|    Sep 22 Fri, 2017 5:14 pm
FLASH NEWS

ഇടവെട്ടിച്ചിറ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കും

Published : 8th November 2016 | Posted By: SMR

തൊടുപുഴ: നാട്ടുകാരുടെ നേതൃത്വത്തില്‍ പുനരുജ്ജീവിപ്പിച്ച ഇടവെട്ടിച്ചിറ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാന്‍ അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം തീരുമാനിച്ചു.ആദ്യപടിയായി വെള്ളം നിറഞ്ഞുകിടക്കുന്ന ചിറ ജലനിരപ്പ് വറ്റിക്കും. തുടര്‍ന്ന് തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ഏപ്രില്‍, മെയ് മാസങ്ങളില്‍ പരമാവധി ചെളി കോരി മാറ്റും. മൈനര്‍ ഇറിഗേഷന്റെ സഹായത്തോടെയും തൊഴിലുറപ്പ്പദ്ധതി പ്രകാരമുള്ള മെറ്റീരിയല്‍ കോസ്റ്റും ഉപയോഗപ്പെടുത്തി തകര്‍ന്ന സംരക്ഷണഭിത്തികള്‍ പുനര്‍നിര്‍മിക്കും. ചിറയുടെ ചുറ്റും തണല്‍മരങ്ങും വെച്ചുപിടിപ്പിക്കും. പഞ്ചായത്ത് ഭരണസമിതി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി 15 ദിവസത്തിനകം നല്‍കാനും എംപി നിര്‍ദേശിച്ചു. ഇതിന് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ജനപ്രതിനിധികളും സാമൂഹികസാമുദായിക സംഘടനാ പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റിക്ക് രൂപം നല്‍കി. ചിറ വറ്റിവരണ്ട് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഒന്നാംവാര്‍ഡ് ഗ്രാമസഭായോഗം ചേര്‍ന്ന് നാട്ടുകാര്‍ ചിറസംരക്ഷണത്തിനായി മുന്നിട്ടിറങ്ങി. അശാസ്ത്രീയനിര്‍മാണം നീക്കം ചെയ്തതോടെ ചിറയില്‍ വെള്ളം നിറഞ്ഞു. മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രവര്‍ത്തകരാണ് ചിറയിലെ മാലിന്യം നീക്കം ചെയ്തത്.ചിറ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയ ജയ്ഹിന്ദ് ലൈബ്രറി  പ്രസിഡന്റ് കെ സി സുരേന്ദ്രന്‍, പ്രമോദ് ചിറച്ചാലില്‍, ഗിരീഷ് പുതിയേടത്ത് എന്നിവരെ ഇടവെട്ടിച്ചിറ വാര്‍ഡിന്റെ ഉപഹാരം നല്‍കി എംപി ആദരിച്ചു. ജില്ലാ കലക്ടര്‍ ജി ആര്‍ ഗോകുല്‍, തൊടുപുഴ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ്, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക