|    Aug 14 Tue, 2018 4:28 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; ഡാമിലെ മുഴുവന്‍ ഷട്ടറുകളും തുറക്കും

Published : 10th August 2018 | Posted By: kasim kzm

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ മുഴുവന്‍ ഷട്ടറുകളും ഇന്നു രാവിലെ ആറുമണിയോടെ തുറക്കാന്‍ സാധ്യത. ഇതിനു മുന്നോടിയായി വൈദ്യുതി ബോര്‍ഡ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 2399.04 അടി കടന്ന അവസരത്തില്‍ ട്രയല്‍ റണ്‍ നടത്തി ജലം തുറന്നുവിട്ടുവെങ്കിലും ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചുവരുകയാണ്.
ഈ സാഹചര്യത്തില്‍ ഇന്നു രാവിലെ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് സുരക്ഷിതമായ അളവില്‍ ജലം ഒഴുക്കിവിടാന്‍ തീരുമാനിച്ചതായി ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതിനാല്‍ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാംഘട്ട റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയാണെന്നും ജില്ലാ കലക്ടറുടെ അനുമതി കിട്ടുന്ന മുറയ്ക്ക് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതാണെന്നും കെഎസ്ഇബിയും അറിയിച്ചു.
ചെറുതോണി ഡാമിന് താഴെയുള്ള പ്രദേശങ്ങളിലുള്ളവരും ചെറുതോണി, പെരിയാര്‍ നദിയുടെ ഇരുകരകളിലുമുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പരീക്ഷണാര്‍ഥം നടത്തിയ ട്രയല്‍ റണ്‍ ഇന്നലെ രാത്രിയും തുടര്‍ന്നു. നാലു മണിക്കൂര്‍ തുറന്നുവിടാനായിരുന്നു നേരത്തേ തീരുമാനം. ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടത്.
മധ്യഭാഗത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുക്കിക്കളഞ്ഞത്. 399 അടിയില്‍ എത്തിയതിനുശേഷമാണ് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നുവിട്ടത്. അതേസമയം, ട്രയല്‍റണ്‍ വേളയിലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടേയിരുന്നു. വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ട് ഒന്നര മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ജലനിരപ്പ് 2399.24 അടിയിലെത്തി. മൂന്നുമണിയായപ്പോഴേക്കും വീണ്ടും ഉയര്‍ന്ന് 2399.40 അടിയായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss