|    Jul 24 Mon, 2017 4:30 pm

ഇടപ്പള്ളി ടോള്‍ ജങ്ഷന്‍ ഇന്നുമുതല്‍ രണ്ടാഴ്ചത്തേക്ക് തുറന്നിടും

Published : 18th October 2016 | Posted By: Abbasali tf

കൊച്ചി: ഗതാഗതക്കുരുക്കിനു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഇടപ്പള്ളി ടോള്‍ ജങ്ഷനിലെ റോഡുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തേക്ക് തുറന്നിടാന്‍ ഇന്നലെ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. മുമ്പ് താല്‍ക്കാലികമായി ഏര്‍പെടുത്തിയ ഗതാഗതപരിഷ്‌കരണം പ്രദേശവാസികള്‍ക്കും കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുവെന്ന ജനപ്രതിനിധികളുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും അഭിപ്രായത്തെത്തുടര്‍ന്നാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ ജില്ലാ കലക്ടര്‍ തീരുമാനിച്ചത്. പുതിയ തീരുമാനമനുസരിച്ച് ടോള്‍ ജങ്ഷനില്‍ ഇന്നുമുതല്‍ രണ്ടാഴ്ചത്തേക്ക് റോഡുകള്‍ പൂര്‍ണമായും തുറന്നിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവിടെ ഈ സമയത്തിനുള്ളില്‍ രാവിലെയും വൈകീട്ടുമുള്ള ട്രാഫിക് നിരീക്ഷിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. പ്രദേശത്ത് വാഹനഗതാഗതം നിയന്ത്രിക്കുന്നതിനും സുരക്ഷയ്ക്കുമായി കൂടുതല്‍ പോലിസിനെ നിയോഗിക്കും. കാല്‍നടക്കാര്‍ക്കായി പ്രത്യേക സിഗ്‌നല്‍ ക്രോസിങ് സംവിധാനം ഏര്‍പെടുത്തും. പാലത്തിന് താഴെ യു ടേണ്‍ തല്‍കാലത്തേക്ക് അനുവദിക്കും. അനധികൃതമായി സ്ഥാപിച്ച ഓട്ടോസ്റ്റാന്‍ഡുകളും പാര്‍ക്കിങ്ങും ഒഴിവാക്കും. ഡ്രൈയിനേജ് ഭാഗത്ത് റോഡിനു വീതി കൂട്ടും. കെ ആര്‍ ബേക്കറി ഉള്‍പെടെയുള്ള ഭാഗത്തെ അനധികൃത ഓട്ടോപാര്‍ക്കിങ് ഒഴിവാക്കും. ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് കര്‍ശനമായി നടപ്പാക്കും. ഇടപ്പള്ളി പള്ളിക്കു മുന്നിലെ ബസ് സ്‌റ്റോപ്പ് കുറേക്കൂടി മുന്നിലേക്ക് മാറ്റി സ്ഥാപിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കും. ഈ പരീക്ഷണം വിജയകരമാണെന്നു കണ്ടാല്‍ സ്ഥിരമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ ആര്‍ടിഒ പി എച്ച് സാദിക്ക് അലിയും ട്രാഫിക് സിഐ ബിജോയ് ചന്ദ്രനും പരിഷ്‌കരണങ്ങള്‍ വിശദീകരിച്ചു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍, കെഎംആര്‍എല്‍, ഡിഎംആര്‍സി പ്രതിനിധികള്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക