|    Dec 11 Tue, 2018 12:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇടുക്കിയില്‍ പുതിയ വൈദ്യുതി നിലയം; ശേഷി 800 മെഗാവാട്ട്

Published : 18th November 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: ഇടുക്കി പദ്ധതിയുടെ ഭാഗമായി രണ്ടാമതൊരു വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇതിനായി പൂര്‍ത്തിയാക്കിയ സാധ്യതാപഠന റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം കെഎസ്ഇബിക്ക് സമര്‍പ്പിക്കും. 200 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകള്‍ സ്ഥാപിച്ച് 800 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂലമറ്റത്തെ നിലവിലുള്ള വൈദ്യുതി നിലയത്തില്‍ നിന്ന് 500 മീറ്ററോളം മാറി പവര്‍ഹൗസ് സ്ഥാപിക്കാനാണ് മുന്തിയ പരിഗണന നല്‍കുന്നത്. മൂലമറ്റത്തിനു സമീപം അറക്കുളത്ത് പവര്‍ ഹൗസ് സ്ഥാപിക്കലാണ് കൂടുതല്‍ അനുയോജ്യമെന്നു പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്.
മീനച്ചില്‍, കാളിയാര്‍, നാളിയാനി, അറക്കുളം എന്നീ നാല് മേഖലകളാണ് പവര്‍ ഹൗസ് സ്ഥാപിക്കാനുള്ള സാധ്യതാപഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിപിഎസ്, ഇലവേഷന്‍ സര്‍വേ തുടങ്ങിയ സാങ്കേതിവിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് അതിവേഗ സാധ്യതാപഠനം പൂര്‍ത്തിയാക്കിയത്. മീനച്ചില്‍ താലൂക്കിലെ അടുക്കം മേഖലയില്‍ പവര്‍ഹൗസിനുള്ള സാധ്യത പരിശോധിച്ചിരുന്നു. കുടയത്തൂര്‍ മല തുരന്ന് ജലം പവര്‍ഹൗസില്‍ എത്തിച്ച് ഉല്‍പാദനത്തിനുശേഷം മീനച്ചിലാറ്റിലൂടെ ഒഴുക്കേണ്ടിവരും. ഒരു നദിയിലെ വെള്ളം മറ്റൊരു നദിയിലൂടെ ഒഴുക്കേണ്ട വിഷയം നദീസംയോജനത്തില്‍ ഉള്‍പ്പെടുമെന്നതിനാല്‍ ആദ്യഘട്ടത്തിലേ ഈ സാധ്യത വേണ്ടെന്നുവച്ചു. ഇതേ പ്രശ്‌നം കാളിയാറിനും ബാധകമായി. ഇവിടെ പവര്‍ഹൗസ് സ്ഥാപിച്ചാല്‍ കാളിയാര്‍ പുഴയിലേക്കാണ് ടെയില്‍റേസ് തുറക്കേണ്ടത്. നദീസംയോജന പ്രശ്‌നം നാളിയാനിക്ക് ബാധകമല്ലെങ്കിലും പവര്‍ഹൗസിനായി ട്രൈബല്‍ സെറ്റില്‍മെന്റ് ഏറ്റെടുക്കേണ്ടിവരുന്നത് പദ്ധതിയുടെ പൂര്‍ത്തീകരണത്തെ കാര്യമായി ബാധിക്കും. എങ്കിലും നാളിയാനി മേഖലയ്ക്കും സാധ്യതാപഠനത്തി ല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഏകദേശം രണ്ടു കി മീ ടണലും നാല് കി മീ ടെയില്‍റേസുമാണ് പുതിയ വൈദ്യുതിനിലയത്തിനു വേണ്ടിവരുന്നത്. നിലവിലുള്ള നിലയത്തിലെപ്പോലെ ഉല്‍പാദനത്തിനു ശേഷമുള്ള വെള്ളം മലങ്കര അണക്കെട്ട് വഴി മൂവാറ്റുപുഴയാറ്റിലേക്ക് ഒഴുക്കുകയും ചെയ്യാം. കെഎസ്ഇബി ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍ റെജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സാധ്യതാ പഠനം പൂര്‍ത്തിയാക്കിയത്. ടണല്‍, സീസ്മിക് വിദഗ്ധന്‍ സിവില്‍ വിഭാഗം എക്‌സി. എന്‍ജിനീയര്‍ പി എന്‍ ബിജുവിന്റെ നിര്‍ദേശങ്ങളും പദ്ധതിക്കായി പരിഗണിച്ചിട്ടുണ്ട്. പീക്ക് ലോഡ് ആവശ്യം നിര്‍വഹിക്കാന്‍ നിലവില്‍ കെഎസ്ഇബി നെട്ടോട്ടത്തിലാണ്.
പീക്ക് ടൈമില്‍ ഇപ്പോള്‍ പവര്‍ എക്‌സ്‌ചേഞ്ചിലെ വൈദ്യുതി വില ഏഴു മുതല്‍ 10 രൂപ വരെയാണ്. ഇതെല്ലാം പരിഗണിച്ചാണ് രണ്ടാം പവര്‍ഹൗസ് എന്ന ആശയത്തിന് വേഗം കൂട്ടാന്‍ കെഎസ്ഇബി തീരുമാനിച്ചത്. ഉല്‍പാദിപ്പിക്കുന്ന ജലം വീണ്ടും പമ്പ് ചെയ്ത് ഇടുക്കി ജലസംഭരണിയിലേക്കു തന്നെ എത്തിക്കുന്നതു സംബന്ധിച്ചും പഠനം നടത്തുന്നുണ്ട്. സാധ്യതാപഠന റിപോര്‍ട്ട് ലഭിച്ചാലുടന്‍ ഫുള്‍ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്ത് അടിയന്തര അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കുമെന്നും തുടര്‍ന്ന് ആഗോള ടെന്‍ഡര്‍ നടപടികളിലേക്കു കടക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss