|    Nov 17 Sat, 2018 5:46 am
FLASH NEWS

ഇടുക്കിയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

Published : 19th August 2018 | Posted By: kasim kzm

തോമസ് ജോസഫ്

ഇടുക്കി: മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ഇടുക്കി ജില്ലയില്‍ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും നാശം വിതയ്ക്കുകയാണ്. ഇന്നലെ ഇടുക്കി ചെറുതോണി മരിയാപുരം ഉപ്പുതോട്ടിലുണ്ടായ ഉരുള്‍പ്പൊട്ടിലില്‍ നാലുപേര്‍ മരിച്ചു. ഇതോടെ ജില്ലയില്‍ മരിച്ചവരെന്ന് സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. മണ്ണിലടിയിലും മറ്റും പെട്ടവര്‍ക്കുവേണ്ടി തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഉപ്പുതോട് ചിറ്റടിക്കവല റൂട്ടില്‍ ഇടശ്ശേരിക്കുന്നേല്‍പ്പടി ജങ്ഷനില്‍ അയ്യപ്പന്‍കുന്നേല്‍ മാത്യു, ഭാര്യ രാജമ്മ, മകന്‍ വിശാല്‍, മകന്റെ സുഹൃത്ത് ടിന്റ് മാത്യു കാര്‍ക്കാംതൊട്ടില്‍ എന്നിവരാണ് മരിച്ചത്. സമീപത്തുണ്ടായിരുന്ന ഒരു മല മുഴുവനായി ഇവരുടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. സമീപവാസികളായ ദിവാകര്‍ ചരളയില്‍, അപ്പച്ചന്‍ അരിമറ്റത്തില്‍ എന്നിവരുടെ വീടുകളും പൂര്‍ണമായും തകര്‍ന്നു. ഉരുള്‍പൊട്ടി വീണ് കട്ടപ്പന വെള്ളയാംകുടി കെ എസ് ആര്‍ ടി സി ഡിപ്പോയുടെ ഒരു ഭാഗം തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ചെറിയ തോതില്‍ മണ്ണിടിച്ചില്‍ തുടങ്ങിയതിനാല്‍ സ്റ്റാന്‍ഡില്‍ നിന്നും ഭൂരിഭാഗവും ബസുകളും സമീപത്തെ തുറസായ സ്ഥലത്തേക്ക് മാറ്റിയിരുന്നു.
ഇതൊടൊപ്പം ജിവനക്കാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ജില്ലയില്‍ അഞ്ചുപേരുടെ മരണംകൂടി വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. തൊടുപുഴ മുട്ടം കൊല്ലംകുന്നലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ കഴുമറ്റത്തില്‍ അനില്‍ കുമാര്‍ (40), അടിമാലി വെള്ളത്തൂവല്‍ എസ് വളവ് സ്വദേശി പുളിക്കക്കുടിയില്‍ മുഹമ്മദ് കുട്ടി (42), വണ്ടിപ്പെരിയാര്‍ മ്ലാമല ഇടത്തറക്കരി ജോര്‍ജ് ജോസഫിന്റെ ഭാര്യ തങ്കമ്മ (55), പീരുമേട് പ്ലാക്കത്തടം ആദിവാസി കോളനിയില്‍ കുംമ്പളവയലില്‍ ഷാജി (44), വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്‌റ്റേറ്റില്‍ രവികുമാര്‍ (47) എന്നിവരാണ് മരിച്ചത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള നീരൊഴുക്കുമൂലം വീടിന് സമീപത്തുണ്ടായ വെള്ളക്കെട്ടില്‍ വീണായിരുന്നു തങ്കമ്മയുടെ മരണം. മുഹമ്മദ് കുട്ടിയുടെ ഭാര്യ ജാസ്മിന്‍, മകന്‍ മുഹ്്‌സിന്‍ എന്നിവര്‍ക്കായി തിരിച്ചില്‍ നടത്തുന്നു. കഴിഞ്ഞ ദിവസം 13 പേര്‍ മരിക്കുകയും അഞ്ചു പേരെ കാണാതാവുകയും ചെയ്തിരുന്നു. ഇതിനുംശേഷമാണ് രണ്ടു ദിവസങ്ങളിലായാണ് 28 പേര്‍ മരിച്ചത്. നെടുങ്കണ്ടം പച്ചടി പത്തുവളവില്‍ ഒരു കുടുംബത്തിലെ മൂന്നു പേരും മൂന്നാര്‍ നല്ലതണ്ണി റോഡില്‍ ടാറ്റാ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തിലെ നാലു പേരും അടക്കമാണിത്. ചെറുതോണി ഗാന്ധിനഗര്‍ കോളനിയിലെ വനരാജ് (65), ഭാര്യ കമലം (60), ശാന്തിനിലയം കലാവുദ്ദീന്‍, വാറപ്ലാക്കല്‍ പൊന്നമ്മ, പെരുംകാല കല്ലടിയില്‍ ജയരാജന്റെ ഭാര്യ ഭാവന (31), മകള്‍ ശ്രുതി (10), കീരിത്തോട് കണിയാംകുടിയില്‍ ശശിയുടെ ഭാര്യ സരോജനി, കരിമ്പന്‍കാനത്ത് വട്ടപ്പാറയില്‍ വി.എ ജോര്‍ജ് (70), ഭാര്യ അന്നക്കുട്ടി (65), മകള്‍ കുഞ്ഞുമോള്‍ (41), വെള്ളത്തൂവല്‍ എസ് വളവില്‍ തുറവയ്ക്കല്‍ തങ്കച്ചന്‍ (മാത്യു 58), ഭാര്യ ലൈസ (56), നെടുങ്കണ്ടം പച്ചടി താറാവിളയില്‍ ജയന്റ പിതാവ് പീറ്റര്‍ തോമസ് (72), ഭാര്യ റോസമ്മ (70), ജയന്റെ ഭാര്യ ജോളി (43), അന്യാര്‍തൊളു നിരപ്പേല്‍ പാലംപറമ്പില്‍ ബിജുവിന്റെ ഭാര്യ ലത, മൂന്നാറില്‍ തമിഴ്‌നാട് സ്വദേശി മദനന്‍, എല്ലക്കല്‍ ആടിയാനാല്‍ ത്രേസ്യാമ്മ (80), മൂന്നാര്‍ നല്ലതണ്ണി റോഡില്‍ ടാറ്റാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സതീഷ്(45), ഭാര്യ വെങ്കിട ലക്ഷ്മി(36), മകള്‍ റോഷിത(6) മകന്‍ വിശ്വ (5), ദേവികുളം സേക്രട്ട് ഹാര്‍ട്ട് ആശ്രമത്തിലെ അന്തേവാസിയായ ബ്രദര്‍ ആന്‍ണി അടിമൈ(50), ദേവികുളം സുമംഗല ഭവനില്‍ ഉണ്ണി (16) തുടങ്ങിയവര്‍ വിവിധ സംഭവങ്ങളിലായി കഴിഞ്ഞദിവസം മരിച്ചിരുന്നു.
ജില്ലയില്‍ ഇന്നലെയും കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസ്സുകള്‍ ഓടിയില്ല. ചെറുതോണി അണക്കട്ടിന്റെ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കിന്നതിന്റെ ഭാഗമായി ചെറുതോണി പാലം ഇപ്പോള്‍ ഉപയോഗിക്കാനാവുന്നില്ല. മുല്ലപ്പെരിയാറിലെ ജലമൊഴുക്ക് കുറച്ചതോടെ ചപ്പാത്ത് പാലത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. വിവിധ മേഖലകളില്‍ ഇന്ധനം അടക്കം അവശ്യ സാമഗ്രികള്‍ കിട്ടാതെ വരികയാണ്. സാധനങ്ങള്‍ക്ക് വിലക്കയറ്റം വിവിധയിടങ്ങളിലുണ്ടെന്നും പരാതിയുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss