|    Oct 19 Fri, 2018 12:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഇടനിലക്കാരുടെ ചൂഷണം; മലമ്പണ്ടാരങ്ങളുടെ ജീവിതം ദുരിതപൂര്‍ണം

Published : 18th September 2017 | Posted By: fsq

 

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: ഇടനിലക്കാരുടെ ചൂഷണം വര്‍ധിച്ചതോടെ വനവിഭവങ്ങളെ ആശ്രയിച്ചുകഴിയുന്ന ഇടുക്കിയിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണമായി. ചൂഷണത്തിനെതിരേ ആദിവാസി ക്ഷേമവകുപ്പ് നടപടി സ്വീകരിക്കാത്തതും വിനയായിരിക്കുകയാണ്. ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികളും ചില ഓട്ടോ ഡ്രൈവര്‍മാരുമാണ്. സത്രം വനമേഖലയില്‍ മലമ്പണ്ടാരം വിഭാഗത്തില്‍പ്പെട്ട 13 ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതില്‍ നാലു കുടുംബങ്ങള്‍ ഗവി, കോഴിക്കാനം എന്നിവിടങ്ങളിലും ബാക്കിയുള്ളവര്‍ സത്രം കോളനിയിലുമാണ് താമസം. അക്ഷരാഭ്യാസം കുറവായ ഇവര്‍ പുറംലോകവുമായി ബന്ധപ്പെടുന്നത് വളരെ കുറവാണ്. മുഴുസമയവും വനത്തിനുള്ളില്‍ തന്നെയാണ് കഴിയുന്നത്. ആദിവാസി ക്ഷേമവകുപ്പ് സത്രത്തില്‍ ഇവര്‍ക്ക് വീടുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ടെങ്കിലും ചുരുക്കം ചിലര്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ബാക്കിയുള്ളവര്‍ വനത്തിനുള്ളില്‍ താല്‍ക്കാലികമായി നിര്‍മിച്ച പ്ലാസ്റ്റിക് ഷെഡിലാണ് താമസം. കുന്തിരിക്കം, ജാതിപത്രി, തേന്‍ എന്നിവ കാട്ടില്‍ നിന്നു ശേഖരിച്ച് വണ്ടിപ്പെരിയാറിലും പരിസരപ്രദേശങ്ങളിലും എത്തിച്ചു വിറ്റാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. പെരിയാര്‍ കടുവാസങ്കേതത്തിലെ വനത്തില്‍ നിന്നു ശേഖരിച്ചുകൊണ്ടുവരുന്ന സാധനങ്ങള്‍ തലച്ചുമടായാണ് റോഡില്‍ എത്തിക്കുന്നത്. ഇതിനു ശേഷം ഓട്ടോറിക്ഷകളിലാണ് വില്‍പനകേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. സ്ഥിരമായി ഒരേ വാഹനങ്ങളാണ് ഇവര്‍ വിളിക്കുന്നത്. ടാക്‌സി നിരക്കിന്റെ രണ്ടിരട്ടി വരെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇവരില്‍ നിന്ന് ഈടാക്കുന്നത്. ഇതിനു പുറമേ ഡ്രൈവര്‍മാര്‍ സ്ഥിരമായി അവരുടെ ഇഷ്ടകേന്ദ്രങ്ങളായ ചില വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ വില്‍പന നടത്തി കമ്മീഷന്‍ കൈപ്പറ്റിയ ശേഷമാണ് ആദിവാസി കുടുംബങ്ങള്‍ക്ക് കൈമാറുന്നത്. കോഴിക്കാനത്തു നിന്നു വരുന്നവര്‍ വള്ളക്കടവ് ചെക്‌പോസ്റ്റ് വഴിയും സത്രം കോളനിയിലുള്ളവര്‍ മൗണ്ട് വഴിയുമാണ് വണ്ടിപ്പെരിയാറിലേക്ക് കടന്നുപോവുന്നത്. ഇതിനിടെ പ്രദേശവാസികളും വനംവകുപ്പ് ജീവനക്കാരില്‍ ചിലരും ചേര്‍ന്ന് തേനും കുന്തിരിക്കവും കുറഞ്ഞ നിരക്കില്‍ വാങ്ങി ചൂഷണം ചെയ്യല്‍ പതിവാണ്. നിരവധി തവണ ആദിവാസി ക്ഷേമവകുപ്പില്‍ ബന്ധപ്പെട്ടവരെ അറിയിച്ചതാണെങ്കിലും രേഖാമൂലം പരാതി ലഭിച്ചിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്. അമിത മദ്യപന്മാരായ ഇവരെ മദ്യം വാങ്ങി നല്‍കിയും ലഹരിസാധനങ്ങള്‍ വാങ്ങാന്‍ പണം നല്‍കിയുമാണ് ചൂഷണത്തിന് ഇരയാക്കുന്നത്. ഇതിനിടെ, അമിത വാഹനവാടക ആദിവാസികളില്‍ നിന്നു വാങ്ങുന്നതായ പരാതിയില്‍ പോലിസ് രഹസ്യാന്വേഷണ വിഭാഗവും ആദിവാസി ക്ഷേമവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവ് ലഭിച്ചാല്‍ കേസെടുക്കുമെന്നാണ് ആദിവാസി ക്ഷേമവകുപ്പ് അധികൃതരുടെ വിശദീകരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss