|    Oct 20 Sat, 2018 6:06 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇടുക്കിയുടെ കലാതിലകം ബിന്നി തന്നെ

Published : 29th December 2017 | Posted By: kasim kzm

ഷിയാമി  തൊടുപുഴ

തൃശൂര്‍: 27 വര്‍ഷം മുമ്പ് 1989 ല്‍, സകല പ്രവചനങ്ങളും തെറ്റിച്ച് ആ 10ാം ക്ലാസുകാരി നേടിയെടുത്തു, ഇടുക്കിക്കു വേണ്ടി ഒരു കലാതിലകപട്ടം.  ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ, ഇന്നും സംഗീതലോകത്ത് നിറസാന്നിധ്യമായ ബിന്നി കൃഷ്ണകുമാര്‍ കര്‍ണാടക സംഗീതജ്ഞയാണ്. ഭര്‍ത്താവിനൊപ്പം കച്ചേരികളും സംഗീതപരിപാടികളുമായി തിരക്കിലാണെങ്കിലും ബിന്നി ഓര്‍ത്തെടുക്കുന്നു, തന്നെ കലാതിലക പട്ടത്തിലേക്കു നയിച്ച എറണാകുളം രാജേന്ദ്ര മൈതാനിയിലെ സംസ്ഥാന കലോല്‍സവാനുഭവങ്ങള്‍. ആരാണ് കലാതിലകമെന്ന് അവസാന ദിവസവും അറിയാനാവാത്ത പ്രവചനാതീതമായ മല്‍സരഫലങ്ങള്‍. ഒടുക്കം ഫലങ്ങള്‍ വന്നു. കലാതിലകപട്ടം ഇടുക്കിയിലേക്ക്. അവിശ്വസനീയം. പക്ഷേ, ബിന്നി തന്റെ കലാതിലകപട്ടം ഉറപ്പിച്ചിരുന്നു, 26 പോയിന്റുകള്‍ നേടി. കഥാപ്രസംഗം, ലളിതസംഗീതം, ശാസ്ത്രീയസംഗീതം, പദ്യപാരായണം എന്നീ ഇനങ്ങളിലാണ് സമ്മാനങ്ങള്‍ വാരിക്കൂട്ടിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലായിരുന്നു ബിന്നി പഠിച്ചിരുന്നത്. പിതാവ് രാമചന്ദ്രന്‍ നായരും  മാതാവ് ശാന്തമ്മയും അധ്യാപകരായിരുന്നു. സംഗീതകുടുംബമാണ് ബിന്നിയുടേത്. ചേച്ചിമാരായ ജയശ്രീയും രാജശ്രീയും സംഗീതാധ്യാപികമാര്‍. സഹോദരന്‍ മനോജ് വയലിന്‍ വിദഗ്ധന്‍. മറ്റൊരു ചേച്ചി ബിന്ദു ഗായികയും. സംഗീതചക്രവര്‍ത്തിയായ ഡോ. എം ബാലമുരളീകൃഷ്ണയുടെ ശിഷ്യയായിരുന്നു ബിന്നി. സംഗീതലോകത്ത് എന്നതുപോലെ പഠനത്തിലും മികവു പുലര്‍ത്തിയിരുന്നു ബിന്നി. പുരസ്‌കാരങ്ങള്‍ ഒരുപാട് വാരിക്കൂട്ടിയെങ്കിലും 27 വര്‍ഷം മുമ്പു ലഭിച്ച കലാതിലകപട്ടത്തിന് ബിന്നിയുടെ മനസ്സില്‍ ഇന്നും പത്തരമാറ്റാണ്. ചന്ദ്രമുഖി സിനിമയിലെ രാരാ… എന്നു തുടങ്ങുന്ന പാട്ടിലൂടെ 2006ലെ ദക്ഷിണേന്ത്യന്‍ സിനിമാ അവാര്‍ഡുകളില്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ബിന്നി നേടിയിരുന്നു. സംഗീതജ്ഞനായ ഭര്‍ത്താവ് കെ കൃഷ്ണകുമാറിനൊപ്പം കച്ചേരികളില്‍ പങ്കെടുക്കുന്നതിനാല്‍ ഇരുവര്‍ക്കും ബെസ്റ്റ് ഡ്യൂയറ്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അഞ്ചാംക്ലാസ് മുതല്‍ കലോല്‍സവങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു ബിന്നി. ഇടുക്കിയില്‍ നിന്ന് തുടര്‍ച്ചയായി സംസ്ഥാനതലത്തില്‍ എത്തിയിരുന്ന അന്നത്തെ ഒരേയൊരാള്‍. പല വര്‍ഷങ്ങളിലും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. കലാതിലകം എന്നത് സ്വപ്നത്തില്‍പ്പോലുമില്ലായിരുന്നു. എന്നാല്‍, അഞ്ചുവര്‍ഷവും ഇടുക്കി ജില്ലാതലത്തില്‍ ബിന്നിയായിരുന്നു കലാതിലകം. ആ പ്രതിഭ ഇന്നും നിലനിര്‍ത്തിക്കൊണ്ട് കലാസപര്യയുടെ ഉത്തുംഗസോപാനങ്ങളില്‍ വിരാജിക്കുമ്പോഴും ബിന്നി വിനിയാന്വിതയാവുന്നു, തന്റെ കഴിവുകള്‍ക്കും അംഗീകാരങ്ങള്‍ നല്‍കി ചേര്‍ത്തുനിര്‍ത്തുന്ന സംഗീതലോകത്തിനും മുന്നില്‍. സുപ്രസിദ്ധ ഗായികമാരായ ശ്വേതാ മോഹനും രഞ്ജിനി ജോസുമടങ്ങിയ വന്‍ ശിഷ്യസമ്പത്തുമുണ്ട് ഈ ഗായികയ്ക്ക്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss