|    Jul 23 Mon, 2018 11:16 am
FLASH NEWS

ഇടപ്പള്ളി – മൂത്തകുന്നം ദേശീയപാത രണ്ടാം കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കണം: ഡോ.സെബാസ്റ്റ്യന്‍ പോള്‍

Published : 23rd September 2017 | Posted By: fsq

 

കൊച്ചി:  ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള പ്രദേശത്ത് ദേശീയപാത 17 വികസനത്തിന്റെ  പേരിലുള്ള  രണ്ടാം കുടിയൊഴിപ്പിക്കല്‍ ഏത് വിധേനയും ഒഴിവാക്കണമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍.  ചേരാനല്ലൂരില്‍ ദേശീയപാത 17 സംയുക്ത സമരസമിതി സംഘടിപ്പിച്ച ജനജാഗ്രതാ  സദസ്സും പശ്ചിമ ഘട്ട രക്ഷാ യാത്രയ്ക്ക്  സ്വീകരണവും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. 30മീറ്റര്‍ വിട്ടുകൊടുത്തവരെ വികസനത്തിന്റെ പേരില്‍ നിരന്തരം വേട്ടയാടുന്നത് ഒഴിവാക്കണം. ഒരേ കാര്യത്തിന് പലവട്ടം ശിക്ഷിക്കാന്‍ പാടില്ല. 30മീറ്റര്‍  ഏറ്റെടുത്തത് തന്നെ ന്യായമായ മാര്‍ഗത്തിലല്ല. ഏറ്റെടുത്ത ഭൂമി ഉപയോഗിച്ച് റോഡ്  വികസിപ്പിക്കാത്തതിന് അധികൃതര്‍ ആദ്യം സമാധാനം പറയണം. ഇവിടെ വികസനം സാധ്യമായിരിക്കെ 45മീറ്റര്‍ വിട്ടുതന്നേ തീരൂ എന്ന്  ദുര്‍വാശിയോടെ ഭരണാധികാരികള്‍ നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ല.കൂടുതല്‍ വികസനം വേണമെങ്കില്‍ ഭൂമിക്ക്  മുകളില്‍കൂടിയോ താഴെകൂടിയോ വികസിപ്പിക്കാവുന്ന സാങ്കേതികവിദ്യ പ്രയോഗിക്കാവുന്നതാണ്. ആയിരക്കണക്കിന്  കുടബങ്ങളെ ഭൂരഹിതരും ഭവനരഹിതരുമാക്കുന്ന ദയയില്ലാത്ത  മനുഷ്യത്വരഹിതമായ    പ്രവര്‍ത്തനത്തില്‍ നിന്ന് ഭരണകൂടം പിന്‍വാങ്ങണം. അധികാരവും നിയമവുമുണ്ട് എന്ന പേരില്‍  എന്തും ചെയ്യാമെന്ന് ഭരണകൂടം കരുതരുതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. കുസുമം ജോസഫ്,  എം ആര്‍ ആന്റണി, സി കെ രാജു, ബല്‍ക്കിസ് ഭാനു, ഹാഷിം ചേന്നാമ്പിള്ളി, കെ വി സത്യന്‍ മാസ്റ്റര്‍,   സി കെ ശിവദാസന്‍, കുരുവിള മാത്യൂസ്, മുജീബ് റഹ്മാന്‍, ബോബന്‍, വി കെ സുബൈര്‍, സാലിഹ് താമരശേരി, വി കെ അബ്ദുല്‍ ഖാദര്‍, വി കെ അബ്ദുല്‍ ലത്തീഫ്, മാത്തപ്പന്‍ കാനപ്പിളളി, കെ എസ് സക്കരിയ്യ,  എ ബി നിയാസ്, പശ്ചിമ ഘട്ട രക്ഷാ യാത്രയ്ക്ക് ദേശീയപാത സമരസമിതി സ്വീകരണം നല്‍കി.  രാജന്‍ ആന്റണി,  ജാഥാ കാപ്റ്റന്‍ ജോണ്‍ പെരുവന്താനം സംസാരിച്ചു. ജാഫര്‍ മംഗലശേരി അദ്ധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss