്കന്‍ഡില്‍ ഏഴ് ലക്ഷം ലിറ്റര്‍ (700 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഇത് 800 ക്യുമെക്‌സ് എന്ന നിലയിലേക്ക് ഉയര്‍ത്തും. അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതു കണക്കിലെടുത്ത് ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നാലാമത്തെ ഷട്ടര്‍ തുറന്നത്. ഇതിനു പിന്നാലെയാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. ട്രയല്‍ റണ്ണായി വ്യാഴാഴ്ച ഒരു ഷട്ടര്‍ മാത്രം തുറന്ന് വെള്ളം പുറത്തേക്ക് കളഞ്ഞിരുന്നുവെങ്കിലും ഇതു മതിയാവാതെ വന്നതോടെ ആ ഷട്ടര്‍ അടയ്‌ക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. തുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ രാവിലെ 40 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരുന്നത് ഒരു മീറ്ററാക്കി വര്‍ധിപ്പിച്ചു. എന്നിട്ടും ഫലമില്ലാതെ വന്നതോടെയാണ് എല്ലാം ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. ചരിത്രത്തിലാദ്യമായാണ് ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളെല്ലാം തുറക്കുന്നത്. അതേസമയം, ഇടുക്കിയില്‍ മലയോര മേഖലയിലേക്കുള്ള വിനോദസഞ്ചാരവും ചരക്കുവാഹന ഗതാഗതവും കലക്ടര്‍ നിരോധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss