|    Feb 25 Sun, 2018 2:56 pm
FLASH NEWS

ഇടുക്കിയെന്ന മിടുക്കിക്ക് ഇന്ന് നാല്‍പ്പത്തഞ്ചാം പിറന്നാള്‍

Published : 26th January 2017 | Posted By: fsq

 

തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഇടുക്കിയെന്ന മിടുക്കിക്ക് 45 വയസ്സ്.കേരളത്തിലെ 11ാമത് ജില്ലയായി ഇടുക്കി രൂപം കൊണ്ടത് 1972 ജനുവരി 26 നാണ് .കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ദേവികുളം, ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയിലായിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞള്ളൂരും കല്ലൂര്‍ക്കാടുമൊഴികെയുള്ള പ്രദേശങ്ങളും കൂട്ടിച്ചേര്‍ത്താണ് ഇടുക്കിയായത്.തുടക്കത്തില്‍ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976ല്‍ തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റി.ഇപ്പോഴിത് ഇടുക്കി താലൂക്കിലാണ്. നാല്‍പ്പത്തിയഞ്ചാം പിറന്നാള്‍ വേളയിലും കസ്തൂരിരംഗന്‍ തുറന്നു വിട്ട വിവാദ ഭൂതങ്ങള്‍ അടങ്ങിയിട്ടില്ല.പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ കുടിയിറക്കുമെന്ന ആശങ്ക ഇപ്പോഴും ശക്തമാണ്.അതിനാല്‍ത്തന്നെ ഈ റിപ്പോര്‍ടിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കോലാഹലവും ജനകീയ പ്രതിഷേധവും ഉയര്‍ന്നതും ഇടുക്കിയിലായിരുന്നു. അടുത്തിടെ സംസ്ഥാനം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ പേരില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രസ്താവനായുദ്ധം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെട്ടാണ് ഇടുക്കിയുടെ എക്കാലത്തേയും പെരുമ. കുറവന്‍, കുറത്തി മലകള്‍ക്കിടയിലാണ്  ഇടുക്കി അണക്കെട്ട്  നിര്‍മിച്ചിരിക്കുന്നത്. ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേരുണ്ടായത്. തൊടുപുഴ, കട്ടപ്പന, അടിമാലി,മൂന്നാര്‍,നെടുങ്കണ്ടം എന്നിവയാണ് പ്രധാന പട്ടണങ്ങള്‍.വിസ്തൃതിയില്‍ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് ഇടുക്കി. തീവണ്ടി കടന്നുപോകാത്ത സംസ്ഥാനത്തെ രണ്ട് ജില്ലകളിലൊന്നും ഇടുക്കിയാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികള്‍ ഇടുക്കിയുടെ പ്രത്യേകതയാണ്.ഇത്തരത്തിലുള്ള 14 കൊടുമുടികളാണ് ഇടുക്കിക്ക് സ്വന്തമായുള്ളത്.ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടിയായ ആനമുടി, മൂന്നാര്‍ പഞ്ചായത്തിലാണ്. ഇത്തരം ഭൂപ്രകൃതിയായതിനാല്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ചതാണ്. എരവിമല,കാത്തുമല, ചെന്തവര, കുമരിക്കല്‍, കരിങ്കുളം, ദേവിമല, പെരുമാള്‍, ഗുഡൂര്‍, കബുല, ദേവികുളം, അഞ്ചുനാട്, കരിമല, എന്നിവയാണ് പ്രധാന മലകള്‍. പെരിയാര്‍, തൊടുപുഴയാര്‍, കാളിയാര്‍ എന്നിവയാണ് പ്രധാന നദികള്‍.പമ്പാനദി ഉല്‍ഭവിക്കുന്നതും ഇടുക്കി യില്‍ നിന്നാണ്.വൈദ്യുതിക്കും കൃഷിക്കുമായി മുല്ലപ്പെരിയാര്‍, ഇടുക്കി ,ലോവര്‍പെരിയാര്‍ അണക്കെട്ടുകളാണ് പെരിയാറിനു കുറുകെ നിര്‍മ്മിച്ചിരിക്കുന്നു. കുണ്ടള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്, ആനയിറങ്കല്‍ അണക്കെട്ട്, പൊന്മുടി അണക്കെട്ട്, കല്ലാര്‍കുട്ടി അണക്കെട്ട് തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളില്‍ നിര്‍മ്മിച്ച അണക്കെട്ടുകളാണ്. ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങള്‍, തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നായ സിനിമകളുടെ ഇഷ്ട ലൊക്കേഷനായിക്കഴിഞ്ഞു. ഇവിടെ ചിത്രീകരിച്ച സിനിമകളെല്ലാം വന്‍ ഹിറ്റുകളാണെന്നതിനും ചരിത്രം സാക്ഷി.ഈ കാലഘട്ടത്തിലും ആതുരസേവനം,വിദ്യാഭ്യാസം,തോട്ടം തൊഴിലാളികളുടെ ദൈന്യമായ ജീവിത സാഹചര്യം,ജീവിതം നഷ്ടപ്പെടുന്ന ആദിവാസിക്കുടികള്‍ തുടങ്ങിയവയിലൊന്നും ഒരു മാറ്റവും ഇടുക്കിക്ക് കൈവരിക്കാനായിട്ടില്ലെന്നതും വിമര്‍ശിക്കപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss