|    Mar 23 Thu, 2017 6:00 am
FLASH NEWS

ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന് നിയന്ത്രണം

Published : 19th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മരം മുറിക്കുന്നതിനും ഏര്‍പ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ച് ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഇടുക്കിയില്‍ നിന്ന് ആരെയും അടിച്ചിറക്കാന്‍ സര്‍ക്കാര്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല. റവന്യൂ ഭൂമിയില്‍ ചട്ടവിരുദ്ധമായി എന്‍ഒസി ഇല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിച്ചത്. എന്‍ഒസി ഇല്ലാതെയുള്ള നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ദേവികുളം ആര്‍ഡിഒക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്‍ഒസി നല്‍കുന്നതിന് മുമ്പ് പട്ടയം പരിശോധിക്കുകയും വ്യാജമല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്. നിലവിലെ നിയമങ്ങളും വ്യവസ്ഥകളും ചട്ടങ്ങളും ലംഘിച്ച് മൂന്നാറില്‍ വ്യാപകമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ കോടികളുടെ റിസോര്‍ട്ടുകളും ബഹുനില കെട്ടിട സമുച്ഛയങ്ങളുമാണ് നിര്‍മിച്ചിട്ടുള്ളത്. ഇത് ഭാവിയില്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. ഏലകൃഷി ചെയ്യാന്‍ കൊടുത്ത സ്ഥലത്തുപോലും വന്‍കിട നിര്‍മാണമാണ്. ഇടുക്കി ജില്ലയില്‍ മരംമുറിക്കലിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു സ്ഥലങ്ങളില്‍ ഇത്തരം നിരോധനങ്ങളില്ല. ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എസ് രാജേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി. അതേസമയം, ഭരണകക്ഷി അംഗമായ എസ് രാജേന്ദ്രന്‍ റവന്യൂവകുപ്പിനെതിരേ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. റവന്യൂവകുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയെന്നും പൂര്‍ണമായി നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയില്‍ റവന്യൂ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കലക്ടര്‍ തെറ്റായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഇതു പരിശോധിക്കാന്‍ മന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(Visited 17 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക