|    Apr 25 Wed, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഇടുക്കിയിലെ വിഷയം പട്ടയം തന്നെ, പിന്നെ കസ്തൂരിരംഗനും

Published : 7th May 2016 | Posted By: SMR

സി എ സജീവന്‍

തൊടുപുഴ: കേരളാ കോണ്‍ഗ്രസ്സുകള്‍ പോരടിക്കുന്ന ഇടുക്കി മണ്ഡലം കടക്കാന്‍ മുന്നണിക ള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അഴിക്കാനേറെ കുരുക്കുകള്‍. പട്ടയമെന്ന അഴിയാക്കുരുക്കും കസ്തൂരിരംഗന്‍ വിഷയങ്ങളും കാര്‍ഷികവിളകളുടെ വിലയിടിവുമൊക്കെയാണ് മണ്ഡലത്തിന്റെ വോട്ടു ചര്‍ച്ചകളിലെ നിര്‍ണായക ഘടകങ്ങള്‍.
ഇടുക്കിയുടെ സിറ്റിങ് എംഎല്‍എ റോഷി അഗസ്റ്റിന്‍ വിജയം ഉറപ്പിക്കാന്‍ വളരെ മുമ്പേ തന്നെ കളത്തിലിറങ്ങിയിരുന്നു. ഏതാണ്ട് മാസങ്ങളായി മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് വോട്ടുകളൊതുക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍, യുഡിഎഫ് ചേരിയില്‍ ഉണ്ടായ അപ്രതീക്ഷിത വിള്ളലാണ് ഇടുക്കിയുടെ വോട്ടു ചിത്രം മാറ്റിമറിച്ചത്. മണ്ഡലത്തിനു സുപരിചിതനായ ഫ്രാ ന്‍സിസ് ജോര്‍ജ് ഇടതു സ്ഥാനാര്‍ഥിക്കുപ്പായമണിഞ്ഞതോടെ നിയമസഭാ സാമാജികനെന്ന നിലയില്‍ നാലാമങ്കത്തില്‍ റോഷി അഗസ്റ്റിന്റെ അനായാസ വിജയമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ക്രൈസ്തവസഭയുടെ മേല്‍കൈയോടെ പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി എല്‍ഡിഎഫിനും ഫ്രാന്‍സിസ് ജോര്‍ജിനും നിരുപാധിക പിന്തുണ പരസ്യമായി പ്രഖ്യാപിച്ചതോടെ യുഡിഎഫും കേരളാകോണ്‍ഗ്രസ്സും കടുത്ത സമ്മര്‍ദ്ദത്തിലാണ്. മണ്ഡലത്തിലെ വിപുലമായ വ്യക്തിബന്ധങ്ങളും ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളും തന്റെ വോട്ട് ബാങ്കില്‍ കുറവുണ്ടാക്കില്ലെന്നു റോഷി അഗസ്റ്റിന്‍ ഉറച്ചുവിശ്വസിക്കുന്നു. മണ്ഡലപര്യടനം മൂന്നു വട്ടം പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി പര്യടനത്തിലാണ് ഇപ്പോള്‍ ഇദ്ദേഹം.
യുഡിഎഫ് സര്‍ക്കാരിന്റെ പൊതുനേട്ടങ്ങളും മെഡിക്കല്‍ കോളജ്, ഇടുക്കി താലൂക്ക്, നല്‍കിയ 17,000ഓളം പട്ടയങ്ങള്‍, പാലങ്ങളും റോഡുകളും കൊണ്ടുവന്ന ഗ്രാമീണ വികസനം തുടങ്ങിയ ഒട്ടേറെ സംഗതികള്‍ റോഷി വോട്ടര്‍മാര്‍ക്കു മുന്നില്‍ അക്കമിട്ടു പറയുന്നു. ഓരോ പഞ്ചായത്തിലും എത്തുമ്പോള്‍ എംഎല്‍എയെന്ന നിലയില്‍ അവിടെ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങള്‍ നിരത്തുന്നു. അവസാന നിമിഷം വരെ ജനാധിപത്യമുന്നണിയില്‍ നിന്ന് അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും സ്വീകരിച്ചശേഷം മറുചേരിയിലെത്തി സീറ്റ് തരപ്പെടുത്തിയെന്ന ആക്ഷേപവും എതിര്‍ സ്ഥാനാര്‍ഥിക്കെതിരേ ഇദ്ദേഹം ഉന്നയിക്കുന്നു. മാത്രമല്ല, പട്ടയം കസ്തൂരിരംഗന്‍ വിഷയങ്ങളില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയെന്ന വോട്ടുബാങ്ക് മുന്നില്‍ക്കണ്ട് അടിസ്ഥാനരഹിത ആരോപണങ്ങള്‍ സര്‍ക്കാരിനെതിരേ ഉന്നയിക്കുകയാണ് ഇടതുമുന്നണിയെന്നും യുഡിഎഫ് ആക്ഷേപിക്കുന്നു.
എന്നാല്‍, അഴിമതിയില്‍ പൊറുതിമുട്ടിയാണ് മുന്നണി വിട്ടതെന്ന മറുപടിയാണ് ഫ്രാന്‍സിസ് ജോര്‍ജ് നല്‍കുന്നത്. ഓക്‌സിജന്‍ സിലിണ്ടറോ ആംബുലന്‍സോ പോലും സ്ഥിരമായി ഇല്ലാത്ത ഇവിടെ മെഡിക്കല്‍ കോളജ് പേരില്‍ മാത്രമേയുള്ളു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ന ല്‍കിയ രേഖകളും ഇതില്‍പ്പെടുത്തുന്നു. മണ്ഡലത്തിലെ 48 വില്ലേജുകളും ഇഎസ്എ പരിധിയിലാണ്. ഒരെണ്ണം പോലും ഒഴിവാക്കാന്‍ കഴിയാത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പട്ടയ പ്രശ്‌നത്തില്‍ ഉപാധിരഹിത പട്ടയമെന്നതാണ് ഇടതുമുന്നണിയുടെ വാഗ്ദാനം.
ഇരുമുന്നണികളും ജനവഞ്ചകരാണെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ബിജുമാധവന്റെ പ്രചാരണം. ഹൈറേഞ്ചിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ ഭാവി പുനരാവിഷ്‌കരിക്കേണ്ടതുണ്ടെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ജനപക്ഷ ബദലെന്ന മുദ്രാവാക്യമുയര്‍ത്തി രംഗത്തു സജീവമായി നിലകൊള്ളുന്ന എസ്ഡിപിഐ-എസ്പി സഖ്യ സ്ഥാനാര്‍ഥി ബാബുകോഴിമല ഗ്രാമീണ, ആദിവാസി മേഖലകളുടെ പിന്നാക്കാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ്. വികസനം വെറും വീമ്പു പറച്ചിലാണെന്നും ഇതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇടതര്‍ക്കാവുന്നില്ല. പാര്‍ശ്വവല്‍കൃതരുടെ വികസനത്തിനു പുതിയ ജനപക്ഷബദല്‍ അനിവാര്യമാണെന്നും എസ്ഡിപിഐ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss