|    Jan 24 Tue, 2017 2:29 am

ഇടവെട്ടിച്ചിറ നാശത്തിന്റെ വക്കില്‍

Published : 22nd May 2016 | Posted By: SMR

തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിന്റെ സ്വാഭാവിക ശുദ്ധജല സ്രോതസ്സായിരുന്ന ഇടവെട്ടിച്ചിറ നാശത്തിന്റെ വക്കില്‍. 1. 33 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടന്നിരുന്ന ചിറയില്‍ ഇപ്പോള്‍ വര്‍ഷം മുഴുവന്‍ വെള്ളമുള്ളത് കല്ലുകെട്ടി തിരിച്ചിരിക്കുന്ന 100 മീറ്റര്‍ സമചതുര സ്ഥലത്ത് മാത്രമാണ്. ചിറ മുക്കാലും വറ്റിയതോടെ വേനല്‍ സമയങ്ങളില്‍സസമീപ പ്രദേശങ്ങളില്‍ ഒരിക്കലും വറ്റാത്ത കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.
അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും സൗന്ദര്യവല്‍ക്കരണവുമാണ് ചിറയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം. 2005ല്‍ കേരള സര്‍ക്കാറിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കായിക വകുപ്പ് ചിറ ഏറ്റെടുത്തു. പത്തടി ആഴം കൂട്ടി അന്താരാഷ്ട്ര വാട്ടര്‍ സ്‌റ്റേഡിയം ഉള്‍പ്പടെ നാല് ഭാഗങ്ങളായി ചിറ സംരക്ഷിക്കാനായിരുന്നു പദ്ധതി. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റേതുള്‍പ്പടെ വിവിധ ഫണ്ടുകള്‍ ഉപയോഗിക്കാന്‍ തീരുമാനമായി.
പിഡബ്ല്യുഡി കെട്ടിട നിര്‍മാണ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അന്നത്തെ കായിക മന്ത്രിയായ എം വിജയകുമാറാണ് നിര്‍വഹിച്ചത്. പിന്നീട് പദ്ധതി അട്ടിമറിക്കപ്പെട്ടു.ചിറയുടെ ഒരു ഭാഗം മാത്രം 15 അടിയോളം ആഴം കൂട്ടി നൂറു മീറ്റര്‍ സമചതുരത്തില്‍ കല്ലുകെട്ടി ഷട്ടര്‍ സ്ഥാപിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചിറയുടെ നാല് വശവും ഇടിച്ചു. ഇതെല്ലാം ചിറയുടേയും പ്രദേശത്തിന്റേയും സ്വാഭാവികതയെ ബാധിച്ചു.
ഇപ്പോള്‍ വര്‍ഷങ്ങളായി ഒരു പണിയും നടക്കുന്നില്ല.ചിറയിലെ ബാക്കി സ്ഥലങ്ങളിലെ വെള്ളമെല്ലാം ആഴം കൂട്ടിയ ഭാഗത്തേക്ക് വരാനും അവിടങ്ങളിലെ വെള്ളത്തിന്റെ അളവ് കുറയാനും തുടങ്ങി. മഴ പെയ്യുമ്പോഴും ഷട്ടര്‍ വഴി വെള്ളം കനാലിലേക്ക് പോകുമെന്നതിനാല്‍ ആഴമില്ലാത്ത സ്ഥലങ്ങളില്‍ വെള്ളം അധിക കാലം നില്‍ക്കാറില്ല. നാല് വശവും ഇടിച്ചിട്ടതിനാല്‍ മഴ പെയ്യുമ്പോള്‍ വന്‍തോതില്‍ മണ്ണൊലിച്ചിറങ്ങി ചിറയുടെ ആഴവും കുറയുന്നുണ്ട്.
ചിറ മുക്കാലും വറ്റിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലേയും ചെറിയ കുളങ്ങളിലേയും വെള്ളവും കുറഞ്ഞു. ഇപ്പോള്‍ വേനല്‍ക്കാലമായാല്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇടവെട്ടിയിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. കല്ലുകെട്ടിയ ഭാഗത്തെ വെള്ളം ഇപ്പോള്‍ ചളിയും പ്ലാസ്റ്റിക്ക് വസ്ഥുക്കളുമൊക്കെയായി മലിനമായി കിടക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക