|    Aug 20 Mon, 2018 7:51 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഇടമലയാറിലും കക്കിയിലും റെഡ് അലര്‍ട്ട്‌

Published : 9th August 2018 | Posted By: kasim kzm

പത്തനംതിട്ട/ കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് ശക്തമായി. ഇടമലയാര്‍ അണക്കെട്ടിലെയും ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി ജലാശയത്തിലെയും ജലനിരപ്പ് നിശ്ചിത പരിധിയിലെത്തിയ സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേസമയം, ഇടുക്കി അണക്കെട്ടില്‍ ഇന്നലെ രാത്രി 8 മണിക്കുള്ള കണക്കു പ്രകാരം 2397.36 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ പരീക്ഷണ തുറക്കല്‍ (ട്രയല്‍ റണ്‍) നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. കക്കി ജലാശയത്തിലെ ജലവിതാനം 980.90 മീറ്റര്‍ കടന്നു. പരമാവധി ജലനിരപ്പായ 981.46 മീറ്ററില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശവും (മൂന്നാം ഘട്ട അലര്‍ട്ട്) പുറപ്പെടുവിച്ചു. അധികജലം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം.
ഇന്നു രാവിലെ ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധിക ജലം കക്കി/ പമ്പ നദിയിലേക്ക് ഒഴുക്കും. പദ്ധതിപ്രദേശത്തുള്ള മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 154 ഘനയടി എന്ന തോതില്‍ ജലം ഒഴുക്കിവിടും. ഇതുമൂലം കക്കി/ പമ്പ നദിയിലെ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയരാന്‍ സാധ്യതയുണ്ട്. ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലുള്ളവരും കക്കി/ പമ്പ നദിയുടെ ഇരുകരകളിലുള്ളവരും ത്രിവേണി, പമ്പ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ത്ഥാടകരും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
വൃഷ്ടിപ്രദേശങ്ങളിലെ മഴയുടെ തോതനുസരിച്ച് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളും ഒരാഴ്ചത്തേക്കുകൂടി തുറക്കും. ഇന്നു മുതല്‍ 16 വരെ ഷട്ടറുകള്‍ ഉയര്‍ത്താനും താഴ്ത്താനും സാധ്യതയുള്ളതിനാല്‍ കക്കാട്ടാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ഒരാഴ്ചത്തേക്കുകൂടി ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
അതേസമയം, ഇടമലയാറിലെ ഷട്ടറുകള്‍ ഇന്നു രാവിലെ 6ന് ഉയര്‍ത്തി ജലം പെരിയാറിലേക്ക് ഒഴുക്കും. ആദ്യം 8 മണിക്ക് തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ജലനിരപ്പ് അതിവേഗം ഉയരുന്നതിനെ തുടര്‍ന്നാണ് രണ്ടു മണിക്കൂര്‍ നേരത്തേ തുറക്കാന്‍ തീരുമാനിച്ചത്. അഥവാ ഇന്ന് രാവിലെ 6നു മുമ്പ് ജലനിരപ്പ് 170 മീറ്ററായാല്‍ സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം എന്ന അളവില്‍ ഒരു ഷട്ടര്‍ മാത്രം തുറക്കും.
ഇടമയലര്‍ അണക്കെട്ട് തുറക്കേണ്ടിവരുന്ന സാഹചര്യത്തില്‍, 2398 അടിയില്‍ നിശ്ചയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ വിവരം പൊതുജനങ്ങളെ അറിയിക്കും. പെരിയാറിലും കൈവഴികളിലും ഇന്നു പുലര്‍ച്ചെ 5 മുതല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇടമലയാര്‍ പദ്ധതിപ്രദേശത്തെ മഴയുടെയും നീരൊഴുക്കിന്റെയും അടിസ്ഥാനത്തില്‍ 164 ഘനമീറ്റര്‍ ജലമാണ് പെരിയാറിലേക്ക് ഒഴുക്കുക.
ഇടമലയാര്‍ അണക്കെട്ടിലെ പൂര്‍ണതോതിലുള്ള സംഭരണശേഷി 169 മീറ്ററാണ്. ജലനിരപ്പ് 168 പിന്നിട്ട സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡിന്റെ ഡാം സേഫ്റ്റി വിഭാഗം ചീഫ് എന്‍ജിനീയര്‍ അതിജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്.
അതിനിടെ, ഇടുക്കി അണക്കെട്ടില്‍ മണിക്കൂറില്‍ 0.06 അടി എന്ന നിരക്കിലാണ് ജലനിരപ്പ് ഉയരുന്നത്. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ഇന്ന് വൈകീട്ട് 6 മണിയോടെ ജലനിരപ്പ് 2398 അടിയിലെത്തുമെന്നാണ് കരുതുന്നതെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തുടര്‍ന്ന് 24 മണിക്കൂറിനു ശേഷം ഷട്ടറുകള്‍ തുറക്കും.
അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 132.80 അടിയാണ്. മഴ കനത്തതോടെ മലങ്കര അണക്കെട്ടിലെ നാലാമത്തെ ഷട്ടറും ഉയര്‍ത്തി. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളും 120 സെന്റിമീറ്ററായി ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകള്‍ 3 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തി. ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss