|    Jul 18 Wed, 2018 8:13 pm
FLASH NEWS

ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെദേശീയപാത വികസനം; രൂപരേഖ അവതരിപ്പിച്ചു

Published : 15th September 2017 | Posted By: fsq

 

കാക്കനാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെയുള്ള ഭാഗത്തെ പാതയുടെ നിര്‍മാണത്തിനായുള്ള രൂപരേഖ ജനപ്രതിനിധികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു. ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ വി ഡി സതീശന്‍, ഹൈബി ഈഡന്‍, പ്രദേശത്തെ ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് രൂപരേഖ അവതരിപ്പിച്ചത്. 25 കിലോമീറ്റര്‍ ദൂരമുള്ള ഹൈവേയില്‍ 18 ഫ്‌ളൈ ഓവറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ചേരാനെല്ലൂര്‍ ജങ്്ഷനില്‍ നൂതന മാതൃകയിലുള്ള സിഗ്‌നല്‍ രഹിത സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ മെട്രോയും മേല്‍പ്പാലവും കടന്നു പോവുന്ന ഇടപ്പള്ളിയില്‍ അണ്ടര്‍പാസ് വഴിയാകും പാത കടന്നുപോവുന്നത്. വീടുകളും കടമുറികളും മറ്റു സ്ഥാപനങ്ങളുമടക്കം 500 ഓളം കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. പദ്ധതിയുടെ രൂപരേഖ സംബന്ധിച്ച് എംഎല്‍എമാര്‍ യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന ദേശീയപാത 17ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ജില്ല ഭരണകൂടത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സിങ് ഏജന്‍സിയാണ് സാധ്യത പഠനം നടത്തുന്നത്. പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പ്, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷൈനി മാത്യു, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ആന്റണി തുടങ്ങിയ ജനപ്രതിനിധികളും അസി. കലക്ടര്‍ ഈശപ്രിയ, എഡിഎം എം പി ജോസ്, ദേശീയപാത അതോറിറ്റി അധികൃതര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss