|    Jun 25 Sun, 2017 3:51 pm
FLASH NEWS

ഇടപ്പള്ളി – അരൂര്‍ ദേശീയ പാത: അശാസ്ത്രീയ ട്രാഫിക് പരിഷ്‌കരണം; ദേശീയപാതയില്‍ അപകടം നിത്യസംഭവം

Published : 21st November 2016 | Posted By: SMR

കൊച്ചി: ഇടപ്പള്ളി-അരൂര്‍ ദേശീയപാതയിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌കരണം മൂലം അപകടം നിത്യസംഭവമാവുന്നു. 12 മണിക്കൂറിനിടെ തൈക്കൂടം യൂടേണില്‍ രണ്ടുതവണയുണ്ടായ അപകടത്തില്‍പെട്ടത് അഞ്ച് വാഹനങ്ങള്‍. ഫയര്‍ഫോഴ്‌സ് റോഡ് കഴുകിയത് രണ്ടുതവണ. ഒരാള്‍ മരിച്ചു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 11 മണിയോടെ കാര്‍ അപകടത്തില്‍പെട്ട് റോഡില്‍ ഓയില്‍ പരന്ന് ഇരുചക്ര വാഹനമുള്‍പെടെ തെന്നിവീഴുകയും ചെയ്തതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പോലിസുമെത്തി റോഡ് കഴുകി വൃത്തിയാക്കുകയുംചെയ്തു. ഈ അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം അടുത്ത അപകടമുണ്ടായി ഒരാള്‍ മരിച്ചു. വൈറ്റിലയില്‍നിന്നും വന്ന സ്വകാര്യ ബസ് എറണാകുളത്തേക്ക് പോവുന്നതിനായി യു ടേണ്‍ എടുത്തു. ഈ സമയം പിന്നിലൂടെ കുണ്ടന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ യു ടേണ്‍ എടുക്കുന്നതിന് മുമ്പ് ബസ്സിനെ മറിക്കടക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ബസ് ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടില്ല. കാര്‍ മറികടക്കുന്നതിന് മുമ്പ് തന്നെ ബസ് കാറിനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ കാര്‍ മറുഭാഗത്തുകൂടെ എറണാകുളത്തേക്ക് വരുകയായിരുന്ന കാറിന് മുകളിലേക്ക് വീണു. അപകടത്തില്‍ രണ്ട് കാറുകളും നിശ്ശേഷം തകര്‍ന്നു. ഇതിനിടെ ഇരുവശത്തുംകൂടി പോവുകയായിരുന്ന മറ്റ് രണ്ട് കാറുകളിലും അപകടത്തില്‍പ്പെട്ട കാറുകള്‍ തട്ടിയെങ്കിലും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇതിന് മുമ്പും നിരവധി അപകടങ്ങള്‍ ഇവിടെ സംഭവിക്കുകയും ഇത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വൈറ്റിലയില്‍ അശാസ്ത്രീയ ട്രാഫിക് പരിഷ്‌കരണം മൂലം വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക