|    Sep 26 Wed, 2018 11:49 am
Home   >  Todays Paper  >  Page 5  >  

ഇടുക്കിയിലും മുല്ലപ്പെരിയാറിലും ജലമൊഴുക്ക് നിയന്ത്രണതോതില്‍

Published : 19th August 2018 | Posted By: kasim kzm

ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: വൃഷ്ടിപ്രദേശങ്ങളില്‍ മഴ കൂടിയും കുറഞ്ഞും പെയ്യുന്നതിനാല്‍ ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നിന്നു നിയന്ത്രണതോതില്‍ ജലമൊഴുക്കുന്നതു തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മഴയ്ക്കു നേരിയ കുറവുണ്ടായതോടെ രണ്ട് അണക്കെട്ടുകളില്‍ നിന്നും പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് നിയന്ത്രിച്ചിരുന്നു.
ഇതിനിടെ, ഇന്നലെ ഉച്ചകഴിഞ്ഞു മഴ ശക്തിപ്പെട്ടു. ഇതോടെ, മുല്ലപ്പെരിയാറില്‍ നിന്നു ജലം ഒഴുക്കിവിടുന്ന തോതു വര്‍ധിപ്പിക്കേണ്ടിവന്നു. അതേസമയം, മുല്ലപ്പെരിയാറിന്റെ താഴ്‌വരകളില്‍ ജലനിരപ്പ് കുറഞ്ഞതിനാല്‍ പലരും ക്യാംപുകളില്‍ നിന്നും മറ്റും വീടുകളിലേക്കു മടങ്ങിയിരുന്നു. ഇതിനിടെയാണ് വീണ്ടും വെള്ളം കുത്തിയൊഴുകിയത്. മഴ ശക്തമായി തുടര്‍ന്നാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്നു ജലം കൂടുതലായി ഒഴുക്കിവിടേണ്ടിവരും. ജലനിരപ്പ് താഴ്ന്നുവരുന്ന ആലുവ മേഖലകള്‍ക്ക് ഇതു വീണ്ടും ഭീഷണിയാണു സൃഷ്ടിക്കുക.
ജലത്തിന്റെ ഒഴുക്ക് കുറയുന്നതു കണ്ട് ക്യാംപുകളിലോ സുരക്ഷിത മേഖലകളിലോ കഴിയുന്നവര്‍ വീടുകളിലേക്കു മടങ്ങരുതെന്ന കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കി. അതേസമയം, കേരളത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയിലേക്കു താഴ്ത്തണമെന്ന സുപ്രിംകോടതി നിരീക്ഷണം തമിഴ്‌നാട് നടപ്പാക്കാന്‍ തയ്യാറായിട്ടില്ല. നിര്‍ദേശം പുറത്തുവന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും അണക്കെട്ടിലെ ജലനിരപ്പ് 141.30 അടിയാണ്.
13 സ്പില്‍വേ ഷട്ടറുകളും മൂന്ന് അടിയിലേറെ ഉയര്‍ന്നുതന്നെയാണുള്ളത്. ഇടുക്കി അണക്കെട്ടില്‍ നിന്നു പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 15 ലക്ഷം ലിറ്ററില്‍ നിന്ന് എട്ടുലക്ഷമായി കുറച്ചു. ആദ്യം 12 ലക്ഷം ലിറ്ററായും പിന്നീട് ഇന്നലെ പുലര്‍ച്ചെ 11 ലക്ഷം, രാവിലെ എട്ടിന് 10 ലക്ഷം എന്നിങ്ങനെയാണ് അളവ് കുറച്ചത്. രാവിലെ 10 മണിയോടെയാണ് എട്ടു ലക്ഷമായി കുറച്ചത്.
നീരൊഴുക്ക് ഇനിയും കൂടുകയാണെങ്കില്‍ വീണ്ടും കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ കെഎസ്ഇബി നിര്‍ബന്ധിതമാവും. ചെറുതോണി അണക്കെട്ടിന്റെ ഒന്ന്, അഞ്ച് നമ്പര്‍ ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകള്‍ 1.9 മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. 2401.88 അടിയാണ് അണക്കെട്ടില്‍ ഇന്നലെ വൈകീട്ട് നാലോടെ ജലനിരപ്പ്. സെക്കന്‍ഡില്‍ 1.15 ലക്ഷം ലിറ്റര്‍ വെള്ളം മൂലമറ്റം പവര്‍ ഹൗസില്‍ ഉല്‍പാദനത്തിനായി എടുക്കുന്നുണ്ട്. 1.493 കോടി യൂനിറ്റാണ് മൂലമറ്റത്തെ ഇന്നലത്തെ ഉല്‍പാദനം.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss