|    Sep 25 Tue, 2018 4:21 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇടമണ്‍-കൊച്ചി ഇടനാഴിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി

Published : 5th February 2018 | Posted By: kasim kzm

മല്ലപ്പള്ളി: കൂടംകുളം ആണവോര്‍ജ നിലയത്തില്‍ നിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കാനുള്ള ഇടമണ്‍-കൊച്ചി ഇടനാഴിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. അടുത്ത ഡിസംബറില്‍ പദ്ധതി കമ്മീഷന്‍ ചെയ്യണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണു നടപടി. ഇടമണ്ണില്‍ നിന്നു കൊച്ചി വരെ 400 കെവി ലൈന്‍ വലിക്കുന്നതിനുള്ള ടവര്‍ നിര്‍മാണമാണു നടക്കുന്നത്. 148 കിലോമീറ്ററാണ് ലൈന്‍ വലിക്കേണ്ടത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ ജനവാസമേഖലകളിലൂടെ കടന്നുപോവുന്ന ലൈനിനെതിരേ വന്‍ പ്രക്ഷോഭം ഉയര്‍ന്നുവന്നിരുന്നു. 12 വര്‍ഷങ്ങള്‍ക്കു മുമ്പു തയ്യാറാക്കിയ പദ്ധതിയാണെങ്കിലും ജനകീയ എതിര്‍പ്പിനെ ഇത് തുടര്‍ന്നു സ്തംഭനാവസ്ഥയിലായിരുന്നു. നഷ്ടപരിഹാര പാക്കേജ് പരിഷ്‌കരിച്ചും നിരന്തരമായ ചര്‍ച്ചകള്‍ക്കുമൊടുവിലാണ് പ്രവൃത്തി ആരംഭിച്ചത്. ഇതിനിടെ കൂടംകുളം പദ്ധതി കമ്മീഷന്‍ ചെയ്തതോടെ കേരളത്തിന്റെ വിഹിതം ഏറ്റുവാങ്ങാന്‍ കഴിയാതെയായി. വൈദ്യുതിക്ഷാമത്തിനു പരിഹാരമായി എങ്ങനെയെങ്കിലും ലൈന്‍ നിര്‍മാണം നടത്തണമെന്ന ഉറച്ച തീരുമാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍. കൂടംകുളം ആണവനിലയത്തില്‍ നിന്ന് 266 മെഗാവാട്ട് വൈദ്യുതി കൂടിയാണു കേരളത്തിനു ലഭിക്കേണ്ടത്. 440 കെവി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കണമെന്നതിനാല്‍ തൃശൂര്‍ മാടയ്ക്കത്തറ വരെ ലൈന്‍ നിര്‍മാണം നടത്തുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ ലൈനിന്റെ ദൂരം കൂടുന്നതിലൂടെ പ്രസാരണ നഷ്ടം ഉണ്ടാകുന്നുവെന്നതിനാല്‍ കൊച്ചി പള്ളിക്കര സബ്‌സ്റ്റേഷന്റെ ശേഷി 400 കെവിയിലെത്തിച്ചു പദ്ധതി പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. നിലവില്‍ ഇടമണ്‍ സബ്‌സ്റ്റേഷന്‍ വരെയെത്തുന്ന വൈദ്യുതി, കൊച്ചി പള്ളിക്കര സബ്‌സ്റ്റേഷന്‍ വരെ എത്തിക്കാനുള്ള ലൈന്‍ നിര്‍മാണമാണു പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഏറ്റെടുത്തിരിക്കുന്നത്. നാലു ജില്ലകളിലായി 445 ടവറുകള്‍ പുതുതായി നിര്‍മിക്കാനാണു ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 213 ടവറുകളും പൂര്‍ത്തിയായി. ഇടമണ്‍ മുതല്‍ 30 കിലോ മീറ്ററില്‍ 400 കെവി ലൈന്‍ വലിച്ചു. പള്ളിക്കര സബ്‌സ്റ്റേഷന്റെ ശേഷി 400 കെവിയാക്കി. കൊല്ലം ഇടമണ്‍ മുതല്‍ ആര്യങ്കാവ് വരെ 22 കിലോമീറ്ററിലാണ് ലൈന്‍ കടന്നുപോവുന്നത്. 63 ടവറുകള്‍ സ്ഥാപിക്കണം. നിലവില്‍ 43 ടവറുകള്‍ സ്ഥാപിച്ചതായി പറയുന്നു.  പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിച്ചതു കൊല്ലത്താണ്. 220 കെവി ലൈന്‍ കടന്നുപോവുന്ന പ്രദേശങ്ങളിലൂടെയാണ് ഇടമണ്ണില്‍ നിന്ന് പുതിയ ഒരു ലൈന്‍ കൂടി വരുന്നത്. നേരത്തെ നിശ്ചയിച്ച പാക്കേജ് അനുസരിച്ചാണു കൊല്ലം ജില്ലയില്‍ നഷ്ടപരിഹാരം ലഭിച്ചതെന്ന് ആക്ഷേപമുണ്ട്. പത്തനംതിട്ടയില്‍ നിര്‍മാണം പലയിടത്തും തടസ്സപ്പെട്ടിരുന്നു.  51 കിലോ മീറ്ററാണു ജില്ലയില്‍ ലൈന്‍ കടന്നുപോവുന്നത്. ഏറ്റവുമധികം ദൂരം പത്തനംതിട്ട ജില്ലയിലാണ്. എന്നാല്‍ ജില്ലയില്‍ 42 എണ്ണം മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ.  ലൈന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും വകയാര്‍, കോന്നി പ്രദേശങ്ങളില്‍ കേസുകളും നിലനില്‍ക്കുന്നു. കോട്ടയത്തും പ്രവര്‍ത്തനം മന്ദഗതിയിലാണ്. കര്‍ഷകരുടെ എതിര്‍പ്പു തന്നെയാണു പ്രധാന കാരണം.  47 കിലോ മീറ്ററിലാണ് കോട്ടയത്ത് ലൈന്‍ വലിക്കേണ്ടത്.  കോട്ടയത്തും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു.  എറണാകുളം ജില്ലയില്‍ 28 കിലോമീറ്ററിലാണ് ലൈന്‍ വലിക്കാനുള്ളത്. പണി വേഗത്തില്‍ നടന്നു. 86 ടവറുകളില്‍ 81 എണ്ണവും തീര്‍ന്നു. മറ്റു ജില്ലകളില്‍ പദ്ധതിക്കു വേണ്ടി എതിര്‍പ്പു തുടരുമ്പോഴും എറണാകുളത്ത് പവര്‍ഗ്രിഡ് ജോലികള്‍ തുടങ്ങിയിരുന്നു. അഞ്ച് ടവറുകളുടെ പണി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ എറണാകുളത്തെ ലൈന്‍വലിക്കലും വേഗത്തിലാവും.ടവറുകള്‍ പല സ്ഥലത്തും നിര്‍മിച്ചതു അനുമതിയോടെയല്ലെന്നാണു കര്‍ഷകരുടെ ആരോപണം. ഭൂമി അളന്നു ബോധ്യപ്പെടുത്തുകയോ, കരാര്‍ എഴുതുകയോ ചെയ്തിട്ടില്ല. നിലവിലുള്ള ഭൂമിവിലയുടെ  50 ശതമാനം അധികം കണക്കാക്കി അതിന്റെ അഞ്ച് മടങ്ങ് എന്നതാണു നഷ്ടപരിഹാര പാക്കേജിലുള്ളത്. ഇതു നല്‍കിയ ശേഷമേ നിര്‍മാണം തുടങ്ങാവൂവെന്നു സ്ഥലം ഉടമകള്‍ ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല.  സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരം നല്‍കല്‍ എന്നിവയ്ക്കായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ ഓഫിസുകള്‍ നാലു ജില്ലകളിലും തുറന്നിരുന്നു. എന്നാല്‍ പത്തനംതിട്ട അടക്കമുള്ള ജില്ലകളില്‍ നഷ്ടപരിഹാര വിതരണം മന്ദഗതിയിലാണ്.  ലൈന്‍ കടന്നുപോവുന്ന ഭൂമി ഉപയോഗശൂന്യമായെന്നാണു സ്ഥലം ഉടമകളുടെ ആക്ഷേപം.

:

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss