|    Sep 21 Thu, 2017 5:07 am

ഇടമലക്കുടിയില്‍ റേഷനരിക്ക് 10.50 രൂപ; റിപോര്‍ട്ട് ഹൈക്കോടതിക്ക്

Published : 30th July 2016 | Posted By: SMR

തൊടുപുഴ: ഇടമലക്കൂടിയില്‍ റേഷനരിയ്ക്ക് 10.50 രൂപ ഈടാക്കുന്നതായി കണ്ടെത്തി. ഇടമലക്കുടിയിലെ ആദിവാസി ഊരുകളിലെ പ്രശ്‌നങ്ങളെക്കുറിച്ച് കൂടി നിവാസികള്‍ സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിജസ്ഥിതി അന്വേഷിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ കെ ജോര്‍ജ് ഉമ്മന്റെ നിര്‍ദേശപ്രകാരം  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ടി പി പ്രഭാഷ്‌ലാലിന്റെ  നേതൃത്വത്തിലുള്ള സംഘം ഇടമലക്കുടി സന്ദര്‍ശിച്ചപ്പോഴാണ് റേഷനരിയ്ക്ക് 10.50 രൂപ ഈടാക്കുന്നതായി കണ്ടെത്തിയത്. വിഷയത്തെക്കുറിച്ച് വിശദമായ റിപോര്‍ട്ട് സബ് ജഡ്ജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. റേഷന്‍ കടകള്‍ വഴിയുള്ള വിതരണത്തിനു പകരം ഇവിടെ സൊസൈറ്റി രൂപീകരിച്ച് ഇവര്‍ വഴിയാണ് റേഷനരി വിവിധ കുടിലുകളിലെത്തിക്കുന്നത്. ഇടമലക്കുടിയുട പ്രത്യേക ഭൂപ്രകൃതിയെ തുടര്‍ന്നാണ് സൊസൈറ്റി വഴിയുള്ള അരി വിതരണം.
ചുമട്ടുകൂലി ഇനത്തില്‍ സൊസൈറ്റിയാണ് ഈ പണം ഈടാക്കുന്നത്. സര്‍ക്കാര്‍ സൊസൈറ്റിക്ക് പണം നല്‍കാതെ വന്നതോടെയാണ് ഇവര്‍ റേഷനരിയ്ക്ക് പണം ഈടാക്കിത്തുടങ്ങിയത്. ഇടമലക്കൂടിയിലെ എകാംഗ അധ്യാപക സ്‌കൂളിന്റെയും പ്രൈമറി സ്‌കൂളിന്റെയും അവസ്ഥ പരിതാപകരമാണ്. അധ്യാപകര്‍ക്ക് താമസിക്കാനുള്ള സംവിധാനം പോലുമില്ല.റോഡ് സൗ കര്യങ്ങളുടെ അപര്യാപ്തതയും ലീഗല്‍ സര്‍വീസ് അതോറിറ്റി റിപോര്‍ട്ടിലുണ്ട്.
സംഘം ഇടമലക്കൂടിയിലെ വിവിധ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ചു. ലീഗല്‍ സര്‍വീസ് കമ്മിറ്റിയംഗങ്ങള്‍, പോലിസ്, സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത്, ഐടിഡിപി അധികൃതര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ആദിവാസികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഇടമലക്കുടിയില്‍ നിയമ സഹായ ക്ലിനിക് ആരംഭിക്കാന്‍ തീരുമാനിച്ചു. കുടിയില്‍ നിന്നുമുള്ളവരെ തന്നെ തിരഞ്ഞെടുത്ത് അവര്‍ക്ക് നിയമപഠന ക്ലാസ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കും.
അടുത്ത ദിവസം തന്നെ ഇവിടെ നിന്നുള്ളവരെ തിരഞ്ഞെടുക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സാമൂഹിക നീതിവകുപ്പിന് നിര്‍ദേശം നല്‍കി. പദ്ധതി നടപ്പാവുന്ന ഇന്ത്യയിലെ ആദ്യത്തെ ആദ്യ നിയമ സഹായക്ലിനിക്ക് ആണെന്ന് ആദിവാസി കുടിലുകളിലെ സബ് ജഡ്ജ് അറിയിച്ചു.സര്‍ക്കാരില്‍ നിന്നും സൗജന്യമായി വിതരണം ചെയ്യുന്ന അരിക്ക് 10.50 രൂപ ഈടാക്കുന്നതായി നിരവധി പരാതികളാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയ്ക്ക് ലഭിച്ചത്.ദേവികുളം കോടതിയില്‍് അടുത്ത മാസം 10നു അദാലത്ത്  നടത്താനും കമ്മിറ്റി തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക