|    Jan 17 Tue, 2017 8:22 am
FLASH NEWS

ഇടുക്കിയില്‍ ചെറുകിട വിമാനത്താവളം: സര്‍വകക്ഷിയോഗം ചേര്‍ന്നു

Published : 17th October 2016 | Posted By: Abbasali tf

കുമളി: ഇടുക്കിയില്‍ വിമാനത്താവളമെന്ന ആശയത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു.അണക്കരയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലത്ത് ചെറു വിമാനങ്ങള്‍ ഇറക്കാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പ് നിര്‍മിക്കാനുള്ള നടപടികളാണ് വീണ്ടും ആരംഭിച്ചത്. ഇതിനായുള്ള സര്‍വ കക്ഷിയോഗം ഇന്നലെ തേക്കടി പെരിയാര്‍ ഹൗസില്‍ ചേര്‍ന്നു. നിയോജക മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് അണക്കരയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയത്. ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ അണക്കരയിലെ പാടശേഖരം വിമാനത്താവളത്തിന്  അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ പെരിയാര്‍ കടുവാ സങ്കേതം ഉള്‍പ്പെടെയുള്ളവയുടെ എന്‍ഒസിയും ലഭിച്ചിരുന്നു. എന്നാല്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം നിര്‍മിക്കുന്നതിന് രണ്ടായിരം ഏക്കറോളം സ്ഥലം ഏറ്റെടുക്കുമെന്നും ഇതുമൂലം സമീപവാസികളെ കുടിയിറക്കേണ്ടി വരുമെന്നും ഒരു വിഭാഗം ആളുകള്‍ കിംവദന്തി പരത്തി. മാത്രമല്ല നെല്‍വയലുകള്‍ നികത്തുന്നത് മൂലം പാരിസ്ഥിതിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കാണിച്ച് കര്‍ഷക സംഘടനകളുടേയും പരിസ്ഥിതി സംഘടനകളുടേയും പേരില്‍ നിരവധി സമരവും നടന്നതോടെ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെ ബജറ്റില്‍ ഇടുക്കിയില്‍ വിമാനത്താവളം നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനു വേണ്ടിയാണ് എയര്‍ സ്ട്രിപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ ബജറ്റില്‍ അനുമതി നല്‍കിയത്.100 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കാന്‍ കഴിയുന്ന എയര്‍ സ്ട്രിപ്പാണ് ലക്ഷ്യം. ഇതു വഴി വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ സഹായത്തോടെയാണിത്.അന്‍പത് ഏക്കര്‍ സ്ഥലം വിട്ടു നല്‍കാമെന്ന് ഇതിനകം ഉറപ്പു ലഭിച്ചതായി ഇഎസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ മറ്റു പല പഞ്ചായത്തുകളും സ്ഥലം കണ്ടെത്തി നല്‍കാമെന്ന് യോഗത്തില്‍ ഉറപ്പു നല്‍കി. മുമ്പ് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം കണ്ടെത്തിയ അണക്കരക്കാണ് പ്രഥമ പരിഗണന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക