|    Jan 24 Tue, 2017 8:40 pm
FLASH NEWS

ഇടമലക്കുടിയില്‍ കുട്ടികള്‍ കുറയുന്നു; നാല് വിദ്യാലയങ്ങള്‍ പൂട്ടി

Published : 21st August 2016 | Posted By: SMR

സി എ  സജീവന്‍

തൊടുപുഴ: സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കുട്ടികള്‍ കുറയുന്നു. ആകെയുള്ള 759ല്‍ 200 കുടുംബങ്ങളിലും കുട്ടികളില്ലാത്ത സ്ഥിതിയാണെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. കുടികളിലെ സ്ത്രീകളുടെ മാലാ-ഡി ഉള്‍പ്പെടെയുള്ള ഗര്‍ഭനിരോധന മരുന്നുകളുടെ അമിതവും അശാസ്ത്രീയവുമായ ഉപയോഗമാണ് കുട്ടികളുടെ ജനന നിരക്ക് കുറയാനിടയാക്കിയതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കുട്ടികളില്ലാത്തതുമൂലം നാല് ഏകാധ്യാപക വിദ്യാലയങ്ങള്‍ പൂട്ടി. അവശേഷിക്കുന്ന പല ഏകാധ്യാപക വിദ്യാലയങ്ങളും അങ്കണവാടികളും ആകെയുള്ള ഒരു എല്‍പി സ്‌കൂളും പ്രതിസന്ധിയിലാണ്. ഈ നില തുടര്‍ന്നാല്‍ കാലക്രമത്തില്‍ മുതുവാ സമുദായം തന്നെ നാമാവശേഷമാവും.
2010 നവംബര്‍ 1ന് രൂപംകൊണ്ട ഇടമലക്കുടി പഞ്ചായത്തില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 500 ശിശുക്കളാണ്. പഞ്ചായത്തിലെ ആകെ ജനസംഖ്യ 2236 പേരാണ്. ഇവരില്‍ 1807 പേര്‍ പ്രായപൂര്‍ത്തിയായ വോട്ടര്‍മാരാണ്. പഞ്ചായത്തിനു പുറത്ത് രജിസ്‌ട്രേഷന്‍ നടത്തിയ ഏതാനും കേസുകളുമുണ്ടെന്നു പഞ്ചായത്തധികൃതര്‍ പറയുന്നു. എന്നിരുന്നാലും കുട്ടികളുടെ ജനനനിരക്ക് കുറയുന്നത് ഭീതിദമാണെന്ന കാര്യത്തില്‍ പഞ്ചായത്തധികൃതരും ആശങ്കയിലാണ്.
അഞ്ചുകൊല്ലം മുമ്പ് ഒരു കുടുംബത്തില്‍ മൂന്ന് എന്ന പ്രകാരം കുട്ടികളുണ്ടായിരുന്നു. ഇപ്പോഴത് ഒരാളെന്ന നിലയിലാണ്. തമിഴ്‌നാട് അതിര്‍ത്തിയിലും ഇടുക്കിയിലുമായി 116 മുതുവാക്കുടികളാണുള്ളത്. അവയില്‍ 25 കുടികളാണ് ഇടമലക്കുടിയിലുള്ളത്. ഇവിടങ്ങളിലെല്ലാം ഇതു തന്നെയാണ് അവസ്ഥയെന്ന് ഇവര്‍ പറയുന്നു. എട്ടും 16ഉം വര്‍ഷമായിട്ടും കുട്ടികള്‍ പിറക്കാത്ത ദമ്പതിമാര്‍ കുടികളിലേറെയാണ്. ആദ്യ പ്രസവത്തിനു ശേഷം കുറെക്കാലം ഗര്‍ഭനിരോധന മരുന്നുപയോഗിച്ച ശേഷം വീണ്ടും ശ്രമിച്ചവര്‍ക്കും കുഞ്ഞുങ്ങളുണ്ടാവുന്നില്ല.
ആദ്യപ്രസവം കഴിഞ്ഞ് 16ാം ദിവസം മുതല്‍ തന്നെ സ്ത്രീകള്‍ മാലാ-ഡി ഉപയോഗിക്കുന്നുണ്ട്. കൊച്ചുപെണ്‍കുട്ടികള്‍ ആദ്യ ആര്‍ത്തവത്തോടെ തന്നെ ഇതിന്റെ ഉപയോക്താക്കളാവുന്ന നിലയാണ്. മാലാ-ഡിയുടെ അനിയന്ത്രിത ഉപയോഗത്തെ തുടര്‍ന്ന് രക്തസ്രാവമുള്‍പ്പെടെയുള്ള വിവിധ രോഗങ്ങളും കുടിയിലുണ്ട്. ഗര്‍ഭം അലസിപ്പോവുന്നത് ഇവിടെ സര്‍വസാധാരണമാണ്. രക്തസ്രാവത്തെ തുടര്‍ന്ന് ഏതാനും പേരുടെ മരണവും സംഭവിച്ചു. എന്നാ ല്‍, പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള സംവിധാനമില്ലാത്തതിനാ ല്‍ മരണകാരണം പുറത്തറിയാതെ പോയി.
നേരത്തേ മാലാ-ഡി ഉള്‍പ്പെടെയുള്ളവയുടെ വില്‍പനയ്ക്ക് ദേവികുളം സബ്കലക്ടര്‍ ഇടപെട്ട് മൂന്നാറിലെയും പരിസരത്തെയും മെഡിക്കല്‍ സ്റ്റോറുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അത് ഫലപ്രദമായില്ല. മാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നു ധാരാളം മരുന്നുകള്‍ ഇവിടെയെത്തുന്നുമുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വാല്‍പാറയിലെത്തിയാല്‍ ഇവ യഥേഷ്ടം ലഭിക്കും. കുടിയിലെ മിക്ക വീടുകളിലും പുരുഷന്മാരാണ് ഇവ വാങ്ങിയെത്തിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ആവശ്യമായ മാലാ-ഡി വാങ്ങി സൂക്ഷിച്ചിട്ടുള്ള ഒട്ടേറെ കുടുംബങ്ങളെ ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കറിയാം. പഞ്ചായത്തംഗങ്ങളായവര്‍ പോലും ഈ വിപത്തില്‍ നിന്നു മോചിതരല്ലെന്നും ഇവര്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക