|    May 28 Sun, 2017 8:35 pm
FLASH NEWS

ഇടിഞ്ഞു പൊളിഞ്ഞ ചുവരിന് മുകളില്‍ ഓലക്കീറുകളുമായി അറബിയയുടെ വീട്

Published : 9th October 2016 | Posted By: SMR

sainul-home

എ ടി പി റഫീഖ്

ദോഹ: ഖത്തറിലെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരില്‍ നിന്നു വിവരമറിഞ്ഞ് സൈനുല്‍ അറബിയയുടെ വീട് തേടിച്ചെന്ന പുതുക്കോട്ടയിലെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് അമ്പരപ്പ് മാറുന്നില്ല. ഇടിഞ്ഞുപൊളിഞ്ഞ മൂന്നു ചുവരുകള്‍ക്കു മുകളില്‍ നാല് ഓലക്കീറുകള്‍. രണ്ട് അടുപ്പുകല്ലും പിന്നെ ഏതാനും പാത്രങ്ങളും. ജീവിതത്തിലെ നല്ല കാലം മുഴുവന്‍ ഖത്തര്‍ മരുഭൂമിയില്‍ ആടുജീവിതം നയിച്ചും അടുക്കളപ്പണി ചെയ്തും എരിഞ്ഞുതീര്‍ന്ന സൈനുല്‍ അറബിയക്ക് നാട്ടിലേക്കു മടങ്ങുമ്പോള്‍ നെഞ്ചുകത്തുന്നത് ഈ വീടിനെ കുറിച്ചോര്‍ത്താണ്.
പുതുക്കോട്ട എസ്ഡിപിഐ ഏരിയ പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് 50 കിലോമീറ്റര്‍ ദൂരെ സമ്പപ്പെട്ടിയിലുള്ള അറബിയയുടെ വീട് അന്വേഷിച്ചു കണ്ടെത്തിയത്. തൊട്ടടുത്തു തന്നെയുള്ള അറബിയയുടെ മൂത്ത സഹോദരിയുടെ വീട്ടിലാണ് ഇപ്പോ ള്‍ ഉമ്മയും അറബിയയുടെ മൂന്നു പെണ്‍മക്കളും കഴിയുന്നത്. വിവാഹപ്രായമെത്തിയ പെണ്‍മക്കളെയും കൊണ്ട് ഇവിടെ താമസിക്കുന്നത് സുരക്ഷിതമല്ലാതായതോടെയാണ് ഇവര്‍ അങ്ങോട്ടു മാറിയത്. സൈനുല്‍ അറബിയക്കും രണ്ടു സഹോദരിമാര്‍ക്കുമായി ആകെ 10 സെന്റ് സ്ഥലമാണുള്ളത്. മൂത്ത സഹോദരിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. ആണ്‍തുണയെന്നു പറയാന്‍ ആരുമില്ല. ഉമ്മയുടെ കൈയിലും കാലിലും വ്രണങ്ങള്‍ വന്ന് വീര്‍ത്തിരിക്കുന്നു. സ്ഥലത്തെ മഹല്ല് ജമാഅത്തുമായി സ്ഥലത്തിന്റെ പേരില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അവരും സഹായിക്കാന്‍ തയ്യാറാവുന്നില്ലെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറിയിച്ചു.
സൈനുല്‍ അറബിയയെ കുറിച്ച് തേജസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഖത്തറിലെ പ്രമുഖ വ്യാപാരികള്‍ സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതിനുവേണ്ടി നാട്ടില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങുമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ഫോറം സംസ്ഥാന പ്രസിഡന്റ് സലാം കുന്നുമ്മല്‍ അറിയിച്ചു.
സൈനുല്‍ അറബിയ നാട്ടിലെത്തിയാ ല്‍ മാത്രമേ അവര്‍ ഉള്‍പ്പെടുന്ന രീതിയില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങാനാവൂ. അറബിയയുടെ രേഖകള്‍ ശരിയാക്കി എത്രയും പെട്ടെന്ന് നാട്ടിലേക്കു മടങ്ങാനുള്ള സഹായങ്ങള്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആംനസ്റ്റി ഹെല്‍പ് ഡസ്‌ക് ചെയ്തുനല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എഴുവര്‍ഷം മരുഭൂമിയില്‍ ആടിനെയും ഒട്ടകങ്ങളെയും പരിപാലിച്ചു ജീവിതം കഴിച്ച് നാട്ടില്‍ പോയി തിരിച്ചുവന്ന ശേഷം വിസയോ മറ്റു രേഖകളോ ഇല്ലാതെ വീട്ടുജോലി ചെയ്തു കുടുംബം പോറ്റുകയായിരുന്നു. ഒമ്പതു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ പൊതുമാപ്പില്‍ സൈനുല്‍ അറബിയ നാട്ടിലേക്കു മടങ്ങാനൊരുങ്ങുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day