|    Oct 21 Sun, 2018 12:42 am
FLASH NEWS

ഇടുക്കിയില്‍ 17 കോടിയുടെ ഹഷീഷ് കടത്ത് : ഒന്നാംപ്രതിയെ രക്ഷിക്കാന്‍ നീക്കം

Published : 6th September 2017 | Posted By: fsq

 

ഇടുക്കി: ജില്ലയില്‍ 17 കോടി രൂപയുടെ ഹഷീഷ് ഓയില്‍ കടത്തിയ സംഭവത്തിലെ ഒന്നാംപ്രതി  നെടുംങ്കണ്ടം പാറത്തോട് ഉറുമ്പില്‍ അബിന്‍ ദിവാകര(36)നെ രക്ഷിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടത്തുന്നതായി ആക്ഷേപം. പ്രതിയുടെ ബന്ധുവായ ഒരു ഉദ്യോഗസ്ഥന്റെ ഉന്നതതലത്തിലുള്ള ബന്ധമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നതെന്നു പറയുന്നു. കേസില്‍ ആദ്യം പിടിയിലായ മുണ്ടിയെരുമ പുത്തന്‍പുരയ്ക്കല്‍ അഞ്ജുമോനും ഒന്നാംപ്രതിയും സംഭവത്തില്‍ പെട്ടുപോയതാണെന്നും ഇതിന്റെ പിന്നില്‍ റിമാഡില്‍ കഴിയുന്ന രാമക്കല്‍മേട് പതാലില്‍ അഡ്വ. ബിജു രാഘവന്‍ ആണെന്നുമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ പറഞ്ഞുപരത്തുന്നത്. അതേസമയം, അബിന്‍ ദിവാകരന്റെ അന്തര്‍സംസ്ഥാന ലഹരിമാഫിയ ബന്ധം നേരത്തെ തന്നെ പോലിസ് വ്യക്തമാക്കിയിരുന്നതുമാണ്. ഇതിനിടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഒന്നാംപ്രതിക്കും കൂട്ടാളിക്കും അനുകൂലമായി നടക്കുന്ന പ്രചാരണം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹകരണ ബാങ്ക് ജീവനക്കാരനില്‍ നിന്ന് മയക്കുമരുന്ന് മാഫിയ തലവനിലേക്കുള്ള അബിന്റെ വളര്‍ച്ച വേഗത്തിലായിരുന്നു. ജില്ലാ സഹകരണ ബാങ്കില്‍ ആശ്രിത നിയമനത്തില്‍ പ്യൂണായിട്ടാണ് അബിന്റെ തുടക്കം. ഡിഗ്രി പാസായതോടെ ജോലിക്കയറ്റമായി. ജോലി ചെയ്തുകൊണ്ട് രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കി. ഇതിനിടെ രാജാക്കാട് സൂപ്പര്‍ മാര്‍ക്കറ്റും നെടുംകണ്ടത്ത് വീഡിയോ ലൈബ്രറിയും  തുടങ്ങി. ഇതിനിടെ ബാങ്കില്‍ നടത്തിയ സാമ്പത്തിക തിരിമറി പിടിക്കപ്പെട്ടതോടെ അസിസ്റ്റന്റ് മാനേജരായ അബിന്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ബ്ലേഡ് മാഫിയയിലെ കണ്ണിയായ അബിനെ ഓപറേഷന്‍ കുബേരയിലൂടെ പോലിസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഒന്നരക്കോടിയിലധികം രൂപയാണ് കനത്ത പലിശയ്ക്ക് അബിന്‍ കൊടുത്തിരുന്നത്. നെടുംകണ്ടം സ്‌റ്റേഷനില്‍ അബിനെതിരെ ബന്ധുക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ നാല് കേസുകളുണ്ട്. ബാങ്കിന്റെ കബിളികണ്ടം ശാഖയില്‍ ജോലി ചെയ്തുവരവേ അബിന്‍ ആന്ധ്രയിലെയും ഒറീസയിലെയും കഞ്ചാവ് മാഫിയയുമായി കച്ചവടക്കൂട്ടുകെട്ടുണ്ടാക്കി. കഞ്ചാവ് കടത്തുന്നതിനിടെ ബംഗളൂരുവിലെ സിദ്ധഗുഡപാളയം സ്‌റ്റേഷനില്‍ അബിന്റെ സംഘത്തിലെട്ട കമ്പിളികണ്ടം സ്വദേശി ബിജുവും കണ്ണൂര്‍ സ്വദേശി ജോണ്‍സണും കുടുങ്ങിയിരുന്നു. സിനിമാ മേഖലയിലും അബിന്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘവുമായി ബന്ധപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 25 പേര്‍ നിരീക്ഷണത്തിലാണെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വഴിത്തിരിവുകള്‍ ഒന്നുമുണ്ടായിട്ടില്ല. ഇത് കേസിന്റെ ഗൗരവം കുറച്ചുകൊണ്ട് അട്ടിമറിക്കാനാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ പോലിസില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഒരുമാസത്തോളം നിരീക്ഷിച്ച ശേഷമാണ് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തിന് വന്‍ ഹഷീഷ് ഓയില്‍ വേട്ട പിടികൂടാനായത്. രാവുംപകലുമില്ലാതെ കഷ്ടപ്പെട്ടിട്ടും ചിലരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ കേസിന്റെ ഗൗരവം കുറയ്ക്കാന്‍ ശ്രമിക്കുന്നത് സേനയുടെ വീര്യം കുറയാന്‍ ഇടയാക്കുമെന്നും ഒരുവിഭാഗം പോലിസുകാര്‍ പറയുന്നു. അതേസമയം, കേസില്‍ ഒരുതരത്തിലും വിട്ടുവീഴ്ചയുണ്ടാവില്ലെന്നും പ്രതികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ വാങ്ങി നല്‍കുമെന്നാണ് ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss